മൂന്നാം പാദത്തില്‍ അറ്റാദായത്തില്‍ വര്‍ധനയുമായി വി ഗാർഡ് ഇൻഡസ്ട്രീസ്. കമ്പനിയുടെ അറ്റാദായം 3.4 ശതമാനം ഉയര്‍ന്ന് 60.22 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 58.24 കോടി രൂപയുടെ അറ്റാദായമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
വരുമാനം 8.9 ശതമാനം ഉയർന്ന് 1,268.65 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 1165.39 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.
കമ്പനിയുടെ കഴിഞ്ഞ ഒമ്പത് മാസങ്ങളിലെ അറ്റാദായം 22.7 ശതമാനം ഉയര്‍ന്ന് 222.58 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 181.41 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.
അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ നിന്ന് മൂന്നാം പാദത്തിലേക്ക് എത്തുമ്പോള്‍ വരുമാനത്തിലും അറ്റാദായത്തിലും കമ്പനി കുറവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ പാദത്തില്‍ 1293.99 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം എങ്കില്‍ ഡിസംബര്‍ പാദത്തില്‍ ഇത് 1,268.65 കോടി രൂപയായായി കുറഞ്ഞു. രണ്ടാം പാദത്തില്‍ 63.39 കോടി രൂപയായിരുന്ന അറ്റാദായം മൂന്നാം പാദത്തില്‍ 60.22 കോടി രൂപയായാണ് കുറഞ്ഞത്.
ഓഹരി
രണ്ടാം പാദത്തെ അപേക്ഷിച്ച് ഡിസംബര്‍ പാദത്തില്‍ അറ്റാദായത്തിലും വരുമാനത്തിലും കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ഓഹരി ഇന്നലെ 4.22 ശതമാനം നഷ്ടത്തില്‍ 350 രൂപയിലാണ് ക്ലോസ് ചെയ്തത്. അതേസമയം ഓഹരി ഇന്ന് 1.50 ശതമാനം ഉയര്‍ന്ന് 359 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിരമിക്കുന്നു
വി-ഗാര്‍ഡിന്റെയും വണ്ടര്‍ലായുടെയും ചെയര്‍മാന്‍-എമിരറ്റസ് സ്ഥാനത്തു നിന്ന് മാര്‍ച്ച് 31ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഔപചാരികമായി വിരമിക്കും. എന്നിരുന്നാലും ഈ കമ്പനികളില്‍ ഗണ്യമായ ഓഹരികളുടെ ഉടമയായിരിക്കും അദ്ദേഹം.
തൊട്ടതെല്ലാം പൊന്നാക്കിയ ജീവിത യാത്രയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടേത്. 1977ല്‍ തുടങ്ങിയ വി-ഗാര്‍ഡിന് പുറമെ വീഗാലാന്റ്, വണ്ടര്‍ലാ, വീഗാലാന്റ് ഹോംസ് എന്നിങ്ങനെ നിരവധി വിജയഗാഥകളില്‍ ചിറ്റിലപ്പിള്ളിയുടെ കൈയൊപ്പുണ്ട്. വെറും ഒരു ലക്ഷം രൂപ മൂലധനവുമായി തുടങ്ങിയ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഇന്ന് 25,000 കോടിയോളം രൂപ വിപണി മൂല്യമുള്ള കമ്പനി.
75-ാം വയസു മുതല്‍ ജീവിതം പ്രധാനമായും മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കുകയാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി. എങ്കിലും വി-ഗാര്‍ഡ് ഡവലപേഴ്‌സ്, ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും കൈത്താങ്ങായി ഉണ്ടാവും.
Read DhanamOnline in English
Subscribe to Dhanam Magazine