Image by Canva 
Economy

രാജ്യത്ത് തുറന്നത് 45 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍, 25 കോടി ജനങ്ങളെ ദാരിദ്ര്യമുക്തമാക്കി: അനുരാഗ് ഠാക്കൂര്‍

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറുമെന്നും കേന്ദ്ര മന്ത്രി

Dhanam News Desk

രാജ്യത്ത് പ്രധാനമന്ത്രി ജന്‍ധന്‍ യോജന വഴി 45 കോടി അക്കൗണ്ടുകള്‍ തുറന്നെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഫെഡറല്‍ ബാങ്കിന്റെ വാർഷിക ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വിവിധ ബാങ്കുകളിലായി കിടക്കുന്നത് 2.1 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.

2014ന് മുന്‍പ് സര്‍ക്കാര്‍ നയങ്ങളെടുക്കുന്നതില്‍ തളര്‍ന്ന് കിടക്കുകയായിരുന്നു. എന്നാല്‍ 2014 മുതല്‍ 'പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, രൂപാന്തരപ്പെടുത്തുക (Reform, Perform, Transform)' എന്നതിലേക്ക് രാജ്യം മാറി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിവിധ ക്ഷേമപദ്ധതികളിലൂടെ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

മൂന്നാം സ്ഥാനത്തേക്ക് 

കടത്തില്‍ നിന്നൊക്കെ മുക്തമായ രാജ്യത്തെ ബാങ്കിംഗ് മേഖല ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) 3.2 ശതമാനമായി കുറച്ചു. ആസ്തിയില്‍ നിന്നുള്ള നേട്ടം 2023ല്‍ 0.5 ശതമാനത്തില്‍ നിന്ന് 0.79 ശതമാനമായി ഉയര്‍ന്നു. നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പേയ്‌മെന്റ് ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ നടപടികള്‍ ശ്രദ്ധേയമായെന്നും അദ്ദേഹം പറഞ്ഞു.

ഭീം ആപ്പ് വഴി വളരെ ചെറിയ തുകയുടെ ഇടപാടുകള്‍ വരെ നടക്കുന്നു. തളര്‍ന്നുകിടന്ന ഇന്ത്യയെ ലോകത്തെ അഞ്ചാമത്ത സമ്പദ് വ്യസ്ഥയാക്കി മാറ്റി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നാം സ്ഥാനത്തെത്തിക്കാനും 2047ല്‍ വികസിത രാജ്യമായി മാറാനുമുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT