കേരളത്തിന്റെ വാണിജ്യ-വ്യവസായ ഭൂപടത്തില്‍ പുതിയൊരു സുവര്‍ണ അധ്യായം കുറിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള നേരിട്ടുള്ള ചരക്ക് കയറ്റുമതി-ഇറക്കുമതി (EXIM) സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്.
അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെ ലോകത്തിലെ 107 രാജ്യങ്ങളിലേക്ക് നേരിട്ട് ശൃംഖലയുള്ള വിഴിഞ്ഞം പോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ ഉത്പന്നങ്ങള്‍ക്ക് ഇനി കുറഞ്ഞ ചെലവില്‍ ലോകവിപണിയിലേക്ക് നേരിട്ട് വഴിതുറക്കും. തിരുവനന്തപുരത്തെ വിഴിഞ്ഞം പോര്‍ട്ട് വളപ്പില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ളാഗ് ഓഫും നിര്‍വഹിച്ചു.
രാജ്യാന്തര തലത്തിലുള്ള ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും വേഗത്തിലാക്കുന്ന വിഴിഞ്ഞം പോര്‍ട്ടിന്റെ എക്‌സിം സര്‍വീസ് സംസ്ഥാനത്തെ ചെറുകിട-ഇടത്തരം (MSME) സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ഒരേപോലെ ആവേശം പകരുന്ന ഒന്നാണ്. കിന്‍ഫ്രയിലും ശാസ്തമംഗലത്തും പ്രവര്‍ത്തിക്കുന്ന നിലമേല്‍ എക്‌സ്‌പോര്‍ട്ട്‌സിന്റെ ഡ്രൈ-കണ്ടെയ്‌നര്‍ ഭക്ഷ്യോത്പന്നങ്ങളുമായി ആദ്യ കപ്പല്‍ സ്‌പെയിനിലെ വലന്‍സിയയിലേക്ക് ഇന്ന് യാത്രതിരിച്ചു. എം.എസ്.സി (MSC) കപ്പല്‍ കമ്പനിയുടെ ഹിമാലയ എക്‌സ്പ്രസ് സര്‍വീസിന്റെ ഭാഗമായാണ് ഇത് സാധ്യമായത്. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, കൊയിഗ, അബിഡ്ജാന്‍, ടെമ, ലോമെ തുടങ്ങിയ സൗത്ത്-വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും നേരിട്ട് കപ്പലുകള്‍ അയക്കുന്ന ഇന്ത്യ-ആഫ്രിക്ക സര്‍വീസിനും ഇതോടെ തുടക്കമായിട്ടുണ്ട്.
പെട്ടെന്ന് കേടുവരുന്ന സംസ്‌കരിച്ച മത്സ്യം, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തേന്‍, പൂക്കള്‍ എന്നിവയ്ക്ക് പുറമെ കുടുംബശ്രീ ഉത്പന്നങ്ങള്‍, കശുവണ്ടി, കയര്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം ഇനി ഇടനിലക്കാരുടെ സഹായമില്ലാതെ വിഴിഞ്ഞത്തുനിന്ന് വിദേശങ്ങളിലേക്ക് അയക്കാം. ആഫ്രിക്കന്‍ തുറമുഖങ്ങളില്‍ നിന്നുള്ള തോട്ടണ്ടി വിഴിഞ്ഞത്ത് നേരിട്ട് ഇറക്കാമെന്നത് കൊല്ലത്തെയും സമീപപ്രദേശങ്ങളിലെയും കശുവണ്ടി വ്യവസായത്തിന് വലിയ ആശ്വാസമാകും. ഇതുവരെ കയറ്റുമതിക്കായി കൊളംബോ, സിംഗപ്പൂര്‍, ദുബായ്, അല്ലെങ്കില്‍ തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന പ്രാദേശിക കയറ്റുമതിക്കാര്‍ ഇനി വിഴിഞ്ഞത്തെ പ്രധാന ഹബ്ബായി മാറ്റുന്നതോടെ വന്‍തോതില്‍ ലോജിസ്റ്റിക്‌സ് ചെലവുകള്‍ കുറയും.
വിഴിഞ്ഞം പോര്‍ട്ട് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ട്രാന്‍സിറ്റ് സമയത്തില്‍ ഉണ്ടാകുന്ന വലിയ കുറവാണ് കയറ്റുമതിക്കാരെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടമെന്ന് സീഫുഡ് എക്‌സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ - കേരള റീജിയന്‍ പ്രസിഡന്റ് ബാബു ഭട്ട് ധനം ഓണ്‍ലൈനിനോട് പറഞ്ഞു. നിലവില്‍ യൂറോപ്പിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ 45 മുതല്‍ 50 ദിവസം വരെ സമയമെടുക്കുന്നുണ്ടെങ്കില്‍, പുതിയ സംവിധാനത്തിലൂടെ അത് 30 മുതല്‍ 35 ദിവസമായി കുറയ്ക്കാന്‍ സാധിക്കും. അതായത് 30 മുതല്‍ 35 ശതമാനത്തോളം സമയം ലാഭിക്കാം. കൊളംബോ, സിംഗപ്പൂര്‍, സലാല തുടങ്ങിയ വിദേശ പോര്‍ട്ടുകള്‍ വഴി ട്രാന്‍സ്ഷിപ്പ്‌മെന്റ് നടത്തുന്നതിന് പകരം, വലിയ മദര്‍ വെസലുകള്‍ (Mother Vessels) നേരിട്ട് വിഴിഞ്ഞത്തേക്ക് എത്തുന്നത് സമയം ലാഭിക്കാനും കൂടുതല്‍ കണ്ടെയ്‌നറുകള്‍ അയക്കാനും സഹായിക്കും. എന്നാല്‍ സര്‍വ്വീസ് ചാര്‍ജുകളില്‍ എത്രത്തോളം സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് ആദ്യ ഷിപ്പ്‌മെന്റുകള്‍ പൂര്‍ത്തിയായി ബില്ലുകള്‍ ലഭിച്ച ശേഷം മാത്രമേ വ്യക്തമായി പറയാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്‌സിം സര്‍വീസ് വഴി സ്‌പെയിനിലേക്ക് 28 ദിവസം കൊണ്ട് ചരക്കുകളെത്തുമ്പോള്‍, അമേരിക്കയിലേക്കുള്ള യാത്രാസമയം നിലവിലെ 60-65 ദിവസങ്ങളില്‍ നിന്ന് 37-44 ദിവസമായും കാനഡയിലേക്കുള്ള സമയം 90 ദിവസത്തില്‍ നിന്ന് 40-45 ദിവസമായും പകുതിയോളം കുറയും. മുന്‍പ് വിദേശ മദര്‍ ഷിപ്പുകളിലേക്ക് സാധനങ്ങള്‍ മാറ്റിക്കയറ്റാന്‍ ഉണ്ടായിരുന്ന ഭീമമായ ട്രാന്‍സ്ഷിപ്പ്‌മെന്റ് ചാര്‍ജുകള്‍ ഇല്ലാതാകുന്നത് അന്താരാഷ്ട്ര വിപണിയില്‍ കേരള ഉത്പന്നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. കൂടാതെ, വെയര്‍ഹൗസിങ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് തുടങ്ങിയ മേഖലകളില്‍ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും ഇത് വഴിയൊരുക്കും.
പദ്ധതിയുടെ രണ്ടാം ഘട്ട (Phase 2) വികസനത്തിനായി 16,000 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) സി.ഇ.ഒ അശ്വനി ഗുപ്ത അറിയിച്ചു. ഇതോടെ വിഴിഞ്ഞം പദ്ധതിയിലെ അദാനി ഗ്രൂപ്പിന്റെ ആകെ നിക്ഷേപം 30,000 കോടി രൂപയായി വർധിക്കും. ഒരു സ്വകാര്യ സംരംഭകൻ കേരളത്തിൽ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. 2028 ഡിസംബറോടെ ഫേസ്-2 നിർമ്മാണം പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ വാർഷിക ശേഷി 57 ലക്ഷം ടി.ഇ.യു (TEU) ആയി വർധിക്കും.
നിലവിൽ ഇന്ത്യയുടെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ചരക്കുകളുടെ 75 ശതമാനത്തിലധികവും വിദേശ തുറമുഖങ്ങൾ വഴിയാണ് കൈകാര്യം ചെയ്യുന്നത്. ഇത് ലോജിസ്റ്റിക്സ് ചെലവിലും യാത്രാ സമയത്തിലും വൻ വർധനയുണ്ടാക്കിയിരുന്നു. വിഴിഞ്ഞത്ത് എക്സിം ഓപ്പറേഷൻസ് ആരംഭിച്ചതോടെ ഈ ഘടനാപരമായ പരാധീനത പരിഹരിക്കപ്പെടും. പ്രധാന അന്താരാഷ്ട്ര കപ്പൽ പാതയിൽ നിന്ന് കേവലം 10 നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്നതും 18 മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴമുള്ളതും അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളെ (ULCV) എളുപ്പത്തിൽ അടുപ്പിക്കാൻ സഹായിക്കും.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വ്യാപാരികൾക്കും നിർമ്മാണ മേഖലയ്ക്കും വിഴിഞ്ഞത്തിന്റെ എക്സിം സേവനങ്ങൾ നേരിട്ട് പ്രയോജനപ്പെടും. ബെംഗളൂരു, കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ പ്രമുഖ വ്യവസായ കേന്ദ്രങ്ങളിൽ നിന്നുള്ള കയറ്റുമതി ചെലവും സമയവും ഗണ്യമായി കുറയും. പുതിയ ഘട്ടത്തിൽ 5,000-ത്തിലധികം നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 ഡിസംബർ 3-ന് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം ഇതുവരെ 22.8 ലക്ഷം ടി.ഇ.യു ചരക്കുകളും 1,100-ലധികം കപ്പലുകളും വിഴിഞ്ഞം കൈകാര്യം ചെയ്തു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ 'എം.എസ്.സി ഇറിന'യും വിഴിഞ്ഞത്താണ് ആദ്യമായി അടുപ്പിച്ചത്.
തുറമുഖാനുബന്ധ വ്യാവസായിക ക്ലസ്റ്ററുകളും വെയര്‍ഹൗസുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചുകൊണ്ട് കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ മാരിടൈം ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന 400 കോടി രൂപയുടെ 'മിഷന്‍ സമുദ്ര' പദ്ധതിയും മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. വിഴിഞ്ഞത്തിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ 'മിഷൻ സമുദ്ര' പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖത്തിലേക്കുള്ള റിംഗ് റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ 3,200 കോടി രൂപ അനുവദിക്കും. ഇതിനുപുറമേ, രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി 1,200 മീറ്റർ അധിക ബർത്ത്, സ്ഥിരം റെയിൽ കണക്റ്റിവിറ്റി, മെച്ചപ്പെടുത്തിയ റോഡ് ശൃംഖല, ലോജിസ്റ്റിക്സ് പാർക്കുകൾ, വെയർഹൗസുകൾ എന്നിവയും സജ്ജമാക്കും.
വിഴിഞ്ഞം പൂര്‍ണ്ണസജ്ജമാകുന്നതോടെ ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് വരുമാന ചോര്‍ച്ച തടയാനും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനവും വിദേശനാണ്യ വരുമാനവും കുത്തനെ ഉയര്‍ത്താനും സാധിക്കുമെന്നാണ് വാണിജ്യലോകത്തിന്റെ വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine