Vikas Agarwal BNI
Business Kerala

വികാസ് അഗര്‍വാള്‍ കൊച്ചിക്കാരനും മലയാളിയുമായ കഥ; വെല്ലുവിളികളെ അവസരങ്ങളാക്കി മുന്നേറിയ കഥ

കോവിഡ് കാലത്ത് ലോകത്തിലെ ഏറ്റവും വലിയ റഫറല്‍ നെറ്റ്‌വര്‍ക്കിംഗ് ഓര്‍ഗനൈസേഷന്റെ ഒരു പുതിയ ചാപ്റ്റര്‍, അധികം പരിചയമില്ലാത്ത ഒരു നാട്ടില്‍ തുടങ്ങുക. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുക... വെല്ലുവിളികളെ അവസരങ്ങളാക്കാമെന്ന് കാണിച്ചു തരുകയാണ് വികാസ് അഗര്‍വാള്‍

Dhanam News Desk

അഞ്ച് വര്‍ഷം കൊണ്ട് 20 ചാപ്റ്ററുകള്‍. 1,000 അംഗങ്ങള്‍. കോവിഡ് വ്യാപനം തുടങ്ങിയ നാളുകളില്‍ ആര്‍ക്കും അധികം പരിചിതമല്ലാത്ത സൂം പ്ലാറ്റ് ഫോമിലൂടെ ബിസിനസ് ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്ക് (ബിഎന്‍ഐ) എന്ന ലോകത്തിലെ ഏറ്റവും വലിയ റഫറല്‍ നെറ്റ്‌വര്‍ക്കിംഗ് ഓര്‍ഗൈനേസഷന്‍ തിരുവനന്തപുരത്തെ പുതിയ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യവേ ചാപ്റ്റര്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ വികാസ് അഗര്‍വാള്‍ ഈ പ്രഖ്യാപനം നടത്തിയപ്പോള്‍ കേട്ടവര്‍ അത്ഭുതപ്പെട്ടു. ചിലര്‍ ചിരിച്ചു. പക്ഷെ ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലുള്ളത് 17 ബിഎന്‍ഐ ചാപ്റ്ററുകള്‍. 1,000 ത്തോളം അംഗങ്ങളും. മൂന്ന് ചാപ്റ്ററുകള്‍ ഉടന്‍ രൂപീകൃതമാകും.

വികാസ് അഗര്‍വാള്‍ ഡെന്റ് കെയര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായി ജോണ്‍ കുര്യാക്കോസിനൊപ്പം.

കോവിഡ് കാലത്ത് വികാസ് അഗര്‍വാള്‍ മുന്നില്‍വെച്ച ലക്ഷ്യം നേടിയിരിക്കുന്നു. ''2014 ജനുവരി മുതല്‍ ബിഎന്‍ഐ കൊച്ചിയില്‍ പ്രവര്‍ത്തിച്ച പരിചയം എനിക്കുണ്ട്. തിരുവനന്തപുരം ചാപ്റ്ററിന്റെ ഫ്രാഞ്ചൈസി എടുക്കാന്‍ പെട്ടെന്നാണ് ചിന്ത വന്നത്. ഏതാണ്ട് 22 ഓളം പേര്‍ ഈ ചാപ്റ്ററിന്റെ ഫ്രാഞ്ചൈസിക്കായി ശ്രമിച്ചിട്ടും അതെല്ലാം നിരസിക്കപ്പെട്ടിരുന്നു. പക്ഷേ ഞാന്‍ ശ്രമിച്ചു. 2020 മാര്‍ച്ച് ഒന്നിന് തിരുവനന്തപുരം ഫ്രാഞ്ചൈസി ലഭിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ലോക്ക്ഡൗണും പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ, 39 ദിവസങ്ങള്‍ക്കുള്ളില്‍ 37 പേരുമായി തിരുവനന്തപുരത്തെ ആദ്യ ബിഎന്‍ഐ ചാപ്റ്റര്‍ ബിഎന്‍ഐ മജസ്റ്റിക്കിന് തുടക്കമിടാന്‍ സാധിച്ചു,'' വികാസ് അഗര്‍വാള്‍ പറയുന്നു.

കൊച്ചിയിലാണ് വികാസ് അഗര്‍വാള്‍ ജനിച്ചുവളര്‍ന്നത്. പിതാവ് വിഷ്ണു അഗര്‍വാള്‍ റബര്‍ ബിസിനസിലായിരുന്നു. എംബിഎ പഠനത്തിന് വേണ്ടി മാത്രമാണ് വികാസ് കേരളം വിട്ട് പുറത്തുപോയത്. വികാസിന് 22 വയസുള്ളപ്പോള്‍ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ക്യാമ്പസ് സെലക്ഷന്‍ വഴി കിട്ടിയ ജോലിയും ഉപേക്ഷിച്ച് പിതാവിന്റെ ബിസിനസ് ഏറ്റെടുക്കേണ്ടി വന്നു. 2013ലാണ് കൊച്ചിയില്‍ ബിഎന്‍ഐ ചാപ്റ്റര്‍ തുടങ്ങുന്നത്. 2014 മുതല്‍ ബിഎന്‍ഐയില്‍ സജീവ അംഗവുമായി. ആ പ്രവര്‍ത്തനപരിചയ സമ്പത്തുമായാണ് തിരുവനന്തപുരം ചാപ്റ്റര്‍ ഫ്രാഞ്ചൈസി വികാസ് സ്വന്തമാക്കിയത്.

ആഴ്ചയില്‍ ഒരു ദിവസം ഒത്തുകൂടി വ്യക്തിത്വ വികസനത്തിനും ബിസിനസ് വളര്‍ച്ചയ്ക്കുമെല്ലാം വേണ്ട നെറ്റ്‌വര്‍ക്കിംഗ് നടത്തുന്ന ശൈലിയാണ് ലോകമെമ്പാടും ബിഎന്‍ഐയുടേത്.

''പങ്കാളിത്തത്തിലൂടെ, ബിസിനസ് അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിലൂടെ ഓരോരുത്തര്‍ക്കും വളരാനുള്ള പ്ലാറ്റ്‌ഫോമാണ് ബിഎന്‍ഐ. ലോകത്ത് എല്ലാവരും എല്ലാം സ്വന്തമാക്കാന്‍ പ്രയത്‌നിക്കുമ്പോള്‍ ബിഎന്‍ഐ അംഗങ്ങള്‍ എല്ലാം ആദ്യം മറ്റുള്ളവരുടെ വളര്‍ച്ചയ്ക്കായി നല്‍കാന്‍ ശ്രമിക്കുന്നു. നല്‍കുന്നതിലൂടെ നേട്ടമുണ്ടാക്കുന്നതിന്റെ സൗന്ദര്യമാണ് ബിഎന്‍ഐയില്‍ കാണാനാവുക. ഇത് ഒരുതരത്തിലുള്ള മനോഭാവ മാറ്റമാണ്,'' വികാസ് അഗര്‍വാള്‍ പറയുന്നു.

കോവിഡ് കാലത്ത് തിരുവനന്തപുരം ചാപ്റ്റര്‍ തുടങ്ങുമ്പോള്‍ ഒരിടത്ത് എല്ലാവര്‍ക്കും ഫിസിക്കലായി ഒത്തുകൂടാന്‍ സാധിക്കില്ലായിരുന്നു. ''അന്ന് എനിക്കും സൂം അത്ര പരിചിതമല്ല. പക്ഷേ ദിവസങ്ങള്‍ കൊണ്ട് അതിലൂടെ മീറ്റിംഗ് നടത്താന്‍ സാധിച്ചു. ബിസിനസുകാര്‍ ഏറെ ബുദ്ധിമുട്ടിലും, എന്താണ് ഇനി സംഭവിക്കുകയെന്ന ആശങ്കയിലും കഴിഞ്ഞിരുന്ന അവസ്ഥയില്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ മീറ്റിംഗ് നടത്തി, രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങി അവരെ അംഗങ്ങളാക്കി, അവരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കാന്‍ സാധിച്ചു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എങ്ങനെ അതൊക്കെ നടന്നുവെന്ന് ഞാന്‍ തന്നെ അത്ഭുതപ്പെടാറുണ്ട്.'' 2021 ഡിസംബറോടെ ആറ് ചാപ്റ്ററുകള്‍ തിരുവനന്തപുരത്ത് രൂപീകരിക്കാന്‍ വികാസിന് സാധിച്ചു. മൊത്തം അംഗങ്ങളുടെ എണ്ണം 250ലെത്തുകയും ചെയ്തു.

1,100 കോടി രൂപയുടെ ബിസിനസ്!

അഞ്ച് വര്‍ഷം കൊണ്ട് തിരുവനന്തപുരം ബിഎന്‍ഐ ബിസിനസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളും പ്രൊഫഷണലുകളുമെല്ലാം സജീവ അംഗങ്ങളാണ്. ഇക്കാലയളവില്‍ 1,100 കോടി രൂപ മൂല്യമുള്ള ബിസിനസുകള്‍ നടത്താന്‍ ഈ പ്ലാറ്റ്‌ഫോമിന് സാധിച്ചിട്ടുണ്ടെന്ന് വികാസ് അഗര്‍വാള്‍ പറയുന്നു. ''രേഖകളിലുള്ള ഈ മൂല്യത്തിനപ്പുറമുള്ള ബിസിനസും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും. ബിസിനസ് വളര്‍ച്ചയ്‌ക്കൊപ്പം വ്യക്തിത്വ വികസനത്തിലും ലീഡര്‍ഷിപ്പ് വളര്‍ത്തുന്നതിലും ബിഎന്‍ഐ വഹിച്ച പങ്ക് നിര്‍ണായകമാണ്. ഓരോ വ്യക്തിയിലും ഇക്കാലത്തിനിടെ വന്ന മാറ്റമാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നതും,'' വികാസ് ചൂണ്ടിക്കാട്ടുന്നു.

ബിഎന്‍ഐ തിരുവനന്തപുരം ചാപ്റ്ററിന്റെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം.

ബിഎന്‍ഐ തിരുവനന്തപുരം ചാപ്റ്ററിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ വിപുലമായി തന്നെയാണ് സംഘടിപ്പിക്കപ്പെടുന്നത്. ബോളന്റ് ഇന്‍ഡസ്ട്രീസിന്റെ ശ്രീകാന്ത് ബോള, ഡെന്റ്‌കെയറിന്റെ ജോണ്‍ കുര്യാക്കോസ് തുടങ്ങിയ സംരംഭക പ്രതിഭകള്‍ തങ്ങളുടെ സംരംഭക ജീവിത കഥ തിരുവനന്തപുരം ബിഎന്‍ഐ ചാപ്റ്റര്‍ വാര്‍ഷിക ആഘോഷ വേളകളില്‍ പങ്കുവെയ്ക്കാനെത്തിയിട്ടുണ്ട്. ചാപ്റ്റര്‍ അംഗങ്ങളുടെ കൂട്ടായ്മ ദൃഢമാക്കാനും അവരുടെ കലാപരമായ കഴിവുകള്‍ പുറത്തുകൊണ്ടുവരാനും വേണ്ടിയുള്ള കള്‍ച്ചറല്‍ പരിപാടികളും കൃത്യമായി സംഘടിപ്പിക്കപ്പെടുന്നു. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് തിരുവനന്തപുരം ബിഎന്‍ഐ. ഒപ്പം ചടുലമായ പ്രവര്‍ത്തനങ്ങളോടെ അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്രയിലും.

''ആലോചന മാത്രം പോര, പ്രവര്‍ത്തിക്കൂ''

ബിസിനസിനായി അപരിചിത ദേശങ്ങളിലേക്ക് പോകാന്‍ മടിക്കാത്തവരാണ് അഗര്‍വാളുകള്‍. കൊച്ചി വിട്ട് തിരുവനന്തപുരത്ത് പോയി ബിഎന്‍ഐ ചാപ്റ്റര്‍ തുടങ്ങാന്‍ വികാസ് അഗര്‍വാളിനെ പ്രേരിപ്പിച്ചതും ഈ ജീന്‍ തന്നെ. ബിഎന്‍ഐ കെട്ടിപ്പടുത്തതിനെയും ഭാവി ലക്ഷ്യങ്ങളെയും കുറിച്ച് വികാസ് അഗര്‍വാള്‍ പറയുന്നു.

ഒരുപാട് ആലോചിച്ചാല്‍ ഒരുപക്ഷേ ഒന്നും ചെയ്യാന്‍ പറ്റില്ല. തീരുമാനമെടുക്കുക. ചാടിയിറങ്ങി പ്രവര്‍ത്തിക്കുക. കാര്യങ്ങള്‍ നേരെ വരും. എന്റെ ശൈലിയിതാണ്. തിരുവനന്തപുരത്തേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ അവിടത്തെ ബിസിനസ് സാഹചര്യങ്ങള്‍, വ്യക്തികള്‍, അവരുടെ മനോഭാവം ഒന്നും ചിന്തിച്ചില്ല. മറ്റിടങ്ങളുമായി താരതമ്യവും ചെയ്തില്ല. ആളുകളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ കാര്യങ്ങള്‍ ശരിയായി തന്നെ വരും.

ട്രഡീഷന്‍ പ്ലസ് ഇന്നൊവേഷന്‍

ബിഎന്‍ഐയുടെ പ്രവര്‍ത്തന രേഖയില്‍ തന്നെയുള്ള കാര്യമാണിത്. പരമ്പരാഗതമായി നടക്കുന്ന കാര്യങ്ങളില്‍ നൂതനമായ രീതികള്‍ കൊണ്ടുവന്ന് ആധുനികവല്‍ക്കരിക്കണം. ആദ്യമായി സൂം വഴി ബിഎന്‍ഐ മീറ്റിംഗ് നടത്തിയപ്പോള്‍ ഞാന്‍ ശ്രമിച്ചതും അതിനാണ്. ഇപ്പോള്‍ ഇ-മെയ്‌ലുകള്‍ അങ്ങനെ അധികം പേര്‍ ശ്രദ്ധിക്കില്ല. അതുകൊണ്ട് വാട്‌സാപ്പ് ചാറ്റ് ബോട്ടില്‍ നിക്ഷേപം നടത്തി ബിഎന്‍ഐ തിരുവനന്തപുരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത് അതുവഴിയാണ്.

2030ല്‍ 3,000 അംഗങ്ങള്‍

2025ല്‍ 20 ചാപ്റ്റര്‍ 1,000 അംഗങ്ങള്‍ എന്ന ലക്ഷ്യം കൈവരിച്ചു. ഇനി ബിഎന്‍ഐ തിരുവനന്തപുരത്തിന്റെ അടുത്ത ലക്ഷ്യം 2030ല്‍ 3,000 അംഗങ്ങള്‍ എന്നതാണ്.

നിരന്തര പ്രവര്‍ത്തനം, നിരന്തര ഉല്ലാസം

ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു എന്നൊന്നും ഞാന്‍ നോക്കാറില്ല. ബിഎന്‍ഐയുടെ കാര്യങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്ന് ദിവസം മാറ്റിവെയ്ക്കും. അഗര്‍വാള്‍ സണ്‍സ് എന്ന പേരില്‍ പ്രകൃതിദത്ത റബറിന്റെ ബിസിനസുണ്ട്. കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് നിര്‍മാണ രംഗത്ത് കമ്പനിയുണ്ട്. ഭാര്യ ശീതള്‍ അഗര്‍വാളിന് ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമുണ്ട്. നിരന്തരം പ്രവര്‍ത്തിച്ച് അതിലൂടെ ഉല്ലാസം കണ്ടെത്തുന്നതിനാല്‍ ഒന്നിനും സമയമില്ലെന്ന പരാതിയുമില്ല.

BNI celebrations

തിരുവനന്തപുരത്ത് വരുന്നു, മെഗാ എക്സ്പോ

ബിഎന്‍ഐ തിരുവനന്തപുരം ചാപ്റ്റര്‍ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നഗരത്തില്‍ വിപുലമായ എക്‌സ്‌പോയാണ് സംഘടിപ്പിക്കപ്പെടുന്നത്. കാര്യവട്ടത്തെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ നടക്കുന്ന എക്‌സ്‌പോയില്‍ വ്യത്യസ്ത മേഖലകളിലുള്ളവര്‍ അണിനിരക്കും. ''ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ നല്‍കുന്നവര്‍ മുതല്‍ ബില്‍ഡേഴ്‌സും ജൂവല്ലേഴ്‌സും വരെ ഒരു കുടക്കീഴില്‍ വരുന്ന എക്‌സ്‌പോയാകും ഇത്. തിരുവനന്തപുരം നഗരിക്ക് പരിചിതമില്ലാത്ത വിധം പുതിയൊരു കെട്ടിലും മട്ടിലും എക്‌സ്‌പോ അണിയിച്ചൊരുക്കാനാണ് ശ്രമം,'' വികാസ് അഗര്‍വാള്‍ പറയുന്നു. ദേശീയതലത്തില്‍ വ്യത്യസ്ത രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ പ്രഭാഷകരായെത്തും. സൂരജ് സന്തോഷ് ലൈവ് ഷോ പോലെ പത്തിലേറെ പരിപാടികളും വേദിയില്‍ അരങ്ങേറും. രുചിവൈവിധ്യങ്ങള്‍ നിരക്കുന്ന ഫുഡ് കോര്‍ട്ടുകളും ഇതിനൊപ്പമുണ്ടാകും.

പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഈ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക

BNI MEGA EXPO

(ധനം മാഗസിന്‍ മാര്‍ച്ച് 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT