Business Kerala

കേരളത്തിന്റെ രുചിപെരുമ കോര്‍പറേറ്റ് ഭീമന്മാരിലേക്ക്; എന്തുകൊണ്ട് മലയാളി ഫുഡ് ബ്രാന്‍ഡുകള്‍ വിറ്റഴിക്കപ്പെടുന്നു?

എന്തുകൊണ്ടാണ് കോര്‍പറേറ്റ് കമ്പനികള്‍ കേരളത്തിലെ ഫുഡ് ബ്രാന്‍ഡുകള്‍ക്കായി കോടികള്‍ ചെലവഴിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നത്? കാരണങ്ങള്‍ പലതാണ്

Lijo MG

ഈസ്റ്റേണ്‍, നിറപറ, ബ്രാഹ്‌മിന്‍സ്... ഈ നിരയിലേക്ക് ഒടുവിലായി തൃശൂരിന്റെ അഭിമാനമായ 'ഡബിള്‍ ഹോഴ്സ്' കൂടി എത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഡബിള്‍ ഹോഴ്‌സിനെ ഏറ്റെടുക്കാന്‍ കോര്‍പറേറ്റ് വമ്പന്മാരായ വിപ്രോ കണ്‍സ്യൂമര്‍ കെയറും മുരുഗപ്പ ഗ്രൂപ്പുമാണ് ശ്രമങ്ങള്‍ നടത്തുന്നത്. ഒരുകാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന ഈ കമ്പനികള്‍ കോര്‍പറേറ്റുകളുടെ കൈയിലേക്ക് എത്തുമ്പോള്‍ മാറുന്നത് മലയാളിയുടെ അടുക്കള സംസ്‌കാരം മാത്രമല്ല, കേരളത്തിന്റെ ഫുഡ് ഇന്‍ഡസ്ട്രിയുടെ ആകെ ചിത്രമാണ്.

പതിറ്റാണ്ടുകളായി മലയാളി ഉടമസ്ഥതയിലായിരുന്ന ബ്രാന്‍ഡുകളെല്ലാം ഇന്ന് വന്‍കിട ദേശീയ-ആഗോള കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് എത്തപ്പെടുകയാണ്. കേരളത്തിലെ ഒന്നാം തലമുറ സംരംഭകര്‍ ചോരയും നീരുമൊഴുക്കി പടുത്തുയര്‍ത്തിയ ഈ വ്യവസായ സാമ്രാജ്യങ്ങള്‍ എന്തുകൊണ്ടാണ് ഒന്നൊന്നായി വില്‍പനയ്ക്ക് വരുന്നത്? എന്തുകൊണ്ടാണ് കോര്‍പറേറ്റ് കമ്പനികള്‍ കേരളത്തിലെ ഫുഡ് ബ്രാന്‍ഡുകള്‍ക്കായി കോടികള്‍ ചെലവഴിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നത്? കാരണങ്ങള്‍ പലതാണ്.

താത്പര്യമില്ലാത്ത പുതുതലമുറ

കേരളത്തിലെ പ്രമുഖ ഫുഡ് ബ്രാന്‍ഡുകളില്‍ പലതും 1970-80 കാലഘട്ടങ്ങളില്‍ ഒന്നാം തലമുറ സംരംഭകര്‍ കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയവയാണ്. എന്നാല്‍ ബിസിനസ് രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിലേക്ക് എത്തുമ്പോള്‍ കഥ മാറുന്നു.

പരമ്പരാഗത ഉല്‍പാദന-വിതരണ മേഖലകളില്‍ തുടരുന്നതിനേക്കാള്‍ മറ്റ് മേഖലകളില്‍ കരിയര്‍ കണ്ടെത്താനാണ് പുതുതലമുറയിലെ പലര്‍ക്കും താത്പര്യം. ബിസിനസ് ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാന്‍ കുടുംബത്തില്‍ അവകാശികള്‍ ഇല്ലാതെ വരുമ്പോള്‍ മികച്ച മൂല്യത്തില്‍ ബ്രാന്‍ഡിനെ കൈമാറാന്‍ പലരും തയാറാകുന്നു.

ആഗോള വളര്‍ച്ചയ്ക്കായി നിക്ഷേപം

കേരള വിപണിയില്‍ ശക്തമായ സാന്നിധ്യം നേടിയ ഒരു ബ്രാന്‍ഡിന് ദേശീയ, അന്താരാഷ്ട്ര വിപണികളിലേക്ക് വളരണമെങ്കില്‍ വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമാണ്. അത്യാധുനിക ഉല്‍പാദന സംവിധാനം, ഓട്ടോമേഷന്‍, ഗവേഷണം, ഗുണനിലവാര നിയന്ത്രണം, ബ്രാന്‍ഡിംഗ്, വിതരണ ശൃംഖല എന്നിവയ്ക്കായി കോടികള്‍ ചെലവഴിക്കേണ്ടിവരും.

ചെറിയ കുടുംബ ബിസിനസുകള്‍ക്ക് ഇത്രയും വലിയ നിക്ഷേപം സ്വന്തം നിലയില്‍ കണ്ടെത്തുക എളുപ്പമല്ല. എന്നാല്‍ വന്‍കിട കമ്പനികളുടെ കീഴിലെത്തുമ്പോള്‍ ശക്തമായ വിതരണ ശൃംഖലയും വിപണന സംവിധാനവും ഉപയോഗിച്ച് ബ്രാന്‍ഡിന് അതിവേഗം വളരാന്‍ സാധിക്കും. ചില കേരള കമ്പനികള്‍ പുറമേ നിന്നുള്ള നിക്ഷേപം സ്വീകരിക്കാന്‍ ഇതും കാരണമായിട്ടുണ്ട്.

സൂപ്പര്‍മാര്‍ക്കറ്റുകള്‍, ദേശീയ റീട്ടെയില്‍ ശൃംഖലകള്‍, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ വലിയ വിതരണ സംവിധാനവും മാര്‍ക്കറ്റിംഗ് ശേഷിയും ആവശ്യമാണ്. ഇത് ചെറിയ കുടുംബസ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍ കോര്‍പറേറ്റ് പങ്കാളിത്തം പ്രാധാന്യമേറുന്നു.

ദേശീയ ബ്രാന്‍ഡുകളും സ്വകാര്യ ലേബല്‍ ഉല്‍പന്നങ്ങളും (Private Labels) തമ്മിലുള്ള കടുത്ത മത്സരത്തില്‍ പരസ്യച്ചെലവും പ്രമോഷന്‍ ചെലവും വര്‍ധിച്ചതും കുടുംബ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് സമ്മര്‍ദം സൃഷ്ടിക്കുന്ന ഘടകമാണ്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍, കയറ്റുമതി സര്‍ട്ടിഫിക്കേഷനുകള്‍, ഗുണനിലവാര നിയന്ത്രണം, പാക്കേജിംഗ് നിയമങ്ങള്‍, പരിസ്ഥിതി ചട്ടങ്ങള്‍ എന്നിവ പാലിക്കുന്നതിനുള്ള ചെലവും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.

കടല്‍ കടക്കുന്ന വിപണി

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളികളാണ് കേരളത്തിലെ ഭക്ഷ്യ ബ്രാന്‍ഡുകളുടെ പ്രധാന ഉപഭോക്താക്കളില്‍ ഒരു വിഭാഗം. ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ കേരളീയ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് വലിയ ആവശ്യകതയുണ്ട്.

കേരളീയ ഭക്ഷണത്തിന്റെ ആധികാരികത, ഗുണനിലവാരം, പ്രവാസി മലയാളികള്‍ക്കിടയിലെ വിശ്വാസ്യത എന്നിവയാണ് കേരള ബ്രാന്‍ഡുകളുടെ പ്രധാന ശക്തി. ഈ വിശ്വാസ്യതയെ അടിസ്ഥാനമാക്കി ദേശീയതലത്തിലും അന്താരാഷ്ട്ര വിപണിയിലും വളര്‍ച്ച സാധ്യമാണെന്നാണ് ഏറ്റെടുക്കല്‍ നടത്തുന്ന കമ്പനികളുടെ കണക്കുകൂട്ടല്‍.

ഇതിനകം രൂപപ്പെട്ടിട്ടുള്ള ഉപഭോക്തൃ അടിത്തറയും വിശ്വാസ്യതയും ബ്രാന്‍ഡ് മൂല്യവുമാണ് വന്‍കിട കമ്പനികളെ കേരളത്തിലെ ഫുഡ് ബ്രാന്‍ഡുകളിലേക്ക് ആകര്‍ഷിക്കുന്നത്. പുതിയൊരു ബ്രാന്‍ഡ് ആദ്യം മുതല്‍ വളര്‍ത്തുന്നതിനേക്കാള്‍, ശക്തമായ വിപണിയും ഉപഭോക്തൃ വിശ്വാസവുമുള്ള ഒരു പ്രാദേശിക ബ്രാന്‍ഡിനെ ഏറ്റെടുക്കുന്നതാണ് പല കമ്പനികള്‍ക്കും ലാഭകരം.

മികച്ച മൂല്യനിര്‍ണയം ലഭിക്കുമ്പോള്‍ പിന്മാറ്റം

പ്രമുഖ കേരള ബ്രാന്‍ഡുകള്‍ക്ക് വന്‍കിട കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന തുക പലപ്പോഴും സ്ഥാപകര്‍ക്ക് നിരസിക്കാനാകാത്തതായിരിക്കും. പതിറ്റാണ്ടുകളായി നടത്തിയ അധ്വാനത്തിനും ബ്രാന്‍ഡ് നിര്‍മാണത്തിനും മികച്ച പ്രതിഫലം ലഭിക്കുമ്പോള്‍, സ്വീകരിക്കാന്‍ അവര്‍ തയാറാകുന്നു. പുതുതലമുറയ്ക്ക് ബിസിനസ് ഏറ്റെടുക്കാന്‍ താല്‌ര്യമില്ലാത്ത സാഹചര്യത്തില്‍ മികച്ച വിലയ്ക്ക് ഓഹരി വിറ്റ് പുറത്തുകടക്കാന്‍ കുടുംബം തയാറാകുന്നു.

കുടുംബ ബിസിനസുകളില്‍ തലമുറമാറ്റം വിജയകരമായി നടത്തുന്നത് ലോകമെമ്പാടുമുള്ള വെല്ലുവിളികളിലൊന്നാണ്. ഉടമസ്ഥാവകാശ കൈമാറ്റവും മാനേജ്‌മെന്റ് മാറ്റവും വിജയകരമായി നടക്കാത്ത സാഹചര്യത്തില്‍ തന്ത്രപരമായ വില്‍പന പല കമ്പനികളും തിരഞ്ഞെടുക്കുന്ന വഴിയാണ്.

ഏറ്റെടുക്കലുകള്‍ക്കുശേഷം ബ്രാന്‍ഡിന്റെ ഭാവി, ഉല്‍പാദന കേന്ദ്രങ്ങള്‍, തൊഴിലവസരങ്ങള്‍, വിതരണ ശൃംഖല എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ സാധാരണയായി ഉയരാറുണ്ട്. എന്നാല്‍ അന്തിമ ഫലം ഓരോ ഇടപാടിന്റെയും വ്യവസ്ഥകളെ ആശ്രയിച്ചിരിക്കും.

കേരളത്തിലെ ഭക്ഷ്യബ്രാന്‍ഡുകളുടെ ഉടമസ്ഥാവകാശത്തില്‍ മാറ്റം സംഭവിക്കുന്നുണ്ടെങ്കിലും, ഇതിലൂടെ ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ വിപണികളിലേക്കുള്ള പ്രവേശനം, സാങ്കേതിക നിക്ഷേപം, ആഗോള വിതരണ ശൃംഖല എന്നിവ ലഭിക്കാനുള്ള സാധ്യതയും ഉയര്‍ന്നുവരുന്നു. അതേസമയം, പ്രാദേശിക സംരംഭകത്വത്തിന്റെ അടുത്ത തലമുറ എങ്ങനെ രൂപപ്പെടുമെന്നതാണ് കേരളത്തിന്റെ ഭക്ഷ്യ വ്യവസായം നേരിടുന്ന പ്രധാന ചോദ്യമായി മാറുന്നത്.

An analysis of why Kerala's leading food brands are increasingly being acquired by large corporate groups amid reports surrounding Double Horse

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT