Vinsmera group Image/vinsmera.com
Business Kerala

വിന്‍സ്‌മേരയുടെ എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ വരുന്നു, കോഴിക്കോടിനു പിന്നാലെ കൊച്ചി, ജുവലറിയില്‍ 2,000 കോടി നിക്ഷേപം; മോഹന്‍ലാല്‍ ബ്രാന്റ് അംബാസഡര്‍

ഇന്ത്യയിലും ഗള്‍ഫിലുമായി 20 പുതിയ ഷോറൂമുകള്‍

Dhanam News Desk

സ്വര്‍ണ വ്യാപാര രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള വിന്‍സ്‌മേര ഗ്രൂപ്പ് ജുവലറി റീട്ടെയില്‍ രംഗത്ത് വന്‍ വിപുലീകരണത്തിന് ഒരുങ്ങുന്നു. കണ്ണൂരിലെ കാമ്പ്രത്ത് സഹോദരങ്ങളായ ദിനേഷ് കാമ്പ്രത്ത്, അനില്‍ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണന്‍ കാമ്പ്രത്ത് എന്നിവര്‍ പ്രമോട്ടര്‍മാരായ വിന്‍സ്‌മേര ഗ്രൂപ്പ് 2,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20 ജുവലറി ഷോറൂമുകളും നിര്‍മാണ യൂണിറ്റുകളുമാണ് ആരംഭിക്കുക.

അഞ്ചിടങ്ങളില്‍ എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍

കേരളത്തിലും പുറത്തുമായി അഞ്ച് എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കുമെന്ന് പ്രൊമോട്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണിത്. ആദ്യത്തെ ഷോറൂം ഏപ്രില്‍ അവസാനത്തോടെ കോഴിക്കോട് ആരംഭിക്കും. 10,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഷോറൂമാണിത്. കൊച്ചി എംജി റോഡില്‍ രണ്ടാമത്തെ എക്‌സ്‌ക്ലൂസീവ് ഷോറൂം ഉടനെയുണ്ടാകും. ഇതോടൊപ്പം കണ്ണൂരില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മാണ യൂണിറ്റും തുടങ്ങും. ഗള്‍ഫ് മേഖലയില്‍ അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ ഔട്ട്‌ലെറ്റുകളും നിര്‍മാണ യൂണിറ്റുകളും പദ്ധതിയിലുണ്ട്.

മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡര്‍

മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് വിന്‍സ്‌മേര ഗ്രൂപ്പിന്റെ ബ്രാന്റ് അംബാസഡര്‍. ' ജുവലറി റീട്ടെയില്‍ രംഗത്തിന് പുതിയൊരു മുഖം നല്‍കുകയാണ് വിന്‍സ്‌മേര ഗ്രൂപ്പിന്റെ ലക്ഷ്യം. ശില്‍പ്പ ചാരുതയും സുസ്ഥിരതയും തൊഴില്‍ അവസരങ്ങളുമാണ് ഞങ്ങളുടെ മുന്‍ഗണന.വിന്‍സ്‌മേര ഒരു ബ്രാന്റ് മാത്രമല്ല. ഗുണനിലവാരത്തിന്റെയും പുതുമയുടെയും വാഗ്ദാനം കൂടിയാണ്.'' ഗ്രൂപ്പിന്റെ സഹസ്ഥാപകനായ ദിനേഷ് കാമ്പ്രത്ത് പറഞ്ഞു.

2,500 പേര്‍ക്ക് തൊഴില്‍

പുതിയ പദ്ധതികള്‍ 2,500 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. സ്ത്രീ ജീവനക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവില്‍ ഗ്രൂപ്പിന് കീഴില്‍ 1,000 ല്‍ അധികം ജീവനക്കാരുണ്ട്.

ഹോള്‍സെയില്‍ ഡിവിഷന്‍

ഗ്രൂപ്പിന്റെ ഹോള്‍സെയില്‍ ഡിവിഷന് കീഴില്‍ ദുബൈ, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിര്‍മാണ യൂണിറ്റുകളുണ്ട്. ഇന്ത്യ, ഗള്‍ഫ്, യുഎസ്, യുകെ എന്നിവിടങ്ങളിലെ പ്രമുഖ ബ്രാന്റുകള്‍ക്ക് മുപ്പത് വര്‍ഷത്തിലേറെയായി വ്യത്യസ്ത ഡിസൈനുകളില്‍ ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.

പരിസ്ഥിതി സൗഹൃദമായ വ്യവസായമാണ് വിന്‍സ്‌മേര ഗ്രൂപ്പിന്റെ മുഖമുദ്രയെന്ന് പ്രൊമോട്ടര്‍മാര്‍ പറഞ്ഞു. ഷാര്‍ജയിലെയും കണ്ണൂരിലെയും 50,000 ചതുരശ്ര അടിയിലുള്ള നിര്‍മാണ യൂണിറ്റുകള്‍ കമ്പനിയുടെ പരിസ്ഥിതി സൗഹൃദ നയങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഈ യൂണിറ്റുകള്‍ ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടതാണെന്നും അവര്‍ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT