Economy

രൂപ 100 കടന്നാലെന്താ? അത്‌ വെറുമൊരു സംഖ്യ മാത്രം; മൂല്യം ഇടിയട്ടെ, ആര്‍ബിഐയോട് അരവിന്ദ് പനഗരിയ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ ആര്‍.ബി.ഐയുടെ കൈവശമുള്ള വിദേശനാണ്യ കരുതല്‍ ശേഖരംഅമിതമായി ഉപയോഗിക്കരുതെന്നും 16-ാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ അരവിന്ദ് പനഗരിയ നിര്‍ദ്ദേശിക്കുന്നു

Dhanam News Desk

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില (Crude Oil Price) കുതിച്ചുയരുന്നതും ഇന്ത്യന്‍ രൂപയ്ക്ക്‌മേല്‍ വന്‍ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവോടെ 96.96 എന്ന നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. റിസര്‍വ് ബാങ്കിന്റെ (RBI) ഇടപെടലിനെ തുടര്‍ന്ന് വെള്ളിയാഴ്ച 96 നിലവാരത്തിലേക്ക് തിരിച്ചുകയറിയെങ്കിലും, വരും നാളുകളില്‍ രൂപയുടെ മൂല്യം 100 കടന്നേക്കുമെന്ന ചര്‍ച്ചകളാണ് ആഗോള നിക്ഷേപകര്‍ക്കിടയില്‍ ഇപ്പോള്‍ സജീവമാകുന്നത്.

എന്നാല്‍, രൂപ 100 തൊടുന്നത് ഒരു 'മാനസിക ഭീതി' (Psychological barrier) മാത്രമാണെന്നും രാജ്യത്തിന്റെ മാക്രോ ഇക്കണോമിക്‌സ് (Macroeconomics) അടിത്തറ ഭദ്രമാണെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

വിദേശനാണ്യ കരുതല്‍ ശേഖരം കളഞ്ഞുളള പ്രതിരോധം വേണ്ട: അരവിന്ദ് പനഗരിയ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ ആര്‍.ബി.ഐയുടെ കൈവശമുള്ള വിദേശനാണ്യ കരുതല്‍ ശേഖരം (Foreign Exchange Reserves) അമിതമായി ഉപയോഗിക്കരുതെന്ന് 16-ാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ അരവിന്ദ് പനഗരിയ നിര്‍ദ്ദേശിക്കുന്നു. രൂപ അതിന്റെ സ്വാഭാവിക മൂല്യത്തിലേക്ക് (Market-driven value) നീങ്ങാന്‍ അനുവദിക്കണം.

'100 എന്നത് വെറുമൊരു സംഖ്യ മാത്രമാണ് (99 ഉം 101 ഉം പോലെ). താല്‍ക്കാലികമായ എണ്ണവില വര്‍ധനയെ പ്രതിരോധിക്കാന്‍ കരുതല്‍ ശേഖരം വിനിയോഗിക്കുന്നത് സാമ്പത്തികമായി വലിയ നഷ്ടം വരുത്തിവെക്കുമെന്നാണ്- അരവിന്ദ് പനഗരിയ ചൂണ്ടിക്കാട്ടുന്നത്.

മുന്‍കാല പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വീകരിച്ചത് പോലെ പ്രവാസി നിക്ഷേപങ്ങള്‍ക്ക് (NRI Deposits) ഉയര്‍ന്ന പലിശ നല്‍കിയോ, സോവറിന്‍ ബോണ്ടുകള്‍ വഴിയോ ഡോളര്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് താല്‍ക്കാലിക ആശ്വാസം മാത്രമായിരിക്കും. ഇത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

2013-ലെ പ്രതിസന്ധിയുമായി താരതമ്യം വേണ്ട

രൂപ ഇടിയുന്നത് സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കില്ലെന്ന് പറയുന്നതിന് പ്രധാന കാരണം ഇന്ത്യയുടെ ഇപ്പോഴത്തെ ശക്തമായ സാമ്പത്തിക അടിത്തറയാണ്. 2013-ലെ 'ടേപ്പര്‍ ടാന്‍ട്രം (Taper Tantrum) സമയത്ത് ഇന്ത്യ ഉയര്‍ന്ന പണപ്പെരുപ്പവും (Double-digit inflation) കറന്റ് അക്കൗണ്ട് കമ്മി മൂലവും പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം വ്യത്യസ്തമാണ്.

നിലവില്‍ രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പം (CPI Inflation) 3.48% ആണ്. എണ്ണവില വര്‍ധന മൂലം ഇത് 5 ശതമാനത്തിലേക്ക് ഉയര്‍ന്നാലും ആര്‍.ബി.ഐയുടെ ലക്ഷ്യപരിധിയായ 2-6 ശതമാനത്തിനുള്ളില്‍ തന്നെ നില്‍ക്കും.

രൂപയെ സംരക്ഷിക്കാന്‍ പലിശനിരക്കുകള്‍ (Repo Rate) കുത്തനെ കൂട്ടുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നതിനാല്‍ ആര്‍.ബി.ഐ അതിന് മുതിരാന്‍ സാധ്യതയില്ല. നിലവിലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.9 ശതമാനത്തില്‍ നിന്നും നേരിയ തോതില്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ പലിശ നിരക്ക് വര്‍ധനിപ്പുക്കന്നതിന്റെ കാര്യത്തില്‍ അതീവ ജാഗ്രതയാണ് കേന്ദ്ര ബാങ്ക് പുലര്‍ത്തുന്നത്.

വിദേശ നിക്ഷേപകരുടെ നിലപാട്

ആര്‍.ബി.ഐ വിപണിയില്‍ അനാവശ്യമായി ഇടപെട്ട് രൂപയുടെ മൂല്യം കൃത്രിമമായി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത് വിദേശ നിക്ഷേപകരില്‍ ഭീതി ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് ആഗോള പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍ വിലയിരുത്തുന്നു. 2026-ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ ഫണ്ടുകള്‍ (FPIs) 23 ബില്യണ്‍ ഡോളറാണ് പിന്‍വലിച്ചത്. രൂപ വിപണിയിലെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അനുസരിച്ച് 100 കടക്കാന്‍ അനുവദിച്ചാല്‍, അത് വിപണിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുകയും എണ്ണവില ശാന്തമാകുമ്പോള്‍ വലിയ തോതില്‍ വിദേശ നിക്ഷേപം തിരിച്ചെത്താന്‍ കാരണമാകുകയും ചെയ്യും.

കയറ്റുമതി മേഖലയ്ക്ക് നേട്ടം

രൂപയുടെ മൂല്യത്തകര്‍ച്ച ഹ്രസ്വകാലത്തേക്ക് ഇറക്കുമതിച്ചെലവ് കൂട്ടുമെങ്കിലും ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് (ഐ.ടി, നിര്‍മ്മാണ മേഖലകള്‍) ഇത് വലിയ മത്സരശേഷി നല്‍കും. ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതോടെ രൂപ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും, നിലവിലെ ഇടിവ് നിക്ഷേപകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള മികച്ച അവസരമാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ചുരുക്കത്തില്‍, രൂപ 100 ലേക്ക് എത്തുന്നത് ഒരു സാമ്പത്തിക ദുരന്തമല്ല, മറിച്ച് ആഗോള പ്രതിസന്ധികളെ നേരിടാന്‍ സമ്പദ്‌വ്യവസ്ഥ നടത്തുന്ന ഒരു സ്വാഭാവിക ക്രമീകരണം മാത്രമാണ് എന്നാണ് നിരീക്ഷകരുടെ വാദം.

Economist Arvind Panagariya says a weaker rupee crossing 100 against the dollar is not a crisis and warns against excessive RBI intervention using forex reserves.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT