മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നൊരു സംരംഭം തുടങ്ങി. പ്രീമിയം സെഗ്മെന്റില്‍ വരുന്ന ഹെര്‍ബല്‍ ഹാന്‍ഡ് മെയ്ഡ് സോപ്പ്. ഒരു സോപ്പില്‍ എന്താണിത്ര പ്രത്യേകതയെന്നാണോ ചിന്തിക്കുന്നത്. ഹാന്‍ഡ് മെയ്ഡായുള്ള ഈ സോപ്പിനൊപ്പം അവര്‍ നല്കുന്നൊരു സമ്മാനം കൂടിയുണ്ട്. വയനാട്ടില്‍ നിന്നുള്ള വിത്തുകളും സോപ്പ് പായ്ക്കറ്റിനൊപ്പം നല്കുന്നുവെന്നതാണ് നോറ ഹെര്‍ബല്‍സ് എന്ന സംരംഭത്തെ വ്യത്യസ്തമാക്കുന്നത്.
സുഹൃത്തുക്കളായ സ്വപ്‌ന, ലക്ഷ്മി, പ്രസീത എന്നീ സുഹൃത്തുക്കളാണ് ഈ സംരംഭത്തിന് പിന്നില്‍. വയനാട് സ്വദേശികളായ മൂവരും പ്രകൃതിസ്‌നേഹികള്‍ കൂടിയാണ്. എന്തു സംരംഭം തുടങ്ങിയാലും അതില്‍ വയനാടിന്റെ കൈയൊപ്പ് പതിപ്പിക്കണമെന്നത് ഇവരുടെ നിര്‍ബന്ധമായിരുന്നു.
അങ്ങനെയാണ് ഹാന്‍ഡ് മെയ്ഡ് ഹെര്‍ബല്‍ സോപ്പുകളിലേക്ക് എത്തുന്നത്. വയനാട്ടില്‍ വളരുന്ന പ്രകൃതിവിഭവങ്ങളില്‍ നിന്നാണ് സോപ്പിന് ആവശ്യമായ ചേരുവകള്‍ ഇവര്‍ ശേഖരിക്കുന്നത്. ഹാന്‍ഡ് മെയ്ഡായിട്ടാണ് സോപ്പ് നിര്‍മാണം. സോപ്പ് വാങ്ങുന്നവര്‍ക്ക് തങ്ങളുടെ നാടിനെ അടയാളപ്പെടുത്തുന്ന എന്തു നല്കുമെന്ന ചിന്തയില്‍ നിന്നാണ് വ്യത്യസ്ത ഐഡിയ ഇവരിലേക്ക് എത്തുന്നത്.
വയനാട്ടില്‍ വളരുന്ന ഔഷധ സസ്യങ്ങളുടെയും ചെടികളുടെയുമെല്ലാം വിത്തുകളാണ് സമ്മാനമായി നല്കുന്നത്. പ്രകൃതിയില്‍ നിന്നെടുക്കുന്നത് പ്രകൃതിക്ക് തന്നെ നല്കുകയെന്നതാണ് ഇത്തരമൊരു ആശയത്തിനു പിന്നിലെന്ന് സ്ഥാപകരിലൊരാളായ ലക്ഷ്മി പറയുന്നു.
പ്രധാനമായും ഹെര്‍ബല്‍ ഹാന്‍ഡ് മെയ്ഡ് സോപ്പുകളാണ് നോറ ഒരുക്കുന്നത്. കോള്‍ഡ് പ്രോസസ്ഡ് സോപ്പുകളും ഗ്ലിസറിന്‍ ബേസ്ഡ് സോപ്പുകളും ബോഡി വാഷും നോറ നിര്‍മിക്കുന്നുണ്ട്. കസ്തൂരി മഞ്ഞള്‍, കുപ്പമേനി, റോസ് പെറ്റല്‍സ്, കറ്റാര്‍വാഴ, പപ്പായ, സാന്‍ഡല്‍വുഡ്, സാഫ്രോണ്‍ എന്നിവയൊക്കെ ഉപയോഗിച്ചാണ് സോപ്പ് നിര്‍മാണം. സോപ്പ് വാങ്ങുന്നവര്‍ക്കൊപ്പം ഇവയുടെ വിത്തുകളും നല്കുന്നു.
സോപ്പ് വാങ്ങുന്നവര്‍ക്ക് കിട്ടുന്ന വിത്തുകള്‍ ചുമ്മാ വലിച്ചെറിഞ്ഞാല്‍ പോലും അത് തനിയെ വളര്‍ന്നു വരണമെന്ന ഉദ്ദേശമുള്ളതിനാല്‍ അത്തരത്തിലുള്ള വിത്തുകളാണ് നല്കുന്നത്. പ്രോസസ് ചെയ്ത വിത്തുകളാണ് നോറ നല്‍കുന്നത്.
പ്രാദേശിക വിപണിയിലും സോഷ്യല്‍ മീഡിയ വഴിയുമാണ് നോറ ഹെര്‍ബല്‍സ് ഇപ്പോള്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത്. വയനാടിന്റെ പച്ചപ്പും തനിമയും ഒളിച്ചുവെക്കുന്ന ഈ സംരംഭത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് സ്വപ്നയും ലക്ഷ്മിയും പ്രസീതയും ലക്ഷ്യമിടുന്നത്. ഭാവിയില്‍ സോപ്പുകള്‍ക്ക് പുറമെ മറ്റ് ആയുര്‍വേദ-ഹെര്‍ബല്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ കൂടി വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ഈ വനിതാ സംരംഭകര്‍. ഒപ്പം, കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine