Gold  Canva
Business Kerala

യുദ്ധത്തിന് ശമനമില്ലെങ്കിലും കണക്കുകൂട്ടൽ തെറ്റിച്ച് സ്വർണം; ഇന്ന് പവന് ₹2,400 കുറഞ്ഞു; എന്തുകൊണ്ട് വില ഇടിവ്?

ഇറാൻ–യു.എസ് സംഘർഷ പശ്ചാത്തലത്തിൽ മറ്റ് വിപണികളിൽ ഇന്ന് സ്വർണ വില കൂടിയെങ്കിലും കേരളത്തിൽ കുറയുകയാണ് ചെയ്തത്. എന്തുകൊണ്ട്?

Dhanam News Desk

സംസ്ഥാനത്ത് സ്വ‌ർണ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കത്തിക്കയറിയതിനു ശേഷമാണ് തിങ്കളാഴ്ചത്തെ (2026 മാർച്ച് 2) വ്യാപാരത്തിൽ സ്വർണ വില കുത്തനെ താഴേക്ക് വീണത്. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് രാവിലെ 22 കാരറ്റിന്റെ ഒരു ​ഗ്രാമിന്റെ വിപണി വില 15,565 രൂപയായി താഴ്ന്നു. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് 2,400 രൂപ താഴ്ന്ന് പുതുക്കിയ വില 1,24,520 രൂപയായി.

അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 245 രൂപ കുറഞ്ഞ് 12,785 രൂപയാണ് ഇന്ന് രാവിലത്തെ വിപണി വില. ഇത് സ്വർണ വ്യാപാരികളുടെ സംഘടനായ കെ.ജി.എസ്.എം.എയുടെ കീഴിലുള്ള ജൂവൽറികളിലെ നിരക്കാണ്. എന്നാൽ എ.കെ.ജി.എസ്.എം.എയുടെ കീഴിലുള്ള കടകളിൽ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 12,850 രൂപയാണ് ഇന്നത്തെ വിലയായി നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം 14 കാരറ്റിന്റെ ഒരു ​ഗ്രാമിന് 190 രൂപ താഴ്ന്ന് 9,955 രൂപയാണ് തിങ്കളാഴ്ച വിപണി വിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. 9 കാരറ്റിന്റെ ഒരു ​ഗ്രാമിന് 120 രൂപ കുറഞ്ഞ് 6,420 രൂപയുമായി.

എന്തുകൊണ്ട് വില ഇടിഞ്ഞു?

രാജ്യാന്തര വിപണിയിൽ ശനി, ‍ഞായർ ദിനങ്ങളിൽ വ്യാപാരം ഇല്ലാതിരുന്നിട്ടും ​ഇറാൻ - യു.എസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സ്വർണ വിലയിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു. യുഎഇ ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ ആക്രമിക്കുന്ന പശ്ചാത്തലത്തിലും രൂപയുടെ വിലയിടിവ് സാധ്യതയും കണക്കിലെടുത്തായിരുന്നു ശനി, ഞായർ ദിനങ്ങളിലായി കേരളത്തിലെ സ്വർണ വിലയിൽ 8,440 രൂപയുടെ വർധനയുണ്ടായത്.

എന്നാൽ തിങ്കളാഴ്ച രാവിലെ രാജ്യാന്തര വിപണിയിൽ വ്യാപാരം പുനരാരംഭിച്ചതോടെ, പ്രതീക്ഷിച്ച മുന്നേറ്റം സ്വർണത്തിൽ ഉണ്ടാകാതിരുന്നതോടെ, കേരളത്തിലെ വില ഉയർന്നു നിൽക്കുന്ന അവസ്ഥയായി. ഇതോടെയാണ് ഇന്ന് രാവിലെ വില കുറയ്ക്കാൻ നിർബന്ധിതരായത്.

വെള്ളി വില കൂടി

സംസ്ഥാനത്ത് വെള്ളി വിലയിൽ വർധന. കേരളത്തിലെ പ്രമുഖ വ്യാപാര സംഘടനയായ എ.കെ.ജി.എസ്.എം.എ നൽകുന്ന ബോർഡ് റേറ്റ് പ്രകാരം ഇന്ന് ഒരു ​ഗ്രാം വെള്ളിക്ക് 35 രൂപ വർധിച്ച് വിപണി വില 330 രൂപയായി. ആനുപാതികമായി 10 ​ഗ്രാം വെള്ളിക്ക് 3,300 രൂപയും 100 ​ഗ്രാം വെള്ളിക്ക് 33,000 രൂപയും ഒരു കിലോ​ഗ്രാം വെള്ളിക്ക് 3,33,000 രൂപയായും രേഖപ്പെടുത്തി.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

തിങ്കളാഴ്ച വിലയിൽ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേൽ 18 ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും ചേര്‍ത്ത് 1,41,383 രൂപയെങ്കിലും ചെലവാക്കിയാലാണ് ഇന്ന് ജുവൽറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ സാധിക്കുക. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടാം എന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT