Image : Canva 
Business Kerala

സ്വര്‍ണം വീണ്ടും ഉയരങ്ങളിലേക്ക്, റെക്കോഡിലേക്കോ പുതിയ കുതിപ്പ്, ഇന്ന് ആഭരണത്തിന് വില ഇങ്ങനെ

വെള്ളി വിലയും മുന്നോട്ട്, വീണ്ടും ഗ്രാം വില 300ലെത്തി

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഇന്ന് ഗ്രാം വില 265 രൂപ ഉയര്‍ന്ന് 14,355 രൂപയും പവന്‍ വില 2,128 രൂപ ഉയര്‍ന്ന് 1,14,840 രൂപയുമായി.

18 കാറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 170 രൂപ വര്‍ധിച്ച് 11,965 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,315 രൂപയും ഒമ്പത് കാരറ്റിന് 6,005 രൂപയുമാണ് ഇന്ന് വില. ജനുവരി 29ന് കുറിച്ച് ഗ്രാമിന് 16,395 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോഡ് വില.

വെള്ളി വിലയിലും മുന്നേറ്റമുണ്ട്. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 3,000 രൂപയായി.

രാജ്യാന്തര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും വില മാറുന്നത്. ഇന്ന് രാവിലെ ഔണ്‍സിന് 5,047.60 ഡോളറിലെത്തിയ സ്വര്‍ണം പിന്നീട് താഴ്ന്ന് 4,997 ഡോളറായി.

വിലക്കയറ്റം തുടരുമോ?

രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 4,000 ഡോളറിലേക്ക് താഴുമെന്ന വിലയിരുത്തലുകള്‍ അടുത്തിടെ വന്നിരുന്നെങ്കിലും മുകളിലേക്ക് കയറാനുള്ള സാധ്യതകളാണ് പല പ്രമുഖ ഏജന്‍സികളും ചൂണ്ടക്കാട്ടുന്നത്. ജെ.പി മോര്‍ഗന്‍ ഔണ്‍സ് വില 6,300 ഡോളറാകുമെന്ന് പ്രവചിച്ചപ്പോള്‍ ബാങ്ക് ഓഫ് അമേരിക്ക വരുന്ന മാര്‍ച്ചില്‍ വില 6,000 ഡോളര്‍ കടക്കുമെന്നാണ് കണക്കാക്കുന്നത്. സ്വിസ് ബാങ്കും ജൂണ്‍-ജൂലെയോടെ 6,200 ഡോളര്‍ ആകുമെന്ന് വിലയിരുത്തിയിട്ടുണ്ട്.

ബ്ലൂംബെര്‍ഗ് ഇന്റലിജന്‍സിലെ സീനിയര്‍ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് മൈക്ക് മക്‌ഗ്ലോണ്‍ ആണ് ഔണ്‍സിന് 4,000 ഡോളറിലേക്ക് താഴുമെന്ന് വിലയിരുത്തിയത്. എച്ച്‌.എസ്.ബി.സി ഇത് 3,200 ഡോളറിലേക്കാകും എന്ന പ്രതീക്ഷയും പങ്കുവച്ചിരുന്നു.

കേന്ദ്ര ബാങ്കുകളുടെ വാങ്ങലും നിക്ഷേപകരുടെ ആവശ്യം ഉയര്‍ന്നതുമാണ് വില ഉയര്‍ത്തിയത്.

ഇന്ന് ആഭരണത്തിന് വില ഇങ്ങനെ

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,880 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താല്‍ 1,32,258 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT