ധനം എംഎസ്എംഇ സമ്മിറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുന്ന മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍. 
Business Kerala

ജി.എസ്.ടി പരിഷ്‌കരണം വലിയ മാറ്റം വരുത്തും, ചെറിയ കാര്യങ്ങളില്‍ നിന്നാണ് വലിയ കാര്യങ്ങള്‍ ഉയര്‍ന്നു വരുന്നത്, പരാജയങ്ങള്‍ പാഠമാക്കി വളരാനാകും: വി.പി നന്ദകുമാര്‍

ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ സമ്മിറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Dhanam News Desk

രാജ്യത്ത് ജി.എസ്.ടിയിലുണ്ടായ പരിഷ്‌കരണം എം.എസ്.എം.ഇ മേഖലയിലുള്‍പ്പെടെ വ്യവസായ മേഖലയില്‍ വലിയ വിപ്ലവകരമായ മാറ്റം കൊണ്ടു വരുമെന്ന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍. കൂടുതല്‍ ആവശ്യമുള്ള ഉത്പന്നങ്ങളെല്ലാം തന്നെ അഞ്ച് ശതമാനം ടാക്‌സ് ബ്രാക്കറ്റിലേക്ക് വന്നിട്ടുണ്ട്. സെയില്‍സ് കൂട്ടാനും അതുവഴി ഉപഭോഗം ഉയരാനും ഇത് ഗുണകരമാകും. ഉപഭോഗത്തെ ആശ്രയിച്ചാണ് ഉത്പാദനം നടക്കുന്നത്. ഇതെല്ലാം വലിയ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ സമ്മിറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായി സംരംഭകരെ അംഗീകരിക്കുന്ന ഒരു സമൂഹമാണ് ഇപ്പോഴുള്ളത്. കേരളത്തിലും ഇന്ത്യയിലും എം.എസ്.എം.ഇ മേഖലയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഗ്രാമങ്ങളില്‍ പോലും എം.എസ്.എം.ഇകള്‍ക്ക് വളര്‍ന്നു വരാന്‍ സാഹചര്യം ഉണ്ട്. പല രാജ്യങ്ങളിലേക്കും പോയ മലയാളികള്‍ ഇപ്പോള്‍ തിരിച്ചു വന്ന് സംരംഭങ്ങള്‍ തുടങ്ങുന്നുണ്ടെന്നതും കേരളത്തിന്റെ സാധ്യതകള്‍ കൂട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെക്‌നോളജിയ്‌ക്കൊപ്പം മാറണം

ടെക്‌നോളജി ഉണ്ടാക്കുന്ന കീഴ്‌മേല്‍ മറിക്കലുകളാണ്‌ ഇപ്പോഴത്തെ വെല്ലുവിളി. പക്ഷെ ഇതു തന്നെയാണ് ഏറ്റവും വലിയ അവസരവും. ജനറേറ്റീവ് എ.ഐ, ഏജന്റിക് എ.ഐ എന്നിവയുടെയൊക്കെ കാലഘട്ടമാണിത്. ഇത്തരം ടൂളുകളിലൊക്കെ അനുദിനം മുന്നേറ്റങ്ങളും ഉണ്ടാവുന്നു. ഡേറ്റയുടെ ഒരു ഒഴുക്ക് തന്നെ ഇതു വഴി ഉണ്ടാകുന്നു. ഇവയൊക്കെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇവയുടെ വരവ് ജോലികള്‍ ഇല്ലാതാക്കുമെന്ന ആശങ്കയില്‍ കാര്യമല്ല. അടുത്ത അഞ്ച് വര്‍ഷത്തില്‍ എ.ഐ ഉപയോഗിക്കാത്ത ആരുമുണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്.എം.ഇയില്‍ കൂടുതല്‍ സാധ്യതകള്‍

ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നത് എം.എസ്.എ.ഇ സെക്ടറാണ്. യൂണിവേഴ്‌സിറ്റികളുമായും മറ്റും ചേര്‍ന്ന് കമ്പനികള്‍ അവര്‍ക്ക് വേണ്ട വൈദഗ്ധ്യമുള്ള ജീവനക്കാരെ ലഭ്യമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് കൂടുതലും പെണ്‍കുട്ടികളാണ്. കണ്ടിന്യൂയിംഗ് എഡ്യുക്കഷന്‍, കോഴ്‌സുകള്‍ മാറ്റാനുള്ള സൗകര്യം എന്നിവയൊക്കെ പലര്‍ക്കും കരിയര്‍ ഡെവലപ്‌മെന്റിന് സഹായിക്കുന്നുണ്ടെന്നും നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT