Business Kerala

ഹോം, കാര്‍ കെയര്‍ വിപണി പിടിക്കാന്‍ 'ഫ്ളോറാലിസ്'; ഇന്ത്യയിലെ പ്രീമിയം എയര്‍ കെയര്‍ മേഖലയിലേക്ക് കടന്ന് യാര്‍ഡ്ലി ലണ്ടന്‍

രാജ്യത്തെ 1,300 കോടി രൂപ വലുപ്പമുള്ള ടാൽക്കം പൗഡർ വിപണിയിൽ കേരളത്തിൽ കമ്പനിയാണ് ഒന്നാം സ്ഥാനത്ത്

Dhanam News Desk

250 വർഷത്തിലേറെ പാരമ്പര്യമുള്ള ഇംഗ്ലീഷ് സുഗന്ധദ്രവ്യ ബ്രാൻഡായ യാർഡ്‌ലി ലണ്ടൻ ഇന്ത്യയിലെ പ്രീമിയം എയർ കെയർ വിപണിയിലേക്ക് കടന്നു. 'ഫ്ലോറാലിസ്' (Floralis) എന്ന പേരിൽ പുതിയ സബ്-ബ്രാൻഡ് അവതരിപ്പിച്ചാണ് കമ്പനി ഹോം, കാർ കെയർ സുഗന്ധ വിപണിയിൽ സാന്നിധ്യമറിയിക്കുന്നത്. വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന് കീഴിലുള്ള യാർഡ്‌ലി, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾക്ക് പുറമെ ലൈഫ്‌സ്റ്റൈൽ മേഖലയിലേക്കും സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇംഗ്ലീഷ് ലാവെൻഡർ, ഇംഗ്ലീഷ് റോസ് തുടങ്ങിയ യാർഡ്‌ലി ലണ്ടന്റെ പ്രശസ്തമായ സുഗന്ധങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫ്ലോറാലിസ് പുറത്തിറക്കിയിരിക്കുന്നത്. എയർ ഫ്രഷ്‌നർ സ്‌പ്രേകൾ, എയർ പോക്കറ്റുകൾ എന്നിവയാണ് നിലവിൽ വിപണിയിലെത്തിച്ചിട്ടുള്ളത്.

കേരളത്തിൽ 35 ശതമാനത്തിലധികം വിപണി വിഹിതം

യാർഡ്‌ലിയുടെ ഏറ്റവും പ്രധാനപ്പെട്ടതും ശക്തവുമായ വിപണികളിലൊന്നാണ് കേരളം. രാജ്യത്തെ 1,300 കോടി രൂപ വലുപ്പമുള്ള ടാൽക്കം പൗഡർ വിപണിയിൽ കേരളത്തിൽ കമ്പനിയാണ് ഒന്നാം സ്ഥാനത്ത്. യാർഡ്‌ലി, എൻചാന്റർ, സന്തൂര്‍, അടുത്തിടെ സ്വന്തമാക്കിയ ഈവ (Eva) എന്നീ 4 ബ്രാൻഡുകൾ ചേർത്ത് ടാൽക്ക് വിഭാഗത്തിൽ 35 ശതമാനത്തിലധികം വിപണി വിഹിതം കമ്പനിക്കുണ്ട്.

കൂടാതെ, സ്ത്രീകളുടെ ഡിയോഡറന്റ് (Body Sprays) വിഭാഗത്തിലും 50 ശതമാനത്തോളം വിപണി വിഹിതവുമായി കമ്പനി കേരളത്തിൽ മുന്നേറുന്നു. പ്രീമിയം സുഗന്ധ ഉൽപ്പന്നങ്ങൾക്കും വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾക്കും കേരളത്തിൽ വലിയ സ്വീകാര്യതയാണുള്ളതെന്ന് യാർഡ്‌ലി ആൻഡ് എന്‍ചാന്റര്‍ (ഇന്ത്യ) ബിസിനസ് ഹെഡ് മനീഷ് വ്യാസ് വ്യക്തമാക്കി. സോപ്പുകൾ, അണ്ടർആം റോളോണുകൾ, ഹാൻഡ് വാഷ്, ഷവർ ജെൽ, ബോഡി ലോഷനുകൾ, പുരുഷന്മാർക്കായുള്ള ഷേവിംഗ് ക്രീമുകൾ, ഹെയർ കെയർ എന്നിവയിലെല്ലാം കമ്പനി സജീവമാണ്.

31 മടങ്ങ് വളർച്ച

2009-ൽ വിപ്രോ സ്വന്തമാക്കിയതിന് ശേഷം വലിയ വളർച്ചയാണ് യാർഡ്‌ലി കൈവരിച്ചത്. മുൻപ് ടാൽക്കം പൗഡറുകളിലും സോപ്പുകളിലും മാത്രം ഒതുങ്ങിനിന്ന ബ്രാൻഡ്, കഴിഞ്ഞ 17 വർഷത്തിനിടെ 31 മടങ്ങ് വളർച്ച രേഖപ്പെടുത്തി. മുൻപ് രണ്ടേ രണ്ട് വിഭാഗങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്ഥാനത്ത് നിന്ന് നിലവിൽ 12-ലധികം വിഭാഗങ്ങളിലായി 50-ലധികം ഉൽപ്പന്ന ശ്രേണികൾ യാർഡ്‌ലിക്കുണ്ടെന്ന് മനീഷ് വ്യാസ് പറഞ്ഞു.

ചർമ്മത്തിന് കൂടുതൽ ഗുണം നൽകുന്ന ഫേസ് പൗഡറുകളും കമ്പനി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈർപ്പമുള്ള കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഗവേഷണങ്ങൾ നടത്തി മാത്രമാണ് കമ്പനി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നത്.

വിലയും ലഭ്യതയും

എയർ ഫ്രഷ്‌നർ സ്‌പ്രേയ്ക്ക്‌ 180 മി.ലി പാക്കിന്‌ 169 രൂപയും എയർ പോക്കറ്റിന്‌ 10 ഗ്രാമിന്‌ 70 രൂപയുമാണ് വില. പ്രമുഖ റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പുതിയ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഭാവിയിൽ കാർ പെർഫ്യൂമുകൾ, ഓട്ടോമാറ്റിക് ഡിസ്‌പെൻസറുകൾ, ഫ്ലോറാലിസിനൊപ്പം ജെന്റിൽമാൻ (Gentleman) സീരീസിലെ പുതിയ ഉൽപ്പന്നങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT