അരുൺ കെ. ചിറ്റിലപ്പിള്ളി,​ വണ്ട‌‌ർലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ 
Business Kerala

വണ്ടർലാ ഹോളിഡേയ്‌സിന്‌ എക്കാലത്തെയും മികച്ച രണ്ടാം പാദം; വരുമാനം 126 കോടി, എബിറ്റ്ഡയില്‍ 90% വർധന

ചെന്നൈ പാർക്കിൽ നിന്നുള്ള ആദ്യ പകുതിയിലെ വരുമാനം 73 കോടി രൂപ; കൊച്ചിയും ബെംഗളൂരുവും മികച്ച പ്രകടന പാതയിൽ

Dhanam News Desk

ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിലെ (2026-27) രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) എക്കാലത്തെയും മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. ചെന്നൈ പാർക്കിലെ പുതിയ ശേഷി വർധനവും കൊച്ചി, ബെംഗളൂരു പാർക്കുകളിലെയും റിസോർട്ടുകളിലെയും ശക്തമായ വളർച്ചയുമാണ് കമ്പനിക്ക് തുണയായത്.

കഴിഞ്ഞ വർഷത്തെ സമാന പാദത്തെ (Q2 FY26) അപേക്ഷിച്ച് മൊത്തം വരുമാനം 42 ശതമാനം വർധിച്ച് 126 കോടി രൂപയിലെത്തി. എബിറ്റ്ഡ (EBITDA) 90 ശതമാനം ഉയർന്നപ്പോൾ മാർജിൻ 18 ശതമാനത്തിൽ നിന്ന് 24 ശതമാനമായി മെച്ചപ്പെട്ടു. കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലെ നഷ്ടത്തിൽ നിന്ന് കമ്പനി ഇത്തവണ ലാഭത്തിലേക്ക് തിരികെ എത്തുകയും ചെയ്തു.

പകുതി വർഷത്തെ നേട്ടം 378 കോടി

സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (H1 FY27) കമ്പനിയുടെ മൊത്തം വരുമാനം 41 ശതമാനം വർധിച്ച് 378 കോടി രൂപയായി. ആദ്യ പകുതിയിലെ എബിറ്റ്ഡയിൽ 47 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

പുതുതായി പ്രവർത്തനമാരംഭിച്ച ചെന്നൈ പാർക്ക് ആദ്യ ആറു മാസത്തിനുള്ളിൽ 73 കോടി രൂപയുടെ വരുമാന സംഭാവന നൽകി. രണ്ടാം പാദത്തിൽ മാത്രം ചെന്നൈ പാർക്ക് 27.7 കോടി രൂപ നേടി കമ്പനിയുടെ മറ്റ് പ്രധാന പാർക്കുകൾക്കൊപ്പമെത്തി. ഹൈദരാബാദ് പാർക്ക് ആദ്യ പകുതിയിൽ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കൊച്ചി പാർക്കിനും റിസോർട്ടുകൾക്കും മികച്ച പാദം

കേരളത്തിലെ കൊച്ചി പാർക്കും ബെംഗളൂരു പാർക്കും റിസോർട്ട് ബിസിനസുകളും (ദി ഐൽ ബൈ വണ്ടർലാ, ടെറിയ ബൈ വണ്ടർലാ) കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാം പാദ വരുമാനമാണ് രേഖപ്പെടുത്തിയത്.

ഉപഭോക്തൃ സേവനങ്ങളുടെ തരം മെച്ചപ്പെടുത്തിയതും പ്രീമിയം ഓഫറുകൾ നൽകിയതും വഴി ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) രണ്ടാം പാദത്തിൽ ഒരു ശതമാനവും ആദ്യ പകുതിയിൽ 5 ശതമാനവും വർധിച്ചു.

വരുന്ന ഉത്സവ സീസണിലേക്ക് വലിയ മുന്നേറ്റത്തോടെയാണ് കമ്പനി പ്രവേശിക്കുന്നതെന്നും ലാഭക്ഷമതയും പ്രവർത്തനക്ഷമതയും നിലനിർത്തി സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വണ്ടർലാ ഹോളിഡേയ്‌സ് എക്സിക്യൂട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ ചിറ്റിലപ്പിള്ളി വ്യക്തമാക്കി.

Wonderla Holidays recorded its best-ever second-quarter financial performance for Q2 FY27, backed by strong contributions from its Kochi and Bengaluru parks alongside newly added capacity in Chennai.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT