കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വന്‍ കുതിപ്പേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരിത്ര നേട്ടത്തില്‍. തുറമുഖത്ത് ട്രയല്‍ റണ്‍ ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെയാണ് ആയിരം (1000) കപ്പല്‍ എന്ന നേട്ടത്തിലെത്തുന്നത്. ഇന്നലെ (ബുധനാഴ്ച) വൈകുന്നേരത്തോടെ ഭീമൻ മദർഷിപ്പായ 'എം.എസ്.സി ലൂസിയാന' (MSC Luciana) തുറമുഖത്തെത്തിയതോടെയാണ് വിഴിഞ്ഞം ഈ നാഴികക്കല്ല് പിന്നിട്ടത്. വൻ ആഘോഷങ്ങളോടെയും വാട്ടർ സല്യൂട്ടോടെയുമാണ് കപ്പലിനെ വിഴിഞ്ഞം വരവേറ്റത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL), അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) എന്നിവയിലെ പ്രമുഖ ഉദ്യോഗസ്ഥർ കപ്പലിനെ സ്വീകരിക്കാൻ നേരിട്ടെത്തിയിരുന്നു.
ഇതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന അന്താരാഷ്ട്ര തുറമുഖങ്ങളുടെ നിരയിലേക്ക് വിഴിഞ്ഞവും എത്തി. വലിയ മദര്‍ഷിപ്പുകളും ഫീഡര്‍ കപ്പലുകളും ഉള്‍പ്പെടെയുള്ളവയുടെ തുടര്‍ച്ചയായ വരവാണ് തുറമുഖത്തെ ഈ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്.
തുറമുഖത്തിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതില്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ ഘട്ടത്തിലാണ് ഈ നേട്ടമെന്നത് കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ തീരങ്ങളിലെ ചരക്കുനീക്കത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത് വിഴിഞ്ഞത്തിന്റെ പ്രവര്‍ത്തനക്ഷമതയും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ചറും തെളിയിക്കുന്നതാണെന്ന് പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നു.
തുടക്കം മുതല്‍ തന്നെ ഈ പോര്‍ട്ട് പദ്ധതി മികച്ച പ്രകടന റെക്കോര്‍ഡുകള്‍ തുടര്‍ച്ചയായി ഭേദിച്ചുകൊണ്ടിരിക്കുകയാണ്. 2024 ജൂലൈയിലാണ് ഇവിടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 2024 ഡിസംബറില്‍ പൂര്‍ണ്ണതോതിലുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. ചുരുങ്ങിയ കാലയളവിനുള്ളില്‍തന്നെ 20 ലക്ഷത്തിലധികം (2 million) ടി.ഇ.യു (TEU) ചരക്കുകള്‍ കൈകാര്യം ചെയ്തു.
ഈ നാഴികക്കല്ല് ഇത്രയും വേഗത്തില്‍ പിന്നിടുന്ന ആദ്യത്തെ ഇന്ത്യന്‍ തുറമുഖമായും വിഴിഞ്ഞം മാറി. ശ്രദ്ധേയമായ കാര്യം, ഇതേ കാലയളവില്‍ ആഗോള കപ്പല്‍ ഗതാഗതത്തില്‍ വലിയ മന്ദഗതിക്ക് കാരണമായ പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും യുദ്ധസാഹചര്യങ്ങളും ഈ തുറമുഖത്തിന്റെ സ്ഥിരതയാര്‍ന്ന വളര്‍ച്ചയെ ഒട്ടും ബാധിച്ചില്ല എന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ 'എം.എസ്.സി ഐറിന' (MSC Irina), ഒരു ഇന്ത്യന്‍ തുറമുഖത്ത് അടുത്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഡ്രാഫ്റ്റുള്ള (ഏറ്റവും കൂടുതല്‍ ആഴം ആവശ്യമുള്ള) കപ്പലുകളിലൊന്നായ'എം.എസ്.സി വെറോണ' (MSC Verona) എന്നിവയുള്‍പ്പെടെ, ഏകദേശം 400 മീറ്റര്‍ നീളമുള്ള 67 അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ കപ്പലുകള്‍ക്കാണ് (Ultra Large Container Vessels) വിഴിഞ്ഞം ആഥിത്യമരുളിയത്.
മെയ് മാസത്തില്‍ മാത്രം വിഴിഞ്ഞം തുറമുഖം 55 കപ്പലുകളിലായി റെക്കോര്‍ഡ് നേട്ടമായ 1,30,863 ടി.ഇ.യു (TEU) ചരക്ക് കൈകാര്യം ചെയ്തു. 2026 ജനുവരിയില്‍ കൈവരിച്ച 1.23 ലക്ഷം ടി.ഇ.യു എന്ന മുന്‍ പ്രതിമാസ റെക്കോര്‍ഡാണ് ഇതോടെ മാറിക്കടന്നത്. ഈ തിരക്കേറിയ സമയത്തും മണിക്കൂറില്‍ 30-ലധികം ചലനങ്ങള്‍ (moves) എന്ന ഉയര്‍ന്ന ഗ്രോസ് ക്രെയിന്‍ റേഷ്യോ (gross crane ratio) നിലനിര്‍ത്താന്‍ തുറമുഖത്തിന് സാധിച്ചു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വെറും 10 മാസത്തിനുള്ളില്‍, 2025 ഒക്ടോബറില്‍ 500-ാമത്തെ കപ്പലിനെ വരവേറ്റ മുന്‍ വിജയത്തിന് പിന്നാലെയാണ് ഈ വേഗത്തിലുള്ള വളര്‍ച്ച.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ലൈന്‍ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് (Waterline Shipping and Logistics Private Ltd) എന്ന കമ്പനിയാണ് തുറമുഖത്തടുത്ത 1,000 കപ്പലുകളുടെയും മൂറിംഗ് (കപ്പല്‍ കെട്ടിയിടുന്ന) പ്രവര്‍ത്തനങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്തത്. 2023 ഒക്ടോബറില്‍ തുറമുഖത്തെത്തിയ ഏറ്റവും ആദ്യത്തെ കപ്പലായ 'ഷെന്‍ ഹുവ 15' (Zhen Hua 15) മുതല്‍ ഇങ്ങോട്ടുള്ള എല്ലാ കപ്പലുകളുടെയും മൂറിംഗ് നിര്‍വ്വഹിച്ചത് ഇവരാണ്.
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും സമുദ്ര പ്രവാഹങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍ മൂറിംഗ് എന്നത് തികച്ചും സങ്കീര്‍ണ്ണമായ ഒരു ജോലിയാണ്. വാട്ടര്‍ലൈന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സവിശേഷമാക്കുന്നത് അവരുടെ 28 ജീവനക്കാരാണ്; ഇവരെല്ലാവരും പ്രാദേശിക തീരദേശ സമൂഹത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ഈ കഠിനമായ ജോലികള്‍ക്കായി പ്രത്യേക പരിശീലനം നേടുകയും ചെയ്തവരാണ്. ഇന്ത്യയിലാദ്യമായി വിഴിഞ്ഞത്ത് നടപ്പിലാക്കിയ, തിരമാലകളുടെ ആഘാതം നിയന്ത്രിക്കാനും ബെര്‍ത്തിന്റെ ഉല്‍പ്പാദനക്ഷമത കൂട്ടാനും സഹായിക്കുന്ന അത്യാധുനിക മൂറിംഗ് സാങ്കേതികവിദ്യയായ 'ഷോര്‍ ടെന്‍ഷന്‍ സിസ്റ്റത്തില്‍' (Shore Tension System) ഈ സംഘം അടുത്തിടെ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.
ആഗോള ഷിപ്പിംഗ് ഭൂപടത്തില്‍ വിഴിഞ്ഞം ഒരു പ്രധാന ഹബ്ബായി മാറുന്നതോടെ സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ വരുമാന വളര്‍ച്ചയ്ക്കാണ് വഴിതുറക്കുന്നത്. അന്താരാഷ്ട്ര കപ്പല്‍ ചാലുകളോടുള്ള സാമീപ്യവും ആഴക്കടല്‍ സൗകര്യവും വിഴിഞ്ഞത്തിന് കൂടുതല്‍ വിദേശ കപ്പലുകളെ ആകര്‍ഷിക്കാന്‍ തുണയാകുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വന്‍കിട മദര്‍ഷിപ്പുകള്‍ തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Vizhinjam International Seaport reaches a historic milestone by handling its 1,000th ship, cementing its position among the world's fastest-growing ports.
Read DhanamOnline in English
Subscribe to Dhanam Magazine