Image Courtesy: Canva 
Business Kerala

ഉപയോഗിക്കാം, ഭൂസമ്പത്ത്; കേരളം കുതിക്കും!

കേരളത്തില്‍ ഫലപ്രദമായി ഉപയോഗിക്കാത്ത ഒന്നാണ് ഭൂമി. ആ രീതി മാറ്റിയാല്‍ വളര്‍ച്ച അതിവേഗമാകും

Dhanam News Desk

കെ. ശാന്തകുമാര്‍

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, മനുഷ്യവികസനം എന്നീ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിനകത്തും പുറത്തും മാതൃകയായി അംഗീകരിക്കപ്പെട്ടവയാണ്. എന്നാല്‍ ഈ നേട്ടങ്ങള്‍ക്കിടയിലും സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വര്‍ധിച്ചുവരുന്ന പൊതുകടം, ക്ഷേമപദ്ധതികള്‍ക്കായുള്ള ചെലവുകള്‍ ഏറിവരുന്നത്, അധിക വരുമാനം കണ്ടെത്താനുള്ള വഴികള്‍ സര്‍ക്കാറിന് മുന്നില്‍ ചുരുങ്ങിവരുന്നത് തുടങ്ങിയവയെല്ലാം അടിസ്ഥാനസൗകര്യ വികസനത്തിനും ഭാവി വളര്‍ച്ചക്കുമുള്ള നിക്ഷേപം പരിമിതപ്പെടുത്തുകയാണ്.

ഇത് കേരളം നേരിടുന്ന വലിയൊരു വൈരുധ്യമാണ്. സാമൂഹിക വികസനത്തില്‍ മുന്നില്‍നില്‍ക്കുന്ന ഒരു സംസ്ഥാനം, സ്വന്തം വികസന സ്വപ്‌നങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ സാമ്പത്തിക ശേഷിയില്ലാതെ ബുദ്ധിമുട്ടുന്നു. ഈ വെല്ലുവിളി അതിജീവിക്കാന്‍ കൂടുതല്‍ നികുതി ചുമത്തുകയോ, അമിതമായി കടമെടുക്കുകയോ ചെയ്യാതെ സമ്പത്ത് സൃഷ്ടിക്കാനുള്ള പുതിയ വഴികള്‍ കേരളം കണ്ടെത്തേണ്ടതുണ്ട്.

ഇവിടെയുണ്ടൊരു അക്ഷയഖനി

കേരളത്തിന്റെ ഏറ്റവും അമൂല്യമായ വിഭവസമ്പത്താണ് ഭൂമി. ഫലഭൂയിഷ്ഠമായ മണ്ണ്, സമൃദ്ധമായ മഴ, വിശാലമായ കടല്‍ത്തീരം, വിനോദസഞ്ചാര സാധ്യതകള്‍ എന്നിവ ഭൂമിയെ സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ആസ്തികളിലൊന്നാക്കി മാറ്റുന്നു. അതിലുപരി, ഭൂമിയുടെ ഉടമസ്ഥാവകാശം കേരളത്തില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. അതിനാല്‍ ഭൂമിയുടെ ഉല്‍പാദനക്ഷമത വര്‍ധിച്ചാല്‍ സമ്പത്ത് ഏതാനും പേരില്‍ കേന്ദ്രീകരിക്കാതെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിക്കാനാകും.എന്നാല്‍ സംസ്ഥാനത്തെ വലിയൊരളവിലുള്ള ഭൂമി ഇപ്പോഴും സാമ്പത്തികമായി പ്രയോജനപ്പെടുത്തപ്പെടാതെ കിടക്കുകയാണ്. പ്രശ്നം വിഭവങ്ങളുടെ അഭാവമല്ല, ലഭ്യമായ വിഭവങ്ങളെ ഉല്‍പാദനക്ഷമമായി വിനിയോഗിക്കാന്‍ കഴിയാത്തതാണ്.

കുതിപ്പ് തടയുന്ന നൂലാമാലകള്‍

പല കാലങ്ങളായി നടപ്പാക്കപ്പെട്ട നിയമപരവും ഭരണപരവുമായ ഒട്ടനവധി ചട്ടങ്ങള്‍ ഭൂമിയുടെ ഉല്‍പാദനപരമായ ഉപയോഗത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. പക്ഷേ നിലവിലുള്ള സംവിധാനങ്ങള്‍ അനുമതികള്‍ ലഭിക്കാന്‍ സുദീര്‍ഘമായ കാലതാമസത്തിന് കാരണമാകുന്നുണ്ട്. മാത്രമല്ല ചട്ടങ്ങള്‍ പാലിക്കാന്‍ വേണ്ടി വലിയ ചെലവ് വേണം.

ഇതിന്റെ ഫലമായി നിരവധി ഭൂവുടമകള്‍ക്ക് തങ്ങളുടെ ഭൂമി സാമ്പത്തികമായി പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിക്ഷേപത്തിനും തൊഴില്‍ സൃഷ്ടിക്കും സര്‍ക്കാര്‍ വരുമാന വര്‍ധനക്കും സഹായകമാകേണ്ട ഭൂമി നടപടിക്രമങ്ങളുടെ സങ്കീര്‍ണതകളില്‍ കുടുങ്ങിക്കിടക്കുന്നു. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വികസനവും തമ്മില്‍ സന്തുലിതമായ സമീപനം കേരളം സ്വീകരിക്കേണ്ടതുണ്ട്. കേരളത്തില്‍ ഉറങ്ങിക്കിടക്കുന്ന സാധ്യതകളെ ഉണര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ 'കേരള ലാന്‍ഡ് വെല്‍ത്ത് മിഷന്‍' ആരംഭിക്കണം. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, ജനപങ്കാളിത്തം ഉറപ്പാക്കുക, സുസ്ഥിര വികസന രീതികള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയെ ഉല്‍പാദനക്ഷമമായ സാമ്പത്തിക ആസ്തികളാക്കി മാറ്റുക എന്നതായിരിക്കും ഈ ദൗത്യത്തിന്റെ ലക്ഷ്യം. അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് ഉത്തരവാദിത്തത്തോടെയും പരിസ്ഥിതി സൗഹൃദമായും ഭൂമിയെ പ്രയോജനപ്പെടുത്തുകയുമാണ് ഇതിന്റെ ഉദ്ദേശ്യം. ഇത്തരമൊരു സമീപനം ഭൂമിയെ ഒരു നിഷ്‌ക്രിയ ആസ്തിയില്‍ നിന്ന് സാമ്പത്തിക വളര്‍ച്ചയുടെ സജീവ പ്രേരകശക്തിയായി മാറ്റും.

ഭൂമിയുടെ തരംമാറ്റം

ഭൂമിയുടെ തരംമാറ്റം സ്ഥലമുടമകള്‍ക്ക് സ്വയം ചെയ്യാന്‍ പറ്റുന്ന രീതിയാണ് ഈ നിര്‍ദിഷ്ട പദ്ധതിയുടെ നെടുംതൂണ്‍. നിലവില്‍ ഇതിന് നൂലാമാലകള്‍ ഏറെയാണ്. അതിന് പകരം ഭൂവുടമകള്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച്, നിശ്ചിത ഫീസടച്ചാല്‍ സുതാര്യവും സമയബന്ധിതവുമായ നടപടിക്രമങ്ങളിലൂടെ ഭൂമിയുടെ ഉപയോഗം മാറ്റാന്‍ അവസരം നല്‍കാം. തുടര്‍ന്ന് നിശ്ചിത സമയപരിധിക്കുള്ളില്‍ ഭൂമിയുടെ രേഖകള്‍ പുതുക്കുകയും ചെയ്യാം.

ഇത്തരം സംവിധാനം നടപടിക്രമങ്ങളിലെ കാലതാമസം കുറക്കുകയും അനിശ്ചിതത്വം ഇല്ലാതാക്കുകയും നിയമാനുസൃത നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതേസമയം ആവശ്യമായ നിയന്ത്രണങ്ങളും നിലനിര്‍ത്താനാകും.

പരിസ്ഥിതി സംരക്ഷണമെന്ന പേരില്‍ വികസനത്തെ കൂച്ചുവിലങ്ങിട്ട് നിര്‍ത്തേണ്ടതില്ല. ഹോര്‍ട്ടിക്കള്‍ച്ചര്‍, പഴവര്‍ഗങ്ങളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷി, തെങ്ങിന്‍തോപ്പ്, അഗ്രോ ഫോറസ്ട്രി തുടങ്ങി 'ഗ്രീന്‍ ആക്ടിവിറ്റീസിനാ'യി ഭൂമി തരംമാറ്റുന്നതിന് കുറഞ്ഞ ഫീസ് മാത്രമെ ഈടാക്കാന്‍ പാടുള്ളൂ. മാത്രമല്ല മറ്റ് ഇളവുകളും നല്‍കണം. ഇങ്ങനെ ചെയ്താല്‍ ഭൂമി ക്രിയാത്മകമായി വിനിയോഗിക്കപ്പെടും. അതുവഴി സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുകയും പരിസ്ഥിതി സംരക്ഷിക്കപ്പെടുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണം ഏറ്റവും ഫലപ്രദമാകുന്നത് അത് സാമ്പത്തികമായും പ്രയോജനകരമാകുമ്പോഴാണ്.

തോട്ടം ഭൂമി നയം

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വലിയ സാധ്യതകള്‍ തുറന്നുകിടക്കുന്ന മറ്റൊരു മേഖലയാണ് തോട്ടം മേഖല. സംസ്ഥാനത്തെ വിശാലമായ തോട്ടം ഭൂമികളില്‍ പലതും ഇന്ന് സാമ്പത്തികമായി ലാഭകരമല്ല. എന്നാല്‍ കാലഹരണപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കാരണം അവയ്ക്ക് പുതിയ സാധ്യതകള്‍ തേടാനാകുന്നില്ല. ഇതിനുള്ള പരിഹാരമായി 'പ്ലാന്റേഷന്‍ ലാന്‍ഡ് റിന്യൂവല്‍ പോളിസി' (ജഹമിമേശേീി ഘമിറ ഞലിലംമഹ ജീഹശര്യ) നടപ്പാക്കാം. കര്‍ശനമായ നിയന്ത്രണങ്ങളോടെയും വ്യക്തമായ മാനദണ്ഡങ്ങളോടെയും തോട്ടം ഭൂമികളെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം (ഋരീീtuൃശാെ), അഗ്രോ-പ്രോസസിങ് ക്ലസ്റ്ററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ പാര്‍ക്കുകള്‍, ഗ്രാമീണ സംരംഭകത്വ മേഖലകള്‍, നൈപുണ്യ വികസന ക്യാമ്പസുകള്‍ തുടങ്ങിയ പുതിയ ഉപയോഗങ്ങളിലേക്ക് വൈവിധ്യവല്‍ക്കരിക്കാന്‍ ഈ നയം അവസരമൊരുക്കും.ഇത്തരം പരിഷ്‌കാരങ്ങള്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും നിലവില്‍ സാമ്പത്തിക മാന്ദ്യം നേരിടുന്ന മേഖലകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

നികുതി കൂട്ടാതെ വരുമാനം കൂട്ടാം

ലാന്‍ഡ് വെല്‍ത്ത് മിഷന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് അതിന്റെ ധനകാര്യ സാധ്യത. പരമ്പരാഗതമായി സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കാന്‍ നികുതി കൂട്ടുന്നതാണ് പതിവ്. എന്നാല്‍ ഭൂമിയെ ഉല്‍പാദനക്ഷമമായി ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ കണ്‍വെര്‍ഷന്‍ ഫീസ്, രജിസ്ട്രേഷന്‍ ഫീസ്, ടൂറിസം അനുബന്ധ വരുമാനം, എന്‍വയോണ്‍മെന്റ് കംപ്ലയന്‍സസ് ഫീസ്, സ്വകാര്യ നിക്ഷേപം സൃഷ്ടിക്കുന്ന സാമ്പത്തിക വളര്‍ച്ച എന്നിവ വഴി സര്‍ക്കാറിന് ഗണ്യമായ അധിക വരുമാനം നേടാനാകും.ചുരുക്കത്തില്‍, കൂടുതല്‍ നികുതി ചുമത്തിയല്ല, കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചാണ് കേരളത്തിന് വരുമാനം വര്‍ധിപ്പിക്കാനാകുക.ഭൂമിയുടെ ഉല്‍പാദനപരമായ ഉപയോഗത്തിന്റെ ഗുണഫലങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് മാത്രമായി ഒതുങ്ങുന്നതല്ല.

നിര്‍മാണം, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ചെറുകിട വ്യാപാര മേഖല, അഗ്രോ - പ്രോസസിങ് തുടങ്ങിയ നിരവധി മേഖലകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടും. കേരളത്തിലെ എല്ലാ ജില്ലകളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആഭ്യന്തര ഡിമാന്‍ഡ് ഉയരും. പ്രാദേശിക തലത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ചടുലമാകും. ഉല്‍പാദനക്ഷമമായി ഉപയോഗത്തിലേക്ക് വരുന്ന ഓരോ ഏക്കര്‍ ഭൂമിയും പല തലങ്ങളിലായി സാമ്പത്തിക മൂല്യം സൃഷ്ടിക്കുന്ന ഒന്നായി മാറും.വലിയ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രയോജനം ചെയ്യുന്ന നിരവധി സാമ്പത്തിക

പരിഷ്‌കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കേരളത്തിലെ ഭൂമി പരിഷ്‌കാരങ്ങള്‍ സാധാരണ കുടുംബങ്ങള്‍ക്കും നേരിട്ട് ഗുണം ചെയ്യാന്‍ കഴിയും.

കേരളത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ ഭൂമിയുടെ മൂല്യം ഉയരുന്നത് കുടുംബങ്ങളുടെ ആസ്തിമൂല്യം വര്‍ധിപ്പിക്കുകയും ഗ്രാമീണ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സമൂഹങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും. ഇതുവഴി രൂപപ്പെടുന്ന സമൃദ്ധി സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിക്കും.

അപാര സാധ്യത

പ്രാഥമിക കണക്കുകള്‍ പ്രകാരം, കേരളത്തില്‍ ഇന്ന് ഫലപ്രദമായി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയുടെ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ മാത്രം ഉല്‍പാദനക്ഷമമായി ഉപയോഗത്തിലേക്ക് കൊണ്ടുവന്നാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 കോടി മുതല്‍ 80,000 കോടി രൂപ വരെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാനത്തിന് കഴിയും. അതോടൊപ്പം ഭൂമി പരിവര്‍ത്തന ഫീസ്, രജിസ്ട്രേഷന്‍ ചാര്‍ജുകള്‍, ടൂറിസം വരുമാനം, അനുബന്ധ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ 12,000 കോടി മുതല്‍ 18,000 കോടി രൂപ വരെ അധിക സര്‍ക്കാര്‍ വരുമാനവും ലഭിക്കാനിടയുണ്ട്. പൗരന്മാര്‍ക്ക് അധിക നികുതി ചുമത്താതെ തന്നെ നിക്ഷേപം വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ ധനസ്ഥിതി മെച്ചപ്പെടുത്താനും ഇത്ര ശക്തമായ സാധ്യതകള്‍ നല്‍കുന്ന നയപരിഷ്‌കാരങ്ങള്‍ വളരെ വിരളമാണ്.

കേരളത്തിന് വിഭവങ്ങളുടെ കുറവില്ല; അവയുടെ സാധ്യതകള്‍ തുറന്നുവിടാനുള്ള സംവിധാനങ്ങളുടെ കുറവാണുള്ളത്. ശരിയായ രീതിയില്‍ രൂപകല്‍പന ചെയ്ത ലാന്‍ഡ് വെല്‍ത്ത് മിഷന്‍ വഴി ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയെ സാമ്പത്തിക വളര്‍ച്ചയുടെ ശക്തമായ എന്‍ജിനാക്കി മാറ്റാന്‍ കഴിയും. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സര്‍ക്കാര്‍ ധനസ്ഥിതി മെച്ചപ്പെടുത്തുകയും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും സമൃദ്ധി കൈവരിക്കാന്‍ വഴിയൊരുക്കുകയും ചെയ്യും.കേരളം തേടുന്ന സമ്പത്ത് ഒരുപക്ഷേ മറ്റെവിടെയുമല്ല, സ്വന്തം മണ്ണിനടിയില്‍ തന്നെ ഒളിഞ്ഞുകിടക്കുന്നതാകാം.

(ചാര്‍ട്ടേര്‍ഡ് അക്കൗïന്റായ ലേഖകന്‍ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് തൃശൂര്‍ ചാപ്റ്റര്‍ പ്രസിഡന്റാണ്. തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. മാബെന്‍ നിധി ലിമിറ്റഡ് മുന്‍ ചെയര്‍മാനുമാണ്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT