ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ആഗോളതലത്തില്‍ ഇന്ധന വിപണിയെ പിടിച്ചുലയ്ക്കുമ്പോള്‍ ഇന്ത്യയിലെ പാചകവാതക വിതരണത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വം കാരണം എല്‍പിജി കപ്പലുകളുടെ വരവ് വൈകുന്നത് രാജ്യത്ത് സിലിണ്ടര്‍ ക്ഷാമത്തിന് വഴിതെളിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) ഉപയോഗിക്കുന്നവര്‍ വിതരണത്തെ ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ്. എന്നാല്‍ എല്‍പിജി ഉപഭോക്താക്കളെ അപേക്ഷിച്ച് പിഎന്‍ജി കണക്ഷനുള്ളവര്‍ നിലവില്‍ സുരക്ഷിതരാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എല്‍പിജി വിതരണം പ്രധാനമായും ഇറക്കുമതിയെയും ഭൗതിക വിതരണ ശൃംഖലയെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. കപ്പലുകള്‍ വൈകുന്നതും ബോട്ട്ലിംഗ് പ്ലാന്റുകളിലെ തിരക്കും സിലിണ്ടര്‍ വിതരണത്തെ പെട്ടെന്ന് ബാധിക്കും. എന്നാല്‍ പിഎന്‍ജി വിതരണം ഗ്യാസ് ഗ്രിഡുകള്‍ വഴിയായതിനാല്‍ ഇത്തരം താല്‍ക്കാലിക തടസങ്ങള്‍ ഇതിനെ നേരിട്ട് ബാധിക്കില്ല.
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതിനാല്‍ ഇറക്കുമതിയില്‍ നേരിയ കുറവുണ്ടായാല്‍ പോലും വീടുകളിലേക്കുള്ള പൈപ്പ് ലൈന്‍ ഗ്യാസ് തടസമില്ലാതെ ഉറപ്പാക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. സിലിണ്ടറുകള്‍ തീരുന്നതിനനുസരിച്ച് ബുക്ക് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടില്ലാത്തതും തടസമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നു.
കേരളത്തില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പിഎന്‍ജി ശൃംഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക കണക്ഷനുകളുള്ളത്. കൊച്ചി നഗരസഭ പരിധിയിലും കളമശ്ശേരി, തൃക്കാക്കര തുടങ്ങിയ നഗരസഭകളിലും പിഎന്‍ജി വിതരണം സജീവമാണ്.
തിരുവനന്തപുരത്ത് പ്രധാന നഗരമേഖലകളില്‍ പതിനായിരക്കണക്കിന് വീടുകളില്‍ ഇതിനകം കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പുരോഗമിക്കുകയാണ്. ആലപ്പുഴയിലെ ചേര്‍ത്തല, മാരാരിക്കുളം തുടങ്ങിയ ചില ഭാഗങ്ങളിലും സേവനം ലഭ്യമാണ്. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളെയും പൈപ്പ് ലൈന്‍ വഴി ബന്ധിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine