വണ്ടര്‍ല ഹോളിഡേയ്‌സിന്റെ 25-ാം വാര്‍ഷിക ഉദ്ഘാടനവേളയില്‍ വണ്ടര്‍ലാ ഹോളിഡേയ്‌സ് വണ്ടര്‍ലാ ഹോളിഡേയ്‌സ് സി.ഒ.ഒ ധീരന്‍ ചൗധരി, അഡ്മിനിസ്ട്രേഷന്‍ വിഭാഗം വി.പി രവികുമാര്‍ എം.എ, കൊച്ചി പാര്‍ക്കിന്റെ ഹെഡ് നിതീഷ് കെ.യു, എക്‌സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ ചിറ്റിലപ്പിള്ളി, സിനിമ നടി മഹീമ നമ്പ്യാര്‍, സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജന്‍, വണ്ടര്‍ല ഹോളിഡേയ്‌സ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി-സ്റ്റാര്‍ സ്ഥാപക ഷീല കൊച്ചൗസേപ്പ് എന്നിവര്‍.  
Business Kerala

25 വര്‍ഷങ്ങള്‍, 4.3 കോടി സന്ദര്‍ശകര്‍, നാല് അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, കേരളത്തില്‍ നിന്ന് ഭുവനേശ്വര്‍ വരെയെത്തിയ മാജിക്

2000 ഏപ്രില്‍ മൂന്നിന്‌ കുന്നത്തുനാട്ടില്‍ തുടക്കമിട്ട വണ്ടര്‍ല ഹോളിഡേയ്‌സ് അഞ്ചാമത്തെ പാര്‍ക്ക് ചെന്നൈയില്‍ ഈ വര്‍ഷം അവസാനം തുറക്കും

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ല ഹോളിഡേയ്‌സ് ലിമിറ്റഡ് പ്രവര്‍ത്തനത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. 2000 ഏപ്രില്‍ മൂന്നിന് കുന്നത്തുനാട്ടില്‍ വീഗാലാന്‍ഡ് എന്ന പേരില്‍ ആരംഭിച്ച വണ്ടര്‍ല ഹോളിഡേയ്‌സില്‍ ഇതിനകം 4.3 കോടി സന്ദര്‍ശകരാണെത്തിയത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയ പാര്‍ക്ക് എന്ന ഖ്യാതിയും സ്വന്തമാക്കി. 25 വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തില്‍ കേരളത്തിലെ ആദ്യത്തെ ബന്‍ജീ ജംപിംഗ് ടവറും കൊച്ചി വണ്ടര്‍ലയില്‍ ആരംഭിക്കാനുള്ള പദ്ധതിയിലാണ്. ഇതിനായി ഇന്ത്യ ബന്‍ജീ ഗ്രൂപ്പുമായി കരാറിലായിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ ചെന്നൈയിലും

നിലവില്‍ നാല് പാര്‍ക്കുകളാണ് വണ്ടര്‍ല ഹോളിഡേയ്‌സിനു കീഴിലുള്ളത്. അഞ്ചാമത്തെ പാര്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തോടെ ചെന്നൈയില്‍ തുറക്കും. 515 കോടി രൂപയാണ് ഇതിന്റെ മുതല്‍ മുടക്ക്. 42 ലധികം റൈഡുകളുള്ള ഇവിടുത്തെ പ്രധാന ആകര്‍ഷണമായി ഇന്‍വെര്‍ട്ടഡ് റോളര്‍ കോസ്റ്റും സജീകരിക്കുന്നുണ്ട്.

2005ല്‍ ബാംഗളൂരിലും 2016 ല്‍ ഹൈദരാബാദിലും പാര്‍ക്കുകള്‍ തുറന്നു. കഴിഞ്ഞ വര്‍ഷമാണ് ഭുവനേശ്വറില്‍ പാര്‍ക്ക് തുറക്കുന്നത്. മൊത്തം 60 ഏക്കറിലാണ് വണ്ടര്‍ല ഹോളിഡേയ്‌സിന്റെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ സ്ഥിതി ചയ്യുന്നത്. നാല് പാര്‍ക്കുകളിലുമായി 189 റൈഡുകളും 15 റസ്റ്ററന്റുകളുമുണ്ട്. മൊത്തം 3,300 ഓളം ജീവനക്കാരും ഇന്ന് വണ്ടര്‍ലയ്ക്ക് ഒപ്പമുണ്ട്. ബംഗളൂരുവില്‍ വണ്ടര്‍ല റിസോര്‍ട്ടും സ്ഥാപിച്ചിട്ടുണ്ട്. 2030 ഓടെ മൊത്തം 10 പാര്‍ക്കുകളെന്ന ലക്ഷ്യത്തിലാണ് വണ്ടര്‍ല നീങ്ങുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. എല്ലാ ഒന്നാംനിര നഗരങ്ങളിലും ആദ്യഘട്ടത്തില്‍ സാന്നിധ്യമറിയിക്കാനാണ് വണ്ടാര്‍ലാ പദ്ധതിയിടുന്നത്.

ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷം

25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് വണ്ടര്‍ല വിഭാവനം ചെയ്തിട്ടുള്ളത്. നൈറ്റ് കാര്‍ണിവലാണ് ഇതില്‍ പ്രധാനം. മേയ് ഒന്നു മുതല്‍ നാല് വരെ നടക്കുന്ന നൈറ്റ് കാര്‍ണിവലിന്റെ ഭാഗമായി ഫയര്‍ ഷോ, ജഗ്‌ളിംഗ്, മാജിക് എന്നിങ്ങനെ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ഏപ്രില്‍ 26ന് തരംഗം എന്ന പേരില്‍ മെഗാ ആനിവേഴ്‌സറി സംഗീത പരിപാടിയും നടക്കും. വേടന്‍, മസാല കോഫി ഗബ്രി, ശങ്ക് ട്രൈബ് തുടങ്ങിയ പ്രശസ്ത ബാന്‍ഡുകളും ഗായകരും പങ്കെടുക്കും.

കൊച്ചിയിലെ വണ്ടര്‍ല പാര്‍ക്കില്‍ നടന്ന ആഘോഷ പരിപാടികളില്‍ കുന്നത്തു നാട് എം.എല്‍.എ പി.വി. ശ്രീനിജന്‍, സിനിമാനടനും സംവിധായകനുമായ ബേസില്‍ ജോസഫ്, നടി മഹിമ നമ്പ്യാര്‍ എന്നിവരടക്കമുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.

വണ്ടര്‍ലയുടെ 25 വര്‍ഷത്തെ സൂചിപ്പിക്കുന്ന ഇന്‍സ്റ്റലേഷനും സജ്ജമാക്കിയിട്ടുണ്ട്. 25 വര്‍ണ്ടര്‍ല വര്‍ഷങ്ങള്‍ എന്ന പരസ്യ ചിത്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 25 സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വണ്ടര്‍ ലാബ്‌സ് എന്ന പേരില്‍ സയന്‍സ് ലാബുകളും സ്ഥാപിക്കുന്നുണ്ട്.

സമ്മാനങ്ങളും

ആഘോഷങ്ങളുടെ ഭാഗമായി വണ്ടര്‍ലയില്‍ എത്തുന്ന അതിഥികള്‍ക്കും നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ലക്കിഡ്രോയില്‍ വിജയികളാകുന്നവരെ സ്മാര്‍ട്ട് ടി.വികള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആദ്യ 250 പേര്‍ക്ക് ഒരു ടിക്കറ്റിനൊപ്പം ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT