Business Kerala

ലാഭം 72% കുതിച്ച് ₹112 കോടിയില്‍; വീഗാര്‍ഡ് ഓഹരികളില്‍ 11% വരെ മുന്നേറ്റം

രണ്ടാംപാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വലിയ വളര്‍ച്ചയാണ് കൊച്ചി ആസ്ഥാനമായ കമ്പനിക്ക് നേടാനായത്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ വരുമാനം 38.2 ശതമാനം ഉയര്‍ന്ന് 1,853 കോടി രൂപയായി

Dhanam News Desk

അനുകൂലമായ രണ്ടാംപാദ ഫലങ്ങള്‍ പുറത്തുവന്നതോടെ വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (V-Guard Industries) ഓഹരികളില്‍ വന്‍ കുതിപ്പ്. ഇന്ന് (ഒക്‌ടോബര്‍ 29) ഒരുഘട്ടത്തില്‍ 11 ശതമാനത്തോളം നേട്ടംകൊയ്ത ഓഹരികള്‍ പിന്നീട് താഴേക്ക് പോയെങ്കിലും നേട്ടത്തില്‍ തന്നെ ക്ലോസ് ചെയ്തു.

രണ്ടാംപാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വലിയ വളര്‍ച്ചയാണ് കൊച്ചി ആസ്ഥാനമായ കമ്പനിക്ക് നേടാനായത്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ വരുമാനം 38.2 ശതമാനം ഉയര്‍ന്ന് 1,853 കോടി രൂപയായി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 1,341 കോടി രൂപയായിരുന്നു. എബിറ്റഡ (EBITDA) 53.2 ശതമാനം ഉയര്‍ന്ന് 167 കോടി രൂപയായി.

ഓരോ വിഭാഗത്തിലും വളര്‍ച്ച

ലാഭം മുന്‍വര്‍ഷം സമാനപാദത്തിലെ 65 കോടി രൂപയില്‍ നിന്ന് 112 കോടി രൂപയായി ഉയര്‍ന്നു. 72.3 ശതമാനം വര്‍ധന. ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സെഗ്‌മെന്റുകളിലും വളര്‍ച്ച നേടാന്‍ വീഗാര്‍ഡിനായി.

വീഗാര്‍ഡ് ഇലക്ട്രിക്കല്‍സ് സെപ്റ്റംബര്‍ പാദത്തില്‍ 794.25 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷമിത് 562.62 കോടി രൂപയായിരുന്നു. ഇലക്ട്രോണിക്‌സ് സെഗ്മെന്റ് 319.07 കോടി രൂപയില്‍ നിന്ന് 510.24 കോടി രൂപയായും ഉയര്‍ന്നു.

കമ്പനി മറ്റൊരു പാദത്തില്‍ കൂടി മികച്ചതും സ്ഥിരതയാര്‍ന്നതുമായ പ്രകടനം കാഴ്ചവെച്ചതായി വീ-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. എല്ലാ ബിസിനസ് വിഭാഗങ്ങളിലും മികച്ച വളര്‍ച്ച രേഖപ്പെടുത്താനായി. ബിസിനസിന്റെ കരുത്ത്, തന്ത്രപരമായ ഇടപെടലുകള്‍, അനുകൂല വിപണി സാഹചര്യങ്ങള്‍ എന്നിവയും വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ പ്രതിസന്ധി കമ്പനിയുടെ ലാഭമാര്‍ജിനില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നത് തുടരുകയാണ്. ഇതിന്റെ ആഘാതം കുറയ്ക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരുന്നു. അസംസ്‌കൃത വസ്തുക്കളുടെയും മറ്റ് ഉല്‍പ്പന്ന ഘടകങ്ങളുടെയും ലഭ്യതയും ലാഭമാര്‍ജിനും സംരക്ഷിക്കുന്നതിനായി ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആറുമാസക്കാലത്തിനിടെ വീഗാര്‍ഡ് ഓഹരികള്‍ 16 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷക്കാലത്തെ കണക്കെടുക്കുമ്പോള്‍ ഇത് 26.72 ശതമാനമാണ്. ഓഹരി വിപണിയിലെ അസ്ഥിരതയാണ് വീഗാര്‍ഡ് ഓഹരികളിലും പ്രതിഫലിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT