മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025-26 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ 1755.27 കോടി രൂപ മൊത്തം വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1538.08 കോടി രൂപയില്‍ നിന്ന് 14.1 ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 91.13 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 23% വര്‍ധിച്ച് 112.13 കോടി രൂപയിലെത്തി.
മാര്‍ച്ച് 31ന് അവസാനിച്ച 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ആകെ 5965.78 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ 5577.82 കോടി രൂപയില്‍ നിന്നും ഏഴു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 308.33 കോടി രൂപയാണ്. മുന്‍ വര്‍ഷം കമ്പനിയുടെ അറ്റാദായം 313.72 കോടി രൂപയായിരുന്നു. പുതിയ ലേബര്‍കോഡിന്റെ സ്വാധീനം കാരണം 1.7 ശതമാനം ഇടിവാണ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. ഇത് കണക്കിലെടുക്കാതെയുള്ള ലാഭത്തില്‍ (Underlying PAT) 3.6 ശതമാനം വളര്‍ച്ചയുണ്ട്.
നാലാം പാദത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ലാഭത്തില്‍ 23.6 ശതമാനത്തിന്റെ വലിയ വര്‍ദ്ധനവുണ്ടായപ്പോള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തിലെ ലാഭത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വയറുകള്‍, പമ്പുകള്‍, സ്വിച്ച് ഗിയറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇലക്ട്രിക്കല്‍സ് വിഭാഗം നാലാം പാദത്തില്‍ 771.78 കോടി രൂപയുടെ വരുമാനം നേടി (15.9% വളര്‍ച്ച). കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 44% ഈ വിഭാഗത്തില്‍ നിന്നാണ്.
സ്റ്റെബിലൈസറുകള്‍, ഇന്‍വെര്‍ട്ടറുകള്‍ എന്നിവയുള്‍പ്പെടുന്ന ഇലക്ട്രോണിക്സ് മേഖല 22.3% വാര്‍ഷിക വളര്‍ച്ചയോടെ 498.27 കോടി രൂപയുടെ വരുമാനം നേടി.
ഫാനുകള്‍, വാട്ടര്‍ ഹീറ്ററുകള്‍ എന്നിവയുള്‍പ്പെടുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം 4.1% വളര്‍ച്ചയോടെ 426.11 കോടി രൂപയുടെ വരുമാനവും രേഖപ്പെടുത്തി. സണ്‍ഫ്ളെയിം ബ്രാന്‍ഡിന് കീഴിലുള്ള ഉല്‍പന്നങ്ങള്‍ 60.10 കോടി രൂപയുടെ വരുമാനം നേടി (8.6% വളര്‍ച്ച).
പശ്ചിമേഷ്യന്‍ യുദ്ധം പ്രവര്‍ത്തനങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചരക്കുകള്‍ക്ക് വിലക്കയറ്റമുണ്ടാക്കാനും കാരണമായത് വ്യവസായ മേഖലയില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം മറികടക്കാന്‍ വി-ഗാര്‍ഡിന് സാധിച്ചുവെന്ന് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.
മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ നടപടികള്‍ യോജിച്ച സമയത്ത് സ്വീകരിക്കുകയും ചെയ്യും. അനുകൂലമായ വേനല്‍ക്കാലത്തിനുള്ള സൂചനകള്‍ ഉള്ളതിനാല്‍, FY27-ന് ശക്തമായ തുടക്കം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിഥുന്‍ കെ ചിറ്റിലപ്പിള്ളി കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine