Image created with Gemini AI 
Business Kerala

വിലക്കയറ്റവും അന്യായ പരിശോധനകളും: ചെറുകിട സ്വര്‍ണ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ

ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

Dhanam News Desk

വൻകിട ജുവലറി ശൃംഖലകളുടെ കടന്നുകയറ്റവും കടുപ്പമേറിയ നിയമനടപടികളും കാരണം സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സ്വർണ്ണ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലേക്ക്. പ്രവർത്തന മൂലധനം ചോരുന്നതിനൊപ്പം സ്വർണ്ണവിലയിലുണ്ടായ വൻ കുതിച്ചുചാട്ടവും ഉയർന്ന ഇറക്കുമതി ചുങ്കവും വിപണിയിൽ ഉപഭോക്താക്കളുടെ പങ്കാളിത്തം വലിയ തോതിൽ കുറച്ചതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ലാഭവിഹിതഇല്ലാതാക്കി, ഒപ്പം അന്യായമായ റെയ്ഡും

ഹാൾമാർക്കിങ് (HUID) നൽകുന്നതിലെ അധിക ചെലവുകൾ, ജിഎസ്ഡി വകുപ്പിന്റെ സങ്കീർണ്ണമായ പരിശോധനകൾ, വിപണിയിലെ വ്യാജ HUID തട്ടിപ്പുകൾ, അനധികൃത സ്വർണ്ണ വിൽപന എന്നിവ ചെറുകിടക്കാരുടെ ലാഭവിഹിതത്തെ പൂർണ്ണമായി ഇല്ലാതാക്കിയിരിക്കുകയാണ്. ഇതിന് പുറമേ, ആവശ്യത്തിന് തെളിവുകളോ മുൻകൂർ നോട്ടീസോ ഇല്ലാതെ പോലീസ് നടത്തുന്ന അന്യായ റിക്കവറികളും പിടിച്ചെടുക്കലുകളും നിയമപരമായി ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കേവലം സംശയത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം നടപടികൾ വ്യാപാരികളുടെ പരമ്പരാഗത ഉപഭോക്തൃ വിശ്വാസ്യത തകരാൻ കാരണമാകുന്നു.

വൻകിട കോർപ്പറേറ്റ് ജുവലറികൾ വിപണി കീഴടക്കുന്നതോടെ പാരമ്പര്യമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്. വൻതോതിൽ നികുതി നൽകുകയും പ്രാദേശിക തലത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ മേഖലയെ സംരക്ഷിക്കാൻ കൃത്യമായ നയരൂപീകരണം ആവശ്യമാണെന്ന ആവശ്യവും ശക്തമാണ്.

പ്രതിസന്ധിയിലായ ചെറുകിട-ഇടത്തരം വ്യാപാരികൾക്കായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതികൾ അവതരിപ്പിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്തുനിന്നുള്ള അനാവശ്യ ഇടപെടലുകൾ തടയാൻ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. ഹാൾമാർക്കിങ് സംവിധാനത്തിൽ പ്രായോഗിക ഇളവുകൾ അനുവദിക്കുകയും, വ്യാജ സ്വർണ്ണവ്യാപാരത്തിനെതിരെ കർശന നടപടി സ്വീകരിച്ച് ചെറുകിടക്കാരുടെ നിലനിൽപ്പ് ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT