കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പട്ടുനൂൽ ഉൽപാദന രംഗത്ത് വേറിട്ട സംരംഭത്തിന് തുടക്കം കുറിച്ച് ശ്രദ്ധേയമാകുന്നു. തൃശ്ശൂർ വിമല കോളേജിലെ സുവോളജി വിഭാഗം മേധാവി ഫീബാറാണി ജോണിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി'വി-വീവ്' (V-Weave) സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ഒരു ഏക്കർ സ്ഥലത്താണ് ആദ്യഘട്ടത്തിൽ മൾബറി കൃഷി ചെയ്തത്. മറ്റൊരു ഏക്കറിലേക്ക് കൂടി മൾബറി കൃഷി വ്യാപിപ്പിക്കാനുളള തീരുമാനത്തിലാണ് ഇവര്‍.
ക്യാമ്പസിലെ സെറികൾച്ചർ (പട്ടുനൂൽ പുഴു വളർത്തൽ) അവബോധ ക്ലാസിന്റെ ഭാഗമായി ലഭിച്ച ലാർവകളെ കൗതുകത്തോടെ പരിപാലിച്ചതിൽ നിന്നാണ് ഈ ആശയം രൂപപ്പെട്ടതെന്ന് ഫീബാറാണി ജോണ്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. കോളേജിലുണ്ടായിരുന്ന മൾബറി ഇലകൾ നൽകി ട്രേയിൽ സൂക്ഷിച്ച പുഴുക്കൾ രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ കൊക്കൂണുകളായി മാറിയത് കണ്ടതോടെയാണ് ഈ രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ മൾബറി തൈകൾ വെച്ചുപിടിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്ന് വിമല കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിസ്റ്റർ ബീന ജോസ് പറഞ്ഞു. തുടർന്ന് ഓഗസ്റ്റ് ആദ്യവാരത്തോടെ ആദ്യ ബാച്ച് ലാർവകളെ എത്തിച്ച് വളർത്തൽ ആരംഭിച്ചു. കോളേജിന്റെ ഓഫ് ക്യാമ്പസിലുള്ള നാലഞ്ച് ഏക്കർ സ്ഥലത്തെ പഴയ കോൺവെന്റ് കെട്ടിടത്തിലെ വലിയ ഹാളാണ് റിയറിംഗ് ഷെഡ്ഡായി (Rearing Shed) ഉപയോഗിക്കുന്നത്. നിലവിലെ മൾബറി ചെടികൾ വെട്ടിമാറ്റുമ്പോൾ (Pruning) ഇലകൾ വീണ്ടും വളർന്നു വരാൻ ഒന്നര മാസത്തോളം സമയമെടുക്കും. അതിനാൽ വിളവെടുപ്പിലെ ഇടവേള ഒഴിവാക്കുന്നതിനായി കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായും ഡോ. സിസ്റ്റർ ബീന ജോസ് പറഞ്ഞു. സെൻട്രൽ സിൽക്ക് ബോർഡ്, സിൽക്ക് മാർക്ക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരിന്റെ ദാരിദ്ര്യ നിർമാർജന വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. ആദ്യത്തെ സിൽക്ക് കൊക്കൂൺ വിളവെടുപ്പ് സിൽക്ക് ബോർഡിനാണ് നൽകിയത്.
കേരളത്തിലെ കാലാവസ്ഥയിൽ പട്ടുനൂൽ കൃഷിയിലൂടെ കർഷകർക്ക് ഉറപ്പുള്ളതും സ്ഥിരതയുള്ളതുമായ ഉയർന്ന വരുമാനം കണ്ടെത്താൻ സാധിക്കും. ഒരു ഏക്കർ മൾബറി കൃഷിയിൽ ഒരു ബാച്ചിൽ നിന്ന് 240 മുതൽ 250 കിലോഗ്രാം വരെ 'എ ഗ്രേഡ്' കൊക്കൂൺ വിളവെടുക്കാൻ സാധിക്കും. വിപണിയിൽ നിലവിൽ ഒരു കിലോ കൊക്കൂണിന് 800 രൂപ വരെ മികച്ച വില ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച്, പാരച്യൂട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സുപ്പീരിയർ ബി.ആർ (BR) വിത്തുകൾക്ക് ഉയർന്ന വിപണി മൂല്യമാണുള്ളത്.
ഒന്നാം വർഷത്തിൽ ഒരു ഏക്കറിൽ നിന്ന് ഏകദേശം 1,200 കിലോഗ്രാം കൊക്കൂൺ വരെ ലഭിക്കാം. എല്ലാ ചെലവുകളും കഴിഞ്ഞ് 3.5 ലക്ഷം രൂപ വരെ ലാഭം പ്രതീക്ഷിക്കാം. ഒരു ഏക്കര്‍ മള്‍ബറി കൃഷിക്ക് 5 ലക്ഷം രൂപയോളമാണ് മുതല്‍ മുടക്ക്.
കിലോയ്ക്ക് 500 രൂപ എന്ന കുറഞ്ഞ നിരക്കിൽ കണക്കാക്കിയാൽ പോലും വർഷത്തിൽ 6 ലക്ഷം രൂപ വരെ വരുമാനവും, പ്രതിമാസം ശരാശരി 50,000 രൂപ നിഷ്പ്രയാസം സ്വന്തമാക്കാനും കർഷകന് സാധിക്കും.
കേരളത്തിൽ നിലവിൽ വളരെ കുറഞ്ഞ അളവിൽ മാത്രം നടക്കുന്ന സെറികൾച്ചർ കൃഷിക്ക് ഉയർന്ന സാമ്പത്തിക സാധ്യതയാണുള്ളത്.
കൊക്കൂൺ വിൽപന: ഉൽപ്പാദിപ്പിക്കുന്ന കൊക്കൂണുകൾ ഗുണനിലവാരം അനുസരിച്ച് കിലോയ്ക്ക് 700 രൂപ മുതൽ 1000 രൂപ വരെ നിരക്കിൽ കോയമ്പത്തൂർ, മൈസൂര്‍, ബാംഗ്ലൂർ തുടങ്ങിയ പ്രധാന വിപണികളിൽ വിറ്റഴിക്കാൻ സാധിക്കും.
കുറഞ്ഞ സമയവും ഉയർന്ന ലാഭവും: മൾബറി തൈകൾ നട്ട് രണ്ടും മൂന്നും മാസത്തിനുള്ളിൽ വളർന്നു പാകമാകും. മറ്റ് കൃഷികളെ അപേക്ഷിച്ച് ശ്രദ്ധയോടെയുള്ള പരിപാലനം നൽകിയാൽ കുറഞ്ഞ അധ്വാനത്തിൽ ഉയർന്ന സാമ്പത്തിക റിട്ടേൺ ഉറപ്പാക്കാൻ സാധിക്കും.
ഉൽപന്ന വൈവിധ്യവൽക്കരണം: കൊക്കൂൺ നേരിട്ട് വിൽക്കുന്നതിന് പുറമെ, കൊക്കൂൺ ഷെല്ലുകൾ ഉപയോഗിച്ച് ആകർഷകമായ ആഭരണങ്ങളും കരകൗശല വസ്തുക്കളും നിർമ്മിച്ചും, പട്ടുനൂൽ ഉപയോഗിച്ച് സാരികൾ നെയ്തെടുത്തും അധിക വരുമാനം കണ്ടെത്താൻ സാധിക്കും.
സ്വയംതൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി വി-വീവ് പ്രത്യേക പരിശീലന പരിപാടികൾ (ബന്ധപ്പെടേണ്ട നമ്പര്‍- 9447459761) സംഘടിപ്പിക്കുന്നുണ്ട്.
മൂന്ന് ദിവസത്തെ വർക്ക്‌ഷോപ്പ്: സിൽക്ക് ബോർഡിലെ ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ദ്ധർ, കോളേജിലെ അധ്യാപകർ എന്നിവർ നയിക്കുന്ന മൂന്ന് ദിവസത്തെ വർക്ക്‌ഷോപ്പിൽ പ്രായോഗിക പരിശീലനവും ഫീൽഡ് സ്റ്റഡിയും നൽകുമെന്ന് വിമല കോളേജ് സൂപ്രണ്ട് സിസ്റ്റർ ആൻ ഗ്രേസ് പറഞ്ഞു. മറ്റ് കോളേജുകളിൽ നിന്നുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ആവശ്യക്കാർക്ക് താമസസൗകര്യവും ലഭ്യമാക്കുന്നുണ്ട്.
മൾബറി തൈ വിതരണം: ഓരോ വിളവെടുപ്പിന് ശേഷവും മൾബറി ചെടികൾ 20 സെന്റീമീറ്റർ ഉയരത്തിൽ വെട്ടിമാറ്റാറുണ്ട്. ഈ കമ്പുകൾ ഉപയോഗിച്ച് നഴ്‌സറി നിർമ്മിച്ച് പുതിയ മൾബറി തൈകൾ ഉൽപ്പാദിപ്പിക്കുന്നു. വയനാട് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ കർഷകർക്കും ഫാം ഹൗസുകൾക്കും ഈ തൈകൾ വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.
ഭാവിയിലേക്ക് വലിയ വികസന പദ്ധതികളാണ് വി-വീവ് ലക്ഷ്യമിടുന്നത്:
വി-വീവ് സാരികൾ: വിമല കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന കൊക്കൂണുകൾ പുറം ഏജൻസികൾ വഴി റീലിംഗും വീവിംഗും നടത്തി 'വി-വീവ് സാരികൾ' വിപണിയിലിറക്കും.
മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ: കൊക്കൂൺ ഷെല്ലുകൾ ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനം നൽകുമെന്നും സിസ്റ്റർ ആൻ ഗ്രേസ് പറഞ്ഞു.
സ്വന്തം പ്രൊഡക്ഷൻ യൂണിറ്റ്: വരും വർഷങ്ങളിൽ സ്വന്തമായി റീലിംഗ്, വീവിംഗ് സൗകര്യങ്ങൾ വികസിപ്പിക്കാനും, ക്വാളിറ്റി എൻഷുറൻസ് ഉറപ്പാക്കി പട്ടുനൂൽ പുഴു വിത്തുകൾ (Seeds) വിൽക്കാനും പദ്ധതിയുണ്ട്.
പാലക്കാട്, വയനാട് ജില്ലകളിൽ മാത്രം പ്രധാനമായി പരിമിതപ്പെട്ടിരിക്കുന്ന സിൽക്ക് ഉൽപാദനത്തെ തൃശ്ശൂരിലേക്കും മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനും സാധാരണക്കാർക്കും സ്ത്രീകൾക്കും പുതിയ വരുമാനമാർഗം തുറന്നുനൽകാനും വിമല കോളേജിന്റെ ഈ സ്റ്റാർട്ടപ്പ് മാതൃക കാരണമാകുന്നു.
പട്ടുനൂൽ കൃഷി വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും സിൽക്ക് ബോർഡും ചേർന്ന് കർഷകർക്ക് വൻതോതിൽ സാമ്പത്തിക സഹായവും സബ്സിഡികളും നൽകി വരുന്നു. മൾബറി കൃഷി ആരംഭിക്കുന്നതിനും, ഹൈബ്രിഡ് പുഴുക്കളെ വളർത്തുന്നതിനുള്ള റിയറിംഗ് ഹൗസുകൾ (Rearing House) നിർമ്മിക്കുന്നതിനുമായി 3.5 ലക്ഷം മുതൽ 3.75 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭ്യമാണ്. കൂടാതെ തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ആഴ്ചതോറുമുള്ള വിപണന ശൃംഖലകൾ വഴി സുരക്ഷിതമായ വിപണിയും ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിൽപനയും ഉറപ്പാക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine