Business Kerala

വിദേശയാത്ര ഇനി സ്മാര്‍ട്ടാക്കാം; ഒമാന്‍ എയറുമായി കൈകോർത്ത് വിസ്മണി, 'വിസ് വോയേജര്‍' ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി

റിയല്‍ ടൈം മൊബൈല്‍ ആപ്പ് ട്രാക്കിംഗ്, സ്മാര്‍ട്ട് ഫിനാന്‍ഷ്യല്‍ കൺട്രോളുകൾ, സൗജന്യ സീറ്റ് അപ്ഗ്രേഡുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളോടെയാണ് പുതിയ കൊ-ബ്രാന്‍ഡഡ് കാര്‍ഡ് വിപണിയിലെത്തുന്നത്

Dhanam News Desk

അന്താരാഷ്ട്ര യാത്രക്കാര്‍ക്കും വിദേശത്ത് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസമായി വിസ്മണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ഒമാന്‍ എയറും ചേര്‍ന്ന് 'വിസ് വോയേജര്‍' കൊ-ബ്രാന്‍ഡഡ് മള്‍ട്ടി-കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി. വിദേശ കറന്‍സികളിലുള്ള ഇടപാടുകള്‍ ലളിതമാക്കുന്നതിനൊപ്പം റിവാര്‍ഡുകളും യാത്രാ ആനുകൂല്യങ്ങളും ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ വിസ്മണിയുടെ ഫിന്‍ടെക് ശേഷിയും ഒമാന്‍ എയറിന്റെ ആഗോള കണക്റ്റിവിറ്റിയും ഒന്നിപ്പിക്കുന്നതാണ് ഈ പുതിയ പങ്കാളിത്തം. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന മലയാളി പ്രവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് കാര്‍ഡിന്റെ രൂപകല്‍പ്പന.

പ്രധാന സവിശേഷതകള്‍

  • മള്‍ട്ടി-കറന്‍സി സപ്പോര്‍ട്ട്: വിവിധ ആഗോള കറന്‍സികളില്‍ തടസ്സമില്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടത്താം.

  • സ്മാര്‍ട്ട് കൺട്രോൾ: റിയല്‍ ടൈം മൊബൈല്‍ ആപ്പ് വഴി ചെലവുകള്‍ ട്രാക്ക് ചെയ്യാനും കാര്‍ഡ് സുരക്ഷ ഉറപ്പാക്കാനും സാധിക്കും.

  • യാത്രാ റിവാര്‍ഡുകള്‍: കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ ഇടപാടിനും ലഭിക്കുന്ന പോയിന്റുകള്‍ വഴി ഒമാന്‍ എയര്‍ ഫ്ലൈറ്റ് വൗച്ചറുകള്‍, സീറ്റ് അപ്ഗ്രേഡുകള്‍ എന്നിവ സ്വന്തമാക്കാം.

  • ഏകീകൃത പ്ലാറ്റ്‌ഫോം: വിസ് വോയേജറിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ഹോളിഡേ പാക്കേജുകളും അനുബന്ധ സേവനങ്ങളും ആസൂത്രണം ചെയ്യാനും പണമടയ്ക്കാനും സാധിക്കും.

പുതുതലമുറ ആഗോള യാത്രക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ കാര്‍ഡ് വഴി നടത്തുന്ന ഓരോ ഇടപാടും ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യവും ലാഭവും ഉറപ്പാക്കുമെന്ന് വിസ് ഫിനാന്‍ഷ്യല്‍ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ അമീര്‍ നഗാമി പറഞ്ഞു. യാത്രയും പേയ്മെന്റുകളും ഒരൊറ്റ സുഗമമായ അനുഭവമാക്കി മാറ്റുന്നതിലൂടെ വിസ്മണിയുമായുള്ള പങ്കാളിത്തം തങ്ങളുടെ കാഴ്ചപ്പാടിനെയാണ് വ്യക്തമാക്കുന്നതെന്ന് ഒമാന്‍ എയര്‍ കൊമേഴ്‌സ്യല്‍ വൈസ് പ്രസിഡന്റ് സൂര്യ കുച്ചിഭോട്ല വ്യക്തമാക്കി.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മികച്ച സൗകര്യവും അവിസ്മരണീയ നിമിഷങ്ങളും സമ്മാനിക്കുന്നതിനാണ് വിസ്മണി എപ്പോഴും ശ്രമിക്കുന്നതെന്ന് വിസ്മണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ സി.എ. കൃഷ്ണന്‍ ആര്‍. കൂട്ടിച്ചേര്‍ത്തു.

കാര്‍ഡ് എങ്ങനെ സ്വന്തമാക്കാം?

ഒമാന്‍ എയര്‍ കൗണ്ടറുകള്‍, വെബ്‌സൈറ്റ്, വിസ്മണി ബ്രാഞ്ചുകള്‍, മറ്റ് അംഗീകൃത ഏജന്റുമാര്‍ എന്നിവ വഴി 'വിസ് വോയേജര്‍' കാര്‍ഡ് ലഭ്യമാകും. പൂര്‍ണ്ണമായും ഡിജിറ്റല്‍ നടപടിക്രമങ്ങളിലൂടെ കാര്‍ഡ് എളുപ്പത്തില്‍ സ്വന്തമാക്കാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT