Business Kerala

എന്‍എസ്ഇ ഐപിഒയ്‌ക്കൊരുങ്ങുമ്പോള്‍ ശ്രദ്ധനേടി യുവ മലയാളി; ₹5,500 കോടിയുടെ ഓഹരിയുടമയായ ആ കഥ നേരിട്ട് കേള്‍ക്കാന്‍ ഇപ്പോള്‍ ഇതാ ഒരു അവസരം

ദുബായ് ആസ്ഥാനമായുള്ള ബ്യൂമെര്‍ക് കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനും സിഇഒയുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് എന്‍എസ്ഇയില്‍ 93.15 ലക്ഷം ഓഹരികളാണുള്ളത്

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി (IPO) രേഖകള്‍ സമര്‍പ്പിച്ചതോടെ വിപണിയില്‍ വീണ്ടും ചര്‍ച്ചയാകുന്നത് യുവ മലയാളി വ്യവസായിയുടെ വന്‍ നിക്ഷേപമാണ്. ലോകമെമ്പാടുമുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ പ്രമുഖ സ്ഥാനമുള്ള ഇന്ത്യയുടെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ സ്വന്തമായുള്ളവരില്‍ ഒരാളായി ഈ യുവ മലയാളി മാറിയിരിക്കുന്നു.

ദുബായ് ആസ്ഥാനമായുള്ള ബ്യൂമെര്‍ക് കോര്‍പ്പറേഷന്‍ (Buimerc Corporation) എക്സിക്യൂട്ടീവ് ചെയര്‍മാനും സിഇഒയുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് എന്‍എസ്ഇയില്‍ 93.15 ലക്ഷം ഓഹരികളാണുള്ളത്. അതായത് എന്‍എസ്ഇയുടെ 0.38 ശതമാനം ഓഹരികള്‍ അദ്ദേഹം കൈവശം വച്ചിരിക്കുന്നു. നിലവിലെ വിപണി മൂല്യമനുസരിച്ച് ഇതിന് ഏകദേശം 1,863 കോടി രൂപ വരും. ഇതോടെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഏറ്റവും വലിയ നാലാമത്തെ വ്യക്തിഗത ഓഹരി ഉടമയാണ് ഈ മലയാളി മാറി.

1.6 ശതമാനം ഓഹരി പങ്കാളിത്തമുള്ള രാധാകൃഷണന്‍ ദമാനി (7,1816.9 കോടി രൂപ), 0.4 ശതമാനം വീതം ഓഹരി വിഹിതമുള്ള സുനില്‍ കാന്ത് മുഞ്ജാല്‍ (2,040.5 കോടി രൂപ), മലയാളിയും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ (1,885) എന്നിവരാണ് എന്‍.എസ്.ഇയിലെ നിക്ഷേപത്തില്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് മുന്നിലുള്ളത്.

എന്‍എസ്ഇ ലിസ്റ്റിലുള്ള മറ്റൊരു മലയാളി ശോഭ ലിമിറ്റഡ്, ശോഭ എല്‍എല്‍സി എന്നിവയുടെ സ്ഥാപകനും ചെയര്‍മാനുമായ പി.എന്‍.സി മേനോനാണ്. അദ്ദേഹത്തിന് 420 കോടി രൂപ മൂല്യം വരുന്ന 0.1 ശതമാനം ഓഹരികള്‍ എന്‍എസ്ഇയിലുണ്ട്. ഡി.ആര്‍.എച്ച്.പി പ്രകാരം 2,000 രൂപയാണ് ഓഹരിക്ക് വില കണക്കാക്കുന്നത്. അതു പ്രകാരമാണ് ഓഹരി നിക്ഷേപത്തിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്.

ബിഎസ്ഇയിലെ ഒന്നാമന്‍!

എന്‍എസ്ഇയില്‍ മാത്രമല്ല, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (BSE) ഏറ്റവും കൂടുതല്‍ വ്യക്തിഗത ഓഹരി പങ്കാളിത്തമുള്ള നിക്ഷേപകനെന്ന നേട്ടവും സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് തന്നെയാണ്. നിലവില്‍ ബിഎസ്ഇയുടെ 2.01 ശതമാനം ഓഹരികളാണ് (82.08 ലക്ഷം ഓഹരികള്‍) ഇദ്ദേഹത്തിന്റെ പക്കലുള്ളത്. കഴിഞ്ഞ ദിവസത്തെ വിപണി മൂല്യമനുസരിച്ച് ഇതിന് മാത്രം ഏകദേശം 3,283 കോടി രൂപ വിലവരും (മേയ് 26-ലെ കണക്കനുസരിച്ച് ഇത് 3,627 കോടി രൂപയായിരുന്നു). മുന്‍പ് ബിഎസ്ഇയില്‍ 3.01 ശതമാനം ഓഹരികള്‍ ഉണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും മാസങ്ങളായി കുറെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.

എന്‍എസ്ഇയിലെയും ബിഎസ്ഇയിലെയും നിക്ഷേപങ്ങള്‍ ഒന്നിച്ച് ചേര്‍ത്താല്‍ ഏകദേശം 5,500 കോടി രൂപയുടെ ഓഹരി മൂല്യമാണ് ഈ മലയാളി വ്യവസായിക്കുള്ളത്. രാജ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ വ്യക്തിഗത നിക്ഷേപകരില്‍ ഏറ്റവും മുന്‍നിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഈ നിക്ഷേപകന്‍ വഹിക്കുന്ന പങ്ക് നിസാരമല്ല.

ബി.എസ്.ഇയില്‍ ക്രിസ്‌ ഗോപാലകൃഷ്ണന് 1.17 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇന്നത്തെ മൂല്യമനുസരിച്ച് 4,014 കോടി രൂപയുടെ മൂല്യം വരുമിത്.

ബിസിനസിനപ്പുറമുള്ള വ്യക്തിത്വം

പ്രവാസി ഭാരതീയ സമ്മാന്‍ അടക്കം നിരവധി പുരസ്‌കാരം നേടിയിട്ടുള്ള വ്യക്തിയാണ് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍. ബിസിനസിനുമപ്പുറം നീളുന്നതാണ് അദ്ദേഹത്തിന്റെ പ്രവൃത്തി മേഖല. ദുബായിലെ പ്രശസ്തമായ ഇന്ത്യ ക്ലബിന്റെ ചെയര്‍മാനായ ആദ്യത്തെ മലയാളിയും, ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് അദ്ദേഹം. സംരംഭകനും മാനേജ്‌മെന്റ് പ്രൊഫഷണലുമായ എറണാകുളം സ്വദേശി ആര്‍. ബാലചന്ദ്രന്റെയും റിസര്‍വ് ബാങ്ക് മുന്‍ ഉദ്യോഗസ്ഥ സബിത വര്‍മ്മ ബാലചന്ദ്രന്റെയും മകനാണ്. 50 കാരനായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സമയവും പണവും നീക്കിവെച്ചിട്ടുണ്ട്.

ഈ വിജയഗാഥ നേരിട്ട് കേള്‍ക്കാം

ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത മുന്നേറ്റം നടത്തിയ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്റെ വിജയരഹസ്യങ്ങളും ആഗോളതലത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള തന്ത്രങ്ങളും നേരിട്ട് മനസിലാക്കാന്‍ കേരളത്തിലെ സംരംഭകര്‍ക്ക് സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്.

2026 ജൂണ്‍ 25-ന് കൊച്ചി ലെ മെറിഡിയനില്‍ വെച്ച് നടക്കുന്ന 'ധനം ബിസിനസ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് 2026' ( D-Day 2026) ലില്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ മുഖ്യ പ്രഭാഷകനായി പങ്കെടുക്കും. ആഗോളതലത്തിലുള്ള തന്റെ ബിസിനസ് അനുഭവങ്ങളും മാര്‍ക്കറ്റ് അറിവുകളും അദ്ദേഹം പങ്കുവെക്കും.

കേരളത്തിലെ ബിസിനസ് ലോകം കാത്തിരിക്കുന്ന ഈ മഹാമേളയില്‍ പങ്കാളികളാകാന്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സന്ദര്‍ശിക്കുക: www.dhanambusinesssummit.com. ഫോണ്‍: 90725 70065 (അനൂപ് ഏബ്രഹാം), ഇ-മെയില്‍: anoop@dhanam.in

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT