VISIL
Business Kerala

വിഴിഞ്ഞത്തെ കണ്ട് വന്‍ പദ്ധതികളുമായി അയല്‍സംസ്ഥാനം, കേരളത്തില്‍ മെല്ലെ പോക്ക്, നടപ്പാക്കാന്‍ ₹12,000 കോടിയുടെ പദ്ധതികള്‍

വിഴിഞ്ഞത്തിന് സമീപമുള്ള ജില്ലകളില്‍ പന്ത്രണ്ടോളം വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാനാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്

Dhanam News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ (Vizhinjam International Seaport) വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളില്‍ കേരളത്തില്‍ മെല്ലെപ്പോക്ക് സമീപനമെങ്കില്‍ തമിഴ്‌നാട് നടപ്പാക്കുന്നത് അതിവേഗ പദ്ധതികള്‍. വിഴിഞ്ഞത്തുനിന്നും ഏകദേശം 150-200 കിലോമീറ്റര്‍ പരിധിയിലുള്ള തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലാണ് പ്രധാനമായും പദ്ധതികള്‍ നടപ്പാക്കുന്നത്.

കൂറ്റന്‍ വ്യവസായ പാര്‍ക്കുകള്‍ മുതല്‍ വെയര്‍ഹൗസുകള്‍ വരെ

വിഴിഞ്ഞത്തിന് സമീപമുള്ള ജില്ലകളില്‍ പന്ത്രണ്ടോളം വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാനാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്. വിഴിഞ്ഞത്തുനിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ള നാങ്കുനേരിയില്‍ 2,260 ഏക്കറില്‍ നാല് വ്യവസായ പാര്‍ക്കുകളാണ് സജ്ജമാക്കുന്നത്. കൂടാതെ മൂലക്കരൈപ്പട്ടിയില്‍ 1,060 ഏക്കര്‍ ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്തു കഴിഞ്ഞു.

കന്യാകുമാരി, തെങ്കാശി, തൂത്തുക്കുടി, മധുര, തിരുനെല്‍വേലി എന്നീ ജില്ലകളിലും ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു. തുറമുഖത്തേക്ക് വരുന്ന ചരക്കുകള്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനുമായി 'മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍' തമിഴ്നാട് സ്ഥാപിക്കുന്നുണ്ട്.

കന്യാകുമാരിയിലും തിരുനെല്‍വേലിയിലും വന്‍കിട വെയര്‍ഹൗസുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. വിഴിഞ്ഞം വഴി കയറ്റുമതി ചെയ്യുന്ന തുണിത്തരങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, മറ്റ് വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവ തമിഴ്നാട്ടില്‍ നിന്ന് വേഗത്തില്‍ തുറമുഖത്തെത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കുന്നു.

അടിസ്ഥാന സൗകര്യ വികസനവും

വിഴിഞ്ഞത്തെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന റോഡുകള്‍ക്ക് പുറമെ, തമിഴ്നാട്ടിലെ വ്യവസായ കേന്ദ്രങ്ങളെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതകളുടെ നിര്‍മ്മാണം വേഗത്തിലാക്കിയിട്ടുണ്ട് നാഗര്‍കോവില്‍ - തിരുനെല്‍വേലി റെയില്‍ പാതകളുടെ നവീകരണം വഴി ചരക്ക് നീക്കം സുഗമമാക്കാനും പദ്ധതിയുണ്ട്.

കേരളത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കില്‍ ഭൂമി വിട്ടുനല്‍കിയാണ് തമിഴ്നാട് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

ഏക്കറിന് ഏകദേശം 30 ലക്ഷം രൂപ നിരക്കില്‍ 99 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കുന്നു.

തമിഴ്നാട്ടിലെ തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വന്‍കിട കയറ്റുമതിക്കാര്‍ ഇപ്പോള്‍ തന്നെ വിഴിഞ്ഞം വഴി ചരക്ക് നീക്കം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കേരളത്തിന്റെ മെല്ലെപോക്ക്

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോര്‍മൂസ് കടലിടുക്കിലെ ഉപരോധവും വിഴിഞ്ഞം തുറമുഖത്തെ ആഗോള കപ്പല്‍ ഗതാഗതത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയ സാഹചര്യത്തിലും അതിന്റെ നേട്ടം പ്രയോജനപ്പെടുത്താന്‍ പക്ഷേ കേരളത്തിന് സാധിച്ചിട്ടില്ല. കേരളത്തില്‍ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പ് സാവധാനത്തിലാണ്. ഏതാണ്ട്‌ 12,000 കോടിയോളം രൂപയുടെ പദ്ധതികളാണ് നേരിട്ടും അല്ലാതെയുമായി പ്രഖ്യാപിച്ചിട്ടുള്ളത്.

വിഴിഞ്ഞത്തിന്റെ വികസനത്തിനായി കഴിഞ്ഞ ബജറ്റില്‍ സമഗ്ര പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂര്‍, ദുബായ് മാതൃകയില്‍ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനായി ഭൂമിവാങ്ങാന്‍ കിഫ്ബി വഴി 1000 കോടിയെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇനിയും ഭൂമി പൂര്‍ണമായും ഏറ്റെടുക്കാനായിട്ടില്ല.

ഇതിനു പുറമെ 2026 ഫെബ്രുവരിയില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരള സര്‍ക്കാരും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് 2,000 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഏകദേശം 50 ഏക്കറില്‍ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ (CWC) 700 കോടി രൂപ ചിലവില്‍ അത്യാധുനിക വെയര്‍ഹൗസുകളും കോള്‍ഡ് സ്റ്റോറേജുകളും നിര്‍മ്മിക്കും. അന്താരാഷ്ട്ര കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOCL) 700 കോടി രൂപയുടെ ബങ്കറിങ് ടെര്‍മിനല്‍ സ്ഥാപിക്കും.കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (CONCOR) 600 കോടി രൂപ ചിലവില്‍ റെയില്‍ അധിഷ്ഠിത ലോജിസ്റ്റിക്‌സ് ശൃംഖലയും കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുകളും (CFS) ഒരുക്കും എന്നാണ് പ്രഖ്യാപനം.

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഔട്ടര്‍ റിംഗ് റോഡ് (NH 866) പദ്ധതിക്ക് ചെറിയ അനക്കം വച്ചിട്ടുണ്ട്. ഏകദേശം 8,000 കോടി രൂപ ചിലവഴിക്കുന്ന ഈ പദ്ധതി വഴി തുറമുഖത്തെ കൊല്ലം അതിര്‍ത്തിയുമായും മറ്റ് പ്രധാന വ്യവസായ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കും. ഇതിന് അനുബന്ധമായി വ്യവസായ ക്ലസ്റ്ററുകളും ഐടി പാര്‍ക്കുകളും നിര്‍മ്മിക്കാനാണ് പദ്ധതി. പദ്ധതിയുടെ ഡിപിആര്‍ (സമഗ്ര പദ്ധതി രേഖ) പൂര്‍ത്തിയായെങ്കിലും കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭ്യമായിട്ടില്ല.

വിഴിഞ്ഞം കേന്ദ്രീകരിച്ച് 100 കോടി രൂപയുടെ റേര്‍ എര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ പദ്ധതിക്കും സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്.

കേരള മാരിടൈം ബോര്‍ഡ് വഴി വിഴിഞ്ഞത്തെ കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുടങ്ങിയ ചെറുകിട തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് കോസ്റ്റല്‍ ഷിപ്പിംഗ് (Coastal Shipping) ശക്തമാക്കാന്‍ പദ്ധതിയുണ്ട്. ഇത് കേരളത്തിലെ വ്യവസായ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചിലവില്‍ വിഴിഞ്ഞത്തെത്തിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

രണ്ടാം ഘട്ട വികസനത്തിന്‌

അദാനി ഗ്രൂപ്പ് തുറമുഖത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനായി 16,000 കോടി രൂപയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് 2028-ഓടെ പൂര്‍ത്തിയാക്കി കൈകാര്യം ചെയ്യാവുന്ന കണ്ടെയ്‌നറുകളുടെ എണ്ണം 5.7 ദശലക്ഷം TEU ആക്കി ഉയര്‍ത്താനാണ് ലക്ഷ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT