Canva
Business Kerala

വിഴിഞ്ഞത്തിന് കൂട്ടായി പൂവാറും എത്തുമോ? ഫയലിലൊതുങ്ങിയ കപ്പല്‍ നിര്‍മ്മാണശാലാ പദ്ധതിക്ക് പുതിയ സര്‍ക്കാര്‍ വന്നതോടെ വീണ്ടും അനക്കം

വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണ സജ്ജമാകുമ്പോള്‍ അവിടെയെത്തുന്ന കൂറ്റന്‍ മദര്‍ വെസലുകളുടെയും മറ്റ് വന്‍കിട കപ്പലുകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി ഒരു അന്താരാഷ്ട്ര നിലവാരമുള്ള യാര്‍ഡ് അനിവാര്യമാണെന്നിരിക്കെ പൂവാറിന് സാധ്യതകള്‍ ഏറെയാണ്

Dhanam News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വിജയകരമായ മുന്നേറ്റത്തിന് പിന്നാലെ, തെക്കന്‍ കേരളത്തിന്റെ തീരദേശ വികസനത്തിന് വന്‍ കുതിപ്പേകാന്‍ പോന്ന പൂവാര്‍ കപ്പല്‍ നിര്‍മ്മാണശാല (Poovar Shipyard) പദ്ധതിക്ക് വീണ്ടും പ്രതീക്ഷയേറുന്നു. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെയാണ് വര്‍ഷങ്ങളായി ഫയലുകളില്‍ ഒതുങ്ങിക്കിടന്ന ഈ ബൃഹദ് പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തീരദേശത്ത് വീണ്ടും സജീവമാകുന്നത്. വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണ സജ്ജമാകുമ്പോള്‍ അവിടെയെത്തുന്ന കൂറ്റന്‍ മദര്‍ വെസലുകളുടെയും മറ്റ് വന്‍കിട കപ്പലുകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി (Ship repair) ഒരു അന്താരാഷ്ട്ര നിലവാരമുള്ള യാര്‍ഡ് അനിവാര്യമാണെന്നിരിക്കെ പൂവാറിന് സാധ്യതകള്‍ ഏറെയാണ്.

പ്രതീക്ഷയും അനിശ്ചിതത്വവും

കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തില്‍, വിഴിഞ്ഞത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കപ്പല്‍ നിര്‍മ്മാണശാല യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ മാര്‍ച്ച് മാസത്തില്‍, ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ കാരണം നിര്‍മ്മാണച്ചെലവ് കൂടുമെന്നും പദ്ധതി സാമ്പത്തികമായി ലാഭകരമല്ലെന്നും മുന്‍ തുറമുഖ വകുപ്പ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത് വലിയ നിരാശയ്ക്ക് കാരണമായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ ഈ നിലപാടുകളില്‍ മാറ്റമുണ്ടാകുമെന്നും പദ്ധതിക്ക് അനുകൂലമായ നടപടികളുണ്ടാകുമെന്നുമാണ് നാട്ടുകാരുടെയും വികസനപ്രേമികളുടെയും പ്രതീക്ഷ.

പൂവാറിനെ തുണയ്ക്കുന്ന അനുകൂല ഘടകങ്ങള്‍

പൂവാര്‍ തീരത്തിന് കപ്പല്‍ നിര്‍മ്മാണശാലയ്ക്ക് അനുയോജ്യമായ പ്രകൃതിദത്തമായ നിരവധി സവിശേഷതകളുണ്ടെന്ന് മുന്‍പ് നടന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സ്വാഭാവിക ആഴമാണ് ഇതില്‍ പ്രധാനം. പൂവാര്‍ തീരത്തോട് ചേര്‍ന്നുള്ള കടലിന് 24 മുതല്‍ 30 മീറ്റര്‍ വരെ സ്വാഭാവികമായ ആഴമുണ്ട്. ഇത് വന്‍കിട കപ്പലുകള്‍ക്ക് എളുപ്പത്തില്‍ അടുക്കാന്‍ സഹായിക്കും. വര്‍ഷം മുഴുവന്‍ കപ്പലുകള്‍ക്ക് വന്നുപോകാന്‍ തക്കവിധം വേലിയേറ്റ-വേലിയിറക്ക വ്യത്യാസങ്ങള്‍ ഇവിടെ വളരെ കുറവാണ്.

ജനവാസ മേഖലകളെ ബാധിക്കാതെ, ഏകദേശം ഒന്നരക്കിലോമീറ്ററോളം ദൂരം കുടിയൊഴിപ്പിക്കല്‍ ഇല്ലാതെ തന്നെ പദ്ധതിക്കായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു കാര്യം.

നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള പരിശോധനാ കേന്ദ്രങ്ങള്‍ വിഴിഞ്ഞത്തിന് സമീപമുള്ളതും പൂവാറിന് ഗുണകരമാകും. വിഴിഞ്ഞം മൈനര്‍ പോര്‍ട്ടിന് സമീപം ഒരു ഷിപ്പ് റിപ്പയര്‍ യാര്‍ഡ് നിര്‍മ്മിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.

2007 മുതല്‍ തുടങ്ങിയ പഠനങ്ങള്‍

പൂവാറില്‍ കപ്പല്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ സാധ്യത പഠനം നടക്കുന്നത് 2007 ലാണ്. പിന്നീട് 2013 ല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനെ ഇതിന്റെ വിശദമായ പഠനത്തിനായി ചുമതലപ്പെടുത്തി. കേന്ദ്ര ഫിഷിംഗ് മന്ത്രാലയവും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സംയുക്തമായി നടത്തിയ പഠനങ്ങളില്‍ പൂവാര്‍ തീരത്തിന്റെ അനന്തമായ സാധ്യതകള്‍ അടിവരയിട്ട് വ്യക്തമാക്കിയിട്ടുള്ളതാണ്.

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏതന്‍സിനും സിംഗപ്പൂരിനും ഇടയിലുള്ള അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍ (International Shipping Route) മറ്റൊരു വലിയ കപ്പല്‍ നിര്‍മ്മാണശാലയില്ല. അതുകൊണ്ടുതന്നെ പൂവാറില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് ഏഷ്യയുടെ തന്നെ ഒരു പ്രധാന കവാടമായി മാറും. നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ വരുമാനം സര്‍ക്കാരിലേക്ക് എത്തുന്നതിനൊപ്പം, തീരദേശത്തെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതിക്ക് സാധിക്കും. വിഴിഞ്ഞം പദ്ധതി കൊണ്ടുവന്ന സാമ്പത്തിക ഉണര്‍വ് പൂവാറിലേക്കും വ്യാപിപ്പിക്കാന്‍ പുതിയ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT