Photo credit: VJ/Dhanam  Pic courtesy: VJ/DhanamOnline
Business Kerala

കേരളത്തിലും വന്ദേഭാരതില്‍ യാത്ര ഇനി കൂടുതല്‍ എളുപ്പം, വണ്ടിയെത്താന്‍ 15 മിനിട്ടുള്ളപ്പോഴും സീറ്റ് റിസര്‍വ് ചെയ്യാം

ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുന്‍പു വരെ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാകും

Dhanam News Desk

വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിംഗ് സേവനവുമായി ദക്ഷിണ റെയില്‍വേ. തിരഞ്ഞെടുത്ത എട്ട് സര്‍വീസുകളിലാണ് ഈ സൗകര്യം ഉണ്ടാവുക. കേരളത്തില്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളില്‍ ഈ സൗകര്യമുണ്ടാകും. സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈന്‍ ആയോ ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റ് ഒഴിവുണ്ടെങ്കില്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുന്‍പു വരെ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാകുമെന്ന് റെയില്‍വേ അറിയിച്ചു.

തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ സൗകര്യം ആരംഭിക്കുമെന്ന് ദക്ഷിണ റയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് ട്രെയിനുകളില്‍ ഉള്‍പ്പെടെ ഈ സൗകര്യം ലഭ്യമാക്കിയത്. നേരത്തെ ആദ്യ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടാല്‍ പിന്നെ ബുക്കിംഗ് സാധ്യമായിരുന്നില്ല.

ചെന്നൈ സെന്‍ട്രല്‍-വിജയവാഡ വന്ദേഭാരത് എക്‌സ്പ്രസ്, ചെന്നെ എഗ്മോര്‍-നാഗര്‍കോവില്‍ വന്ദേഭാരത് എക്‌സ്പ്രസ്, കോയമ്പത്തൂര്‍-ബംഗളൂരു കന്റോണ്‍മെന്റ് വന്ദേഭാരത് എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍- മഡ്‌ഗോവ വന്ദേഭാരത് എക്‌സ്പ്രസ്, മധുരൈ-ബംഗളൂരു കന്റോണ്‍മെന്റ് വന്ദേഭാരത് എക്‌സ്പ്രസ് എന്നിവയിലും പുതിയ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് റെയില്‍വേ റിസര്‍വേഷന്‍ മാനദണ്ഡം പരിഷ്‌കരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT