Business Kerala

ഇന്ത്യൻ കുടുംബങ്ങളിലെ സ്വർണ സമ്പാദ്യം വികസിത ഭാരത ലക്ഷ്യത്തിന് മുതൽക്കൂട്ട് - വി.പി നന്ദകുമാർ

ധനം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങി

Dhanam News Desk

രാജ്യത്തെ കുടുംബങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ മൂല്യം ഏകദേശം 4 ട്രില്യണ്‍ യു.എസ്. ഡോളര്‍ വരെയാണെന്നും ഈ സമ്പത്ത് ക്രിയാത്മകമായി വിനിയോഗിക്കാന്‍ സാധിച്ചാല്‍ 32 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ ലക്ഷ്യമിടുന്ന 'വികസിത് ഭാരത് 2047' എന്ന സ്വപ്നത്തിലേക്ക് രാജ്യത്തിന് വലിയ കുതിച്ചുചാട്ടം നടത്താനാകുമെന്നും മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാര്‍. ധനം ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനും എല്‍.ഐ.സി മുന്‍ ചെയര്‍മാനുമായ എം.ആര്‍. കുമാറാണ് പുരസ്‌കാരം സമ്മാനിച്ചത്.

കുടുംബങ്ങളില്‍ നിഷ്‌ക്രിയമായി ഇരിക്കുന്ന സ്വര്‍ണസമ്പത്ത് പണമാക്കി മാറ്റി ഉല്‍പ്പാദനക്ഷമമായ ആവശ്യങ്ങളിലേക്ക് കൊണ്ടുവരാനായാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട മുന്നേറ്റത്തില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിലേക്കുള്ള (MSME) വായ്പാ വിതരണത്തില്‍ ഗോള്‍ഡ് ലോണിന്റെ പ്രാധാന്യം അടുത്തിടെ ഗവണ്‍മെന്റും അംഗീകരിച്ചിട്ടുണ്ട്. 1996-ല്‍ ആദ്യമായി സ്വര്‍ണപ്പണയ വായ്പയെ എന്‍.ബി.എഫ്.സി (NBFC) മേഖലയിലേക്ക് കൊണ്ടുവന്നത് മണപ്പുറത്തിന്റെ ചരിത്രത്തിലെ അഭിമാനകരമായ ഏടാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്ന് ഗോള്‍ഡ് ലോണ്‍ എന്ന ആശയം ആര്‍ക്കും വേഗത്തില്‍ മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. പണമിടപാടുകാര്‍ ചെയ്യുന്ന ബിസിനസല്ലേ ഇതെന്നും ഇവിടെ എന്‍.ബി.എഫ്.സി-യുടെ റോള്‍ എന്താണെന്നും ചോദിച്ച് ബാങ്കര്‍മാര്‍ പോലും ധനസഹായം നല്‍കാന്‍ മടിച്ചിരുന്ന കാലമുണ്ടായിരുന്നു. ഗോള്‍ഡ് ലോണ്‍ എങ്ങനെയാണ് നല്‍കുന്നതെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ ഫോട്ടോകള്‍ എടുത്ത് കാണിക്കേണ്ടി വന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്.

കാലക്രമേണ വായ്പാ മേഖലയുടെ വലിയൊരു ഭാഗമായി ഗോള്‍ഡ് ലോണ്‍ മാറി. ഇന്ന് ഓരോ ബാങ്കറും ഗോള്‍ഡ് ലോണിനെക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നും, ധനനയവുമായി (മോണിറ്ററി പോളിസി) ബന്ധപ്പെട്ട ഏത് അവതരണത്തിലും ഗോള്‍ഡ് ലോണ്‍ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) സമാഹരിക്കുന്നതിലും മണപ്പുറം മുന്നേറ്റം നടത്തി. ഏതൊരു എന്‍.ബി.എഫ്.സി-യിലും വച്ച് ഏറ്റവും കൂടുതല്‍ എഫ്.ഡി.ഐ കൊണ്ടുവരാന്‍ മണപ്പുറത്തിന് സാധിച്ചതിലും, എഫ്.ഐ.പി.ബി (FIPB) വഴിയും മറ്റും വലിയ ഓഹരി നിക്ഷേപം സമാഹരിക്കാനായതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

സ്വര്‍ണപ്പണയ വായ്പയും എന്‍.ബി.എഫ്.സി മേഖലയും വളര്‍ന്നതോടെ കേരളത്തിലെ ചെറുകിട വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും അടിയന്തര മൂലധന ആവശ്യങ്ങള്‍ക്കായി ആശ്രയിക്കാവുന്ന സുതാര്യമായ സംവിധാനമാണ് ശക്തിപ്പെട്ടത്. കുടുംബങ്ങളിലെ സ്വര്‍ണസമ്പത്ത് ഉല്‍പ്പാദനക്ഷമമായ ആവശ്യങ്ങളിലേക്ക് മാറ്റുന്നതിലൂടെ പ്രാദേശിക ബിസിനസുകള്‍ക്കും എം.എസ്.എം.ഇ സംരംഭങ്ങള്‍ക്കും കൂടുതല്‍ കരുത്ത് പകരാന്‍ ഈ മേഖലയ്ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ. വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണറും ബി.എഫ്.എസ്.ഐ അഡൈ്വസറി കമ്മിറ്റി അംഗവുമായ എ. ഗോപാലകൃഷ്ണന്‍, ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് മേനോന്‍, ധനം ബിസിനസ് മീഡിയ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി & സി.ഇ.ഒ മഹേഷ് മുരളീധര്‍ പൈ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് (കേരള) രക്ഷാധികാരിയും അവാര്‍ഡ് ജൂറി അംഗവുമായ ഏബ്രഹാം തരിയന്‍, വര്‍മ്മ ആന്‍ഡ് വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT