AI generated image
Business Kerala

എന്താണ് പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്? ഇത് കൈപൊള്ളിക്കുമോ അതോ നേട്ടം സമ്മാനിക്കുമോ?

റെമിറ്റൻസ് ഇക്കോണമി എന്ന നിലയിൽ നിന്നും കേരളത്തെ ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമിയാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം

Pintu Prakash

കേരള സമ്പദ്‌‍വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി നിക്ഷേപങ്ങളെ, ഭാവി വികസന പ്രവർത്തനങ്ങളിലേക്കുള്ള മൂലധനമാക്കി മാറ്റാൻ മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പുതിയ പ്രഖ്യാപനം. സ്റ്റാർട്ടപ്പുകൾ, ടൂറിസം, കാർഷിക മൂല്യവർദ്ധിത സംരംഭങ്ങൾ, ആരോഗ്യരംഗം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവാസികൾക്ക് കൂട്ടായി നിക്ഷേപം നടത്താൻ സൗകര്യമൊരുക്കുന്ന 'പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്' രൂപീകരിക്കും.

ലോകമെങ്ങും നിറഞ്ഞുനിൽക്കുന്ന മലയാളി പ്രവാസികളുടെ പരിചയസമ്പത്തും അറിവും പ്രയോജനപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വികസനത്തിനുതകുന്ന നിക്ഷേപകരായും സംരംഭകരായും അവരെ മാറ്റിയെടുക്കാൻ കൂടിയാണ് ഈ പരിശ്രമം. ഇതിലൂടെ റെമിറ്റൻസ് ഇക്കോണമി എന്ന നിലയിൽ നിന്നും കേരളത്തെ ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമിയാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ബജറ്റിൽ വ്യക്തമാക്കി.

പ്രവാസി ബാങ്ക് നിക്ഷേപം

കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ പ്രവാസികൾക്കുള്ള സ്വാധീനം വളരെ വലുതാണ്. 2025 മാർച്ച് വരെയുള്ള സർക്കാർ കണക്കുകളനുസരിച്ച് സംസ്ഥാനത്തെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലെ മൊത്തം പ്രവാസി നിക്ഷേപം 2,93,622 കോടി രൂപയാണ്. ഇത് കേരളത്തിലെ ആകെ ബാങ്കിംഗ് നിക്ഷേപത്തിന്റെ 30.96 ശതമാനത്തോളം വരും.

ഇതിൽ പൊതുമേഖല വാണിജ്യ ബാങ്കുകളിലെ (റീജ്യണൽ റൂറൽ ബാങ്ക് ഉൾപ്പെടെ) പ്രവാസി നിക്ഷേപം 1,25,374 കോടി രൂപയാണ്. 20-ഓളം സ്വകാര്യ ബാങ്കുകളിലായി 1,63,218 കോടി രൂപയും പ്രവാസികളുടെ വിവിധ നിക്ഷേപങ്ങളായുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തെ ബാങ്കുകളിൽ വെറുതെ കിടക്കുന്ന ഈ വൻതോതിലുള്ള പ്രവാസി നിക്ഷേപത്തെ കേരളത്തിന്റെ ഉത്പാദനക്ഷമമായ വികസന പദ്ധതികളിലേക്കുള്ള മൂലധനമായി ആകർഷിക്കുകയാണ് പുതിയ ഇൻവെ​സ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ടിന്റെ ലക്ഷ്യം.

എന്താണ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്?

വിവിധ തരത്തിലുള്ള ആസ്തികളിൽ നിക്ഷേപിക്കുന്നതിനായി, നിക്ഷേപകരിൽ നിന്ന് പണം സമാഹരിക്കാൻ ഉപയോഗിക്കുന്ന വിശാലവും നിയമപരവുമായ ട്രസ്റ്റ് സംവിധാനമാണ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്. 1882-ലെ ഇന്ത്യൻ ട്രസ്റ്റ് നിയമം അല്ലെങ്കിൽ സമാനമായ മറ്റ് ചട്ടങ്ങൾ പ്രകാരമാണ് ഇവ രൂപീകരിക്കപ്പെടുന്നത്. ഇതിൽ ഒരു സെറ്റ്‌‍ലർ (സ്ഥാപകൻ), ട്രസ്റ്റി (നിയമപരമായ സൂക്ഷിപ്പുകാരൻ), ഫണ്ട് മാനേജർ, ബെനിഫിഷ്യറികൾ (നിക്ഷേപകർ/ഗുണഭോക്താക്കൾ) എന്നിവർ ഉൾപ്പെടുന്നു. നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഈ ഫണ്ടുകൾക്ക് വലിയ രീതിയിലുള്ള സ്വാതന്ത്ര്യമുണ്ട്.

ട്രസ്റ്റ് ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുള്ളത് അനുസരിച്ച് ലിസ്റ്റഡ് ഓഹരികൾ, സ്റ്റാർട്ടപ്പ് ഇക്വിറ്റികൾ, ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ (ഇൻഫ്രാ) തുടങ്ങി വിവിധ ആസ്തികളിൽ ഈ പണം വിന്യസിക്കാൻ സാധിക്കും. ഇത്തരം ഫണ്ടുകൾ പലപ്പോഴും സ്വകാര്യമോ അല്ലെങ്കിൽ നിശ്ചിത കാലാവധിയുള്ളതോ (Closed-ended) ആയിരിക്കും. കുടുംബങ്ങളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്ന ട്രസ്റ്റുകൾ, വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകൾ, കേരള ബജറ്റിൽ നിർദേശിച്ചിരിക്കുന്ന 'പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്' പോലെയുള്ള സർക്കാർ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT