Vizhinjam International Seaport
Business Kerala

വിഴിഞ്ഞം പോർട്ട് ഓഹരി കൈമാറ്റം: എം.എസ്.സിക്ക് ഓഹരി നൽകാൻ അദാനി ഗ്രൂപ്പ് അനുമതി തേടിയെന്ന് മുഖ്യമന്ത്രി

കൺസെഷൻ കരാർ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് സ്വിസ് ഷിപ്പിംഗ് ഭീമനായ എം.എസ്.സിക്ക് ഓഹരി കൈമാറാനാണ് ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചത്

Dhanam News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ (AVPPL) 49 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ അദാനി ഗ്രൂപ്പ് ഔദ്യോഗികമായി നടപടികൾ തുടങ്ങിയെന്ന് വ്യക്തമായി. സ്വിറ്റ്സർലാന്റ് ആസ്ഥാനമായുള്ള ആഗോള ഷിപ്പിംഗ് ഭീമൻ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (MSC) 49 ശതമാനം ഓഹരികൾ കൈമാറുന്നതിനായി അദാനി ഗ്രൂപ്പ് സർക്കാരിന്റെ മുൻകൂർ അനുമതി തേടിയിട്ടുണ്ടെന്ന് നിയമസഭയിൽ സമർപ്പിച്ച സബ്മിഷന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ സ്ഥിരീകരിച്ചു.

കൺസെഷൻ കരാർ പ്രകാരം സർക്കാരിന്റെ അനുമതിയില്ലാതെ പോർട്ട് കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഓഹരി കൈമാറ്റത്തിനായി അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചത്.

ഉന്നതാധികാര സമിതിയുടെ പരിശോധന തുടരുന്നു

ഓഹരി വിൽപനയുമായി ബന്ധപ്പെട്ട് അദാനി സമർപ്പിച്ച അപേക്ഷയും അനുബന്ധ കരാർ രേഖകളും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി നിലവിൽ വിലയിരുത്തി വരികയാണ്. കൺസെഷൻ കരാറിലെ എല്ലാ നിർദ്ദേശങ്ങളും നിർണായക വ്യവസ്ഥകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും റിപ്പോർട്ട് തയ്യാറാക്കുക. സമിതി സമർപ്പിക്കുന്ന ഈ വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഓഹരി കൈമാറ്റത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക.

വികസന പദ്ധതികൾ പുരോഗതിയിൽ

2024 ഡിസംബർ 3-ന് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ട വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് മുന്നേറുന്നത്. രണ്ടും മൂന്നും നാലും ഘട്ടങ്ങളിലായുള്ള വിപുലീകരണം 2028 ഡിസംബർ 31-നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബ്രേക്ക് വാട്ടർ നീളം കൂട്ടൽ, കണ്ടെയ്നർ ബെർത്ത് നിർമാണം, ഡ്രെഡ്ജിങ് എന്നിവ സമാന്തരമായി പുരോഗമിക്കുന്നു. 2026 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം വിപുലീകരണ പ്രവർത്തനങ്ങളിൽ 12.4 ശതമാനം ഭൗതിക പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും നിയമസഭയിൽ വ്യക്തമാക്കി.

Clarification in Kerala Assembly confirms Adani Group's official request to transfer a 49% stake in Vizhinjam Port to Swiss shipping giant MSC under concession terms.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT