ChatGPT image 
Economy

ഒരു ഡോളര്‍ കിട്ടാന്‍ കൊടുക്കേണ്ടത് 95 രൂപ! അന്നേരം അനന്തനാഗേശ്വരന്‍ പറയുകയാണ്, ''രൂപയാരാ മോന്‍!'' ശരിയോ?

രൂപക്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന കഴിവും ശക്തിയും എത്രയായാലും, ആഗോള സാഹചര്യങ്ങള്‍ക്കിടയില്‍ രൂപ വേച്ചു പോകുന്നു എന്നതാണ് യാഥാര്‍ഥ്യം. ആഗോള സാഹചര്യങ്ങള്‍ മോശമായി നിന്നാല്‍ ഇനിയുള്ള നാളുകളിലും ആ ഇടര്‍ച്ചയാണ് കാണേണ്ടി വരുക

Dhanam News Desk

കറന്‍സികളുമായുള്ള മത്‌സരത്തില്‍ രൂപ വേച്ചുവേച്ചു വീഴുകയാണ്. ഒരു ഡോളര്‍ കിട്ടാന്‍ 95 രൂപയോളം കൊടുക്കേണ്ട സ്ഥിതി. അന്നേരം ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരന്‍ പറയുകയാണ്: ''രൂപയുടെ വില മനസിലാകാഞ്ഞിട്ടാണ്. ഇന്ത്യയുടെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുടെ കരുത്തു മുഴുവന്‍ രൂപ പ്രകടിപ്പിക്കുന്നില്ല. നമ്മുടെ ശക്തി വെച്ചു നോക്കിയാല്‍ രൂപയുടെ മൂല്യം ശരിക്കും ഉണ്ടാകേണ്ടതിനേക്കാള്‍ വളരെ താഴെയാണ്.''

രൂപ മെലിഞ്ഞൊട്ടി നില്‍ക്കുന്നത് ഇപ്പോള്‍ മാത്രമല്ല. കഴിഞ്ഞ പല വര്‍ഷങ്ങളായി രൂപ ദുര്‍ബലമാവുക തന്നെയാണ്. മൂല്യം ഓരോ വര്‍ഷവും 2-3 ശതമാനം ചോര്‍ന്നു പോകുന്നതാണ് സമീപ വര്‍ഷങ്ങളിലെ കാഴ്ച. ഇതിനിടയില്‍ അനന്തനാഗേശ്വരന്റെ വാദഗതി ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. എന്താണ് ഈ വാദത്തിന്റെ അടിസ്ഥാനം? അദ്ദേഹം പറയുന്നതിലെ പൊരുത്തക്കേട് എന്താണ്?

മൂന്ന് പ്രധാന ഘടകങ്ങള്‍

ബ്ലൂംബര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അനന്തനാഗേശ്വരന്റെ പരാമര്‍ശങ്ങള്‍. ഇന്ത്യയുടെ അടിസ്ഥാന കഴിവുകളുമായി താരതമ്യപ്പെടുത്തിയാല്‍ രൂപ യഥാര്‍ഥ മൂല്യം പ്രതിഫലിപ്പിക്കുന്നില്ല (undervalued) എന്നാണ് അദ്ദേഹത്തിന്റെ വാദം. രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ച് ആശങ്ക വേണ്ട. ഇത് ആഭ്യന്തരമായ ദൗര്‍ബല്യം കൊണ്ടല്ല. മറിച്ച്, ഡോളര്‍ ആഗോള തലത്തില്‍ ശക്തിപ്പെടുന്നതു കൊണ്ടാണ് -അദ്ദേഹം പറയുന്നു.

മൂന്ന് പ്രധാന ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ വിലയിരുത്തല്‍. ഒന്ന്, ഇന്ത്യയുടെ ശക്തമായ സാമ്പത്തിക ശേഷി. വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. ആഭ്യന്തരമായ ഡിമാന്റ് ഉറച്ചതാണ്. പണപ്പെരുപ്പം നിയന്ത്രിതമായ തോതിലാണ്. ഇതൊന്നും ഇപ്പോഴത്തെ കറന്‍സി വിനിമയത്തില്‍ രൂപയുടെ മൂല്യം പ്രതിഫലിപ്പിക്കുന്നില്ല. രണ്ടാമത്തേത്, ആഗോള സാഹചര്യങ്ങളാണ്. ഉയര്‍ന്ന പലിശനിരക്കും സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള നീക്കവും മൂലം ഡോളര്‍ ശക്തമായി. അതോടെ, പല വികസ്വര രാജ്യങ്ങളുടെ കറന്‍സികളും സമ്മര്‍ദം നേരിടുന്നു. രൂപയും ഈ സമ്മര്‍ദം അനുഭവിക്കുന്നു. മൂന്നാമത്തെ കാര്യം, റിസ്‌ക് ആശങ്ക താരതമ്യേന കുറവാണ് എന്നതാണ്. ഇന്ത്യയുടെ വിദേശനാണയ ശേഖരം മതിയായ നിലയിലാണ്, ബാലന്‍സ് ഓഫ് പേയ്‌മെന്റ്‌സില്‍ പ്രശനങ്ങളില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

ചില സാമ്പത്തിക സൂചികകള്‍ ഈ വാദത്തെ പിന്തുണയ്ക്കുന്നുണ്ട്. പ്രധാനമായും Real Effective Exchange Rate (REER) കണക്കുകള്‍ പരിഗണിക്കുമ്പോള്‍, രൂപ ദീര്‍ഘകാല ശരാശരിയേക്കാള്‍ താഴെയാണ്. അതായത് പണപ്പെരുപ്പവും വ്യാപാര മത്സര ശേഷിയും വെച്ചു നോക്കിയാല്‍ വില കുറഞ്ഞതാണ് രൂപ. അതേസമയം, സേവന കയറ്റുമതിയും പ്രവാസി വരുമാനവും (remittances) ഇന്ത്യയുടെ വിദേശ ഇടപാടുകള്‍ക്ക് ഒരു പിന്തുണയാണ്. ഇത് സാധാരണയായി കറന്‍സിയെ സ്ഥിരതയിലാക്കുന്ന ഘടകങ്ങളാണ്. കൂടാതെ, ദുര്‍ബലമായ രൂപ കയറ്റുമതി മേഖലക്ക് ഗുണകരം.

വിപണി പക്ഷേ, വ്യത്യസ്തം

എന്നാല്‍ വിപണിയിലെ ചലനങ്ങള്‍ നോക്കിയാല്‍ ചിത്രം വ്യത്യസ്തമാണ്. വിദേശ നിക്ഷേപകര്‍ (FIIs) പലപ്പോഴും അതിജാഗ്രതയോടെയാണ് നീങ്ങുന്നത് -പ്രത്യേകിച്ച് യു.എസ് ബോണ്ട് വരുമാനം ഉയര്‍ന്ന സാഹചര്യത്തില്‍. ഇത് രൂപയോടുള്ള വിശ്വാസക്കുറവു കൊണ്ടല്ല. ആഗോള സാഹചര്യങ്ങള്‍ രൂപയോടും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയോടുമുള്ള ആകര്‍ഷണീയത കുറയാന്‍ കാരണമാക്കുന്നുണ്ട്. ഇന്ത്യയ്ക്ക് സ്ഥിരമായ വ്യാപാര കമ്മി ഉണ്ടെന്നതും മറ്റൊരു പ്രധാന ഘടകമാണ്. എണ്ണ ഉള്‍പ്പെടെ ഇറക്കുമതികള്‍ കൂടുതലായതിനാല്‍ ഡോളറിന്റെ ആവശ്യം തുടര്‍ച്ചയായി നിലനില്‍ക്കുന്നു. രൂപയുടെ മൂല്യം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടാറുണ്ട്. ഇത് കറന്‍സിയുടെ ചാഞ്ചാട്ടം കുറക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ അതുകൂടി വെച്ചു നോക്കിയാല്‍ രൂപയുടെ യഥാര്‍ത്ഥ വിപണി മൂല്യം പിന്നെയും ശോഷിക്കുമെന്നത് മറുവശം.

ഇവിടെയാണ് അനന്തനാഗേശ്വരന്റെ വാദഗതിയോടുള്ള എതിര്‍വാദങ്ങള്‍ കൂടുതല്‍ ശക്തമാകുന്നത്. രൂപ undervalued ആണെങ്കില്‍, ദീര്‍ഘകാലത്ത് അതിലേക്ക് കൂടുതല്‍ നിക്ഷേപം വരുകയും മൂല്യം ഉയരുകയും വേണം. എന്നാല്‍ രൂപ ഞെരുക്കത്തില്‍ തന്നെ തുടരുന്നത്, ഇന്ത്യന്‍ കറന്‍സിയെ വിപണി വ്യത്യസ്തമായി വിലയിരുത്തുന്നതിനു തെളിവാണ്. ഡോളറിന്റെ ആഗോള ശക്തിയും മൂല്യവും അംഗീകരിക്കുകയും രൂപയുടെ കരുത്ത് മറ്റൊരു വഴിക്കു ന്യായീകരിക്കുകയും ചെയ്തതു കൊണ്ടായില്ല. ആഗോള കറന്‍സി വിപണിയില്‍ രൂപ തുടര്‍ച്ചയായി ദുര്‍ബലപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നതാണ് യഥാര്‍ഥ സാഹചര്യം. മൂല്യം താഴോട്ടു പോകുന്ന കറന്‍സികളുടെ കൂട്ടത്തിലാണ് രൂപ. അതില്‍ നിന്ന് വ്യത്യസ്തമായൊരു സ്ഥാനം രൂപക്ക് ഇല്ല. ദുര്‍ബലമായ രൂപ കയറ്റുമതിക്ക് ഗുണകരമാണ് എന്നതു പോലെ തന്നെ, ഇറക്കുമതിക്ക് ദോഷകരവുമാണ്. ഇറക്കുമതി ചെലവും പണപ്പെരുപ്പവും ഒരുപോലെ കൂടും.

നാഗേശ്വരന്റെ അഭിപ്രായം സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തികമായ സാധ്യതകള്‍ ഉറച്ചതാണെങ്കിലും, രൂപയെ സ്വാധീനിക്കുന്നത് ആഭ്യന്തര സാഹചര്യങ്ങളേക്കാള്‍, ആഗോള ഘടകങ്ങളാണ് അനന്തനാഗേശ്വരനെതിരായ നിലപാടുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. രൂപക്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന കഴിവും ശക്തിയും എത്രയായാലും, ആഗോള സാഹചര്യങ്ങള്‍ക്കിടയില്‍ രൂപ വേച്ചു പോകുന്നു എന്നതാണ് യാഥാര്‍ഥ്യം. ആഗോള സാഹചര്യങ്ങള്‍ മോശമായി നിന്നാല്‍ ഇനിയുള്ള നാളുകളിലും ആ ഇടര്‍ച്ചയാണ് കാണേണ്ടി വരുക. മറിച്ച്, ആഭ്യന്തരമായ ശക്തികൊണ്ട് രൂപ ശക്തിപ്പെടുന്ന സ്ഥിതി ഉണ്ടാവുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT