canva
Economy

ഷാജിക്കും മേരിക്കും വേണ്ട, സഹതാപ നിലവിളി; ട്രംപിനോട് പിടിച്ചു നില്‍ക്കാന്‍ കേരളത്തിനു മുമ്പില്‍ വഴിയുണ്ട്...

വാഷിംഗ്ടണിലോ ബ്രസല്‍സിലോ ഒരു കാറ്റ് ആഞ്ഞു വീശിയാല്‍ അത് ന്യൂയോര്‍ക്കിലും ഹാംബര്‍ഗിലുമെത്തുന്നതോടെ ഒതുങ്ങിയെന്നു വരില്ല. കേരളത്തിന്റെ ശാന്തമായ മീന്‍പിടിത്ത തുറമുഖങ്ങളിലേക്ക് എത്തും. ആലപ്പുഴയിലെ കയര്‍ സമുച്ചയങ്ങളിലേക്ക് കടന്നുചെല്ലും. കോട്ടയത്തെ റബര്‍ തോട്ടങ്ങളിലേക്കും വീശാം. അമേരിക്ക പിഴച്ചുങ്കത്തിന്റെ ചുരിക കൊണ്ട് ആഞ്ഞു വീശുകയാണ് ഇപ്പോള്‍. കേരളത്തിനും പരിക്കേല്‍ക്കുകയാണ്. ഇത് സാമ്പത്തികമായൊരു പോര് മാത്രമല്ല. വ്യാപാരം ഒരു ആയുധമായി ഉപയോഗിക്കുമ്പോള്‍ ഇന്ത്യക്ക് അതിന്റെ പരമാധികാരം കൊണ്ട് പ്രതിരോധിക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിന്റെ അവസരം കൂടിയാണിതെന്ന് ചൂണ്ടിക്കാട്ടുകയാണ് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി

Dhanam News Desk

കടല്‍ തിരമാലകളിലേക്ക് സൂര്യന്റെ പ്രഭാത കിരണങ്ങള്‍ വീണു തുടങ്ങുമ്പോള്‍ കൊല്ലത്ത് മത്‌സ്യബന്ധന തൊഴിലാളിയായ ഷാജി ചെമ്മീന്‍ കൊട്ട മറിക്കുകയായിരുന്നു. എത്രയോ തലമുറകളായി മീന്‍പിടിത്തം ഷാജിയുടെ കുടുംബത്തിന്റെ ജീവനോപാധിയാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രഭാതങ്ങളില്‍ ഷാജി കടലില്‍ നിന്ന് വാരി കൊണ്ടുവരുന്നത് വാങ്ങാന്‍ ആളില്ല. ''നികുതി കാരണം മീനിനെല്ലാം വില കൂടിയെന്നാണ് അവര്‍ പറയുന്നത്'' -ഷാജി പിറുപിറുത്തു. ''കടലമ്മക്ക് നികുതിയൊന്നുമില്ല. ഞങ്ങള്‍ മീന്‍പിടിക്കുന്നതും പഴയതു പോലെ തന്നെ. പക്ഷേ, വിറ്റാല്‍ ഒന്നും കിട്ടാനില്ലെന്നായി.'' ഷാജിയുടെ പിന്നാമ്പുറത്തെ വീട്ടില്‍ സ്‌കൂള്‍ ഫീസ് കിട്ടാന്‍ പെണ്‍മക്കള്‍ കാത്തു നില്‍പ്പുണ്ട്. അതുകൊടുക്കാന്‍ കൈയിലില്ല.

ഷാജിയെപ്പോലെ, മേരിയും

കൊല്ലം തീരത്തു നിന്ന് ആലപ്പുഴയുടെ ഉള്‍നാടുകളിലേക്ക് ചെന്നാല്‍ കയര്‍ പിരിക്കുന്ന മേരിയുടെ തറികളിലെ ഒച്ചയനക്കം കുറഞ്ഞിരിക്കുന്നു. മൂന്നു പതിറ്റാണ്ടായി ഈ സ്വര്‍ണനാരുകളാണ് ആ കുടുംബത്തിന്റെ ജീവിതത്തിന് ഊടും പാവും. ആ കയര്‍ മാറ്റുകള്‍ അമേരിക്കയിലെ ലിവിംഗ് റൂമുകളിലുമുണ്ട്. വളരെക്കാലമായി മേരിയോട് കയര്‍പായയും മറ്റും വാങ്ങിയിരുന്നവര്‍ വിലക്കുറവു തേടി വിയറ്റ്‌നാമിലേക്കു പോവുകയാണ്. ''മൂന്നു തലമുറയായി ഈ കയര്‍ തറികള്‍ ഈ കുടുംബത്തിലുണ്ട്'' -മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആധിയില്‍ വിറക്കുന്ന ശബ്ദമാണ് മേരിക്ക്. ഈ വഴി അടഞ്ഞു പോയാല്‍, വരുമാനം മാത്രമല്ല ഇല്ലാതാകുന്നത്. കയര്‍ നാരുകള്‍ ചേര്‍ത്തു കെട്ടിയ ഒരു നാടിന്റെ ചരിത്രം തന്നെയാണ്.

വേറെയും നാടുകളില്ലേ, ഈ ഭൂഗോളത്തില്‍?

എന്നു കരുതി കേരളത്തിന്റെ കഥ നിരാശയില്‍ ഒടുങ്ങുകയില്ല. ആയിരക്കണക്കിനു കാതങ്ങള്‍ അകലെ ദുബൈയിലെ കാരാമയിലുള്ള മലയാളി വ്യാപാരി ബിനു തന്റെ കടയിലേക്ക് കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങള്‍ കെട്ടഴിച്ചു വെക്കുകയായിരുന്നു. ഏലത്തിന്റയും കരുമുളകിന്റെയും മഞ്ഞളിന്റെയും മണം തള്ളിവരുന്ന അലമാരകള്‍. ''അമേരിക്കക്കു വേണ്ടെങ്കില്‍, ഞങ്ങള്‍ക്കു വേണം'' -ബിനുവിന്റെ ശബ്ദത്തില്‍ ഒരു വാശിയുണ്ട്. ''മലയാളികള്‍ 186 രാജ്യങ്ങളിലുണ്ട്. നമ്മുടെ ഉല്‍പന്നങ്ങള്‍ അവിടങ്ങളിലിരുന്ന് നമുക്ക് വാങ്ങിക്കൂടേ? വിതരണം കൂട്ടിയിണക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍, മറുനാട്ടില്‍ നിന്ന് നമുക്ക് വാങ്ങാന്‍ കഴിയും.'' ആ വാക്കുകളില്‍ വെറും ശുഭാപ്തി വിശ്വാസമല്ല. ലോകമെങ്ങുമുള്ള പ്രവാസി സമൂഹത്തിന്റെ ശക്തി ആവാഹിക്കുന്ന ഒരു ഇഛാശക്തിയുടെ സ്വരമാണ്.

ഷാജിയുടെ വില്‍ക്കാത്ത ചെമ്മീന്‍ മുതല്‍ മേരിയുടെ അനക്കമറ്റ കയര്‍ തറികള്‍ വരെ, ബിനുവിന്റെ സുഗന്ധം പരത്തുന്ന അലമാരകള്‍ വരെ, കേരളത്തിന്റെ കഥക്ക് ഒരേ ഇതിവൃത്തമാണ്. ആഗോള സാഹചര്യങ്ങള്‍ പിടിച്ചുലയ്ക്കുന്ന അവസ്ഥ. ഒപ്പം ജനങ്ങളുടെ മനസും പ്രവാസിയുടെ ശേഷിയും അതില്‍ പ്രതിഫലിക്കുന്നു.

തൊഴിലാളി പ്രശ്‌നമല്ല; രാജ്യമാണ് സര്‍, അപകടത്തില്‍

കയറ്റുമതി ക്ലസ്റ്ററുകള്‍ പൊളിയുന്നത് ഏതെങ്കിലും ഒരു തൊഴിലാളിയുടെ ജീവിത പ്രശ്‌നം മാത്രമല്ല. ദേശീയ സുരക്ഷിതത്വമാണ് പ്രശ്‌നത്തിലാകുന്നത്. അത് ഇങ്ങനെ ചുരുക്കി പറയാം:

  • സാമ്പത്തിക സമ്മര്‍ദം: ഇന്ത്യയുടെ രാഷ്ട്രീയ താല്‍പരങ്ങളെ മെരുക്കാന്‍ വ്യാപാരം ആയുധമാക്കുന്നു.

  • ധനപരമായി രോഗസംക്രമണം: കറന്‍സിയില്‍ ചാഞ്ചാട്ടം, പ്രവാസി നിക്ഷേപം പിന്‍വലിക്കല്‍, ചെറുകിട സംരംഭങ്ങളുടെ വായ്പാ കുടിശിക -അതെല്ലാം ചേര്‍ന്ന് ബാങ്കുകളുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്നു.

  • സാമൂഹിക തടസങ്ങള്‍: തൊഴില്‍ നഷ്ടവും വിലക്കയറ്റവും അമര്‍ഷം വര്‍ധിപ്പിക്കും. വ്യാജപ്രചാരണങ്ങളിലൂടെ ദുരിതാവസ്ഥ പ്രതിലോമ ശക്തികള്‍ മുതലാക്കും. നികുതി മാത്രം മതി സാമൂഹികമായ വിശ്വാസം തകര്‍ക്കാന്‍.

കേരളത്തിന് കഴിയും, ഇന്ത്യക്ക് വഴി കാട്ടാന്‍

പരിഭ്രാന്തിയല്ല, തയാറെടുപ്പാണ് പരിഹാരം. പൂര്‍വസ്ഥിതി വീണ്ടെടുക്കാന്‍ മുന്നിട്ടിറങ്ങി ഇന്ത്യക്ക് വഴി കാട്ടാന്‍ കേരളത്തിന് സാധിക്കും. അതെങ്ങനെയൊക്കയാണ്?

  • ആഘാത പ്രതിരോധം: കയറ്റുമതിക്കാര്‍ക്ക് അടിയന്തരമായി പ്രവര്‍ത്തന മൂലധനം ലഭ്യമാക്കണം. എളുപ്പം കേടാവുന്ന സാധനങ്ങള്‍ക്ക് വായ്പാ ഇന്‍ഷുറന്‍സ്, സ്ഥിരമായ പണം വരവിന് പ്രവാസി പിന്തുണയുള്ള ക്രമീകരണം.

  • വിപണി വൈവിധ്യം: ജി.സി.സി, ആസിയാന്‍, ആഫ്രിക്കന്‍ നാടുകളിലേക്ക് അതിവേഗ വ്യാപാര വഴി തുറക്കുക. കേരളത്തിന്റെ സുഗന്ധ വ്യജ്ഞനങ്ങളും കയറുമൊക്കെ മുന്തിയ ഇനങ്ങളായി, ഭൂമസൂചികാ പട്ടികയിലുള്ള ഉല്‍പന്നങ്ങളായി ബ്രാന്‍ഡ് ചെയ്യുക. സമുദ്ര വിഭവങ്ങളെ ഉടനടി പാചകം ചെയ്യാവുന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങളായി അപ്‌ഗ്രേഡ് ചെയ്യുക.

  • തൊഴില്‍ സംരക്ഷണം: തൊഴിലാളികളെ നിലനിര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ വായ്പാ സൗകര്യം ഒരുക്കുക. ക്ലസ്റ്റര്‍ തിരിച്ച് സുരക്ഷിതത്വം ഒരുക്കുക, കയറ്റുമതി തടസപ്പെടാതിരിക്കാന്‍ പാകത്തില്‍ കോള്‍ഡ് ചെയിന്‍ ശൃംഖല ഒരുക്കുക.

  • പ്രവാസികളെ പങ്കാളിയാക്കുക: 186 രാജ്യങ്ങളിലും മലയാളികള്‍ ഉണ്ടെന്നിരിക്കേ, പ്രവാസി ശൃംഖലകളിലൂടെ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുക. ബദല്‍ വിപണി രൂപപ്പെടുത്തുക. സംഭരണ ശൃംഖല സൃഷ്ടിക്കുക. 'കേരള ഗ്ലോബല്‍ ഷെല്‍ഫ്' പ്രവാസി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ഒരുക്കുക. അങ്ങനെ താരിഫിന്റെ ആഘാതത്തില്‍ നിന്ന് കയറ്റുമതിക്കാര്‍ക്ക് ആശ്വാസം നല്‍കുക.

  • സര്‍ക്കാര്‍ പിന്തുണ: കേരള സര്‍ക്കാര്‍ സഹതപിച്ചു കൊണ്ടിരിക്കാതെ അടിസ്ഥാന വ്യവസായങ്ങളായ സമുദ്രോല്‍പന്നങ്ങള്‍, കയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, റബര്‍, വസ്ത്രങ്ങള്‍ എന്നിവക്ക് സാമ്പത്തിക പിന്തുണ നല്‍കുക. സര്‍ക്കാര്‍ പിന്തുണയുള്ള വായ്പ, ഗാരണ്ടി, നിക്ഷേപ സൗകര്യങ്ങള്‍ വിദേശത്തും ലഭ്യമാക്കി പുതുവിപണികള്‍ സുരക്ഷിതമാവുന്നതു വരെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) സഹായിക്കുക.

  • വിവര സുരക്ഷ: തെറ്റായ പ്രചാരണങ്ങള്‍ പ്രതിരോധിക്കാന്‍ സംസ്ഥാനതല സംവിധാനം ഒരുക്കുക; ദുര്‍ബല സമൂഹങ്ങളിലെ അസ്വസ്ഥത തടയുക.

കേരളത്തിന് കഴിയും, രാജ്യത്തിന് മാതൃകയാകാന്‍

ഇത്തരമൊരു സംവിധാനം കെട്ടിപ്പടുക്കാന്‍ കേരളത്തിന് കഴിഞ്ഞാല്‍, ദേശീയ മാതൃകയായി അതു മാറും. വ്യാപാര തര്‍ക്കം മാത്രമല്ല താരിഫ് പ്രശ്‌നമെന്ന് കണ്ട് ഡല്‍ഹിയിലും തിരുവനന്തപുരത്തുമുള്ള നമ്മുടെ നേതാക്കള്‍ വിപുലമായൊരു സമ്മര്‍ദ തന്ത്രം മെനയണം. ആഗോള തലത്തില്‍ ഇന്ത്യയുടെ ഊര്‍ജ താല്‍പര്യങ്ങള്‍, പരമാധികാര വ്യവസായ നയങ്ങള്‍, സ്വതന്ത്രമായ ശബ്ദം എന്നിവയെല്ലാം വ്യാപാര വഴികളിലൂടെ പരീക്ഷിക്കപ്പെടുകയാണ്. ആഗോളീകരിക്കപ്പെട്ട സമ്പദ്‌സ്ഥിതിയാണ് കേരളത്തിന്റേതെന്നിരിക്കേ, അതിന്റെ ചൂട് ആദ്യം അനുഭവപ്പെടുന്ന ഇടം കേരളമായിരിക്കും. കേരളത്തെ പ്രതിരോധിക്കാന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍, ഇന്ത്യക്ക് പ്രതിരോധ കവചം ഒരുക്കാന്‍ നമുക്ക് സാധിക്കില്ല. ഇതില്‍ വിജയിച്ചാല്‍, രാജ്യത്തെ സംരക്ഷിക്കാന്‍ നമുക്ക് കഴിയും.

അറിയില്ലേ, ഖനിയിലെ മൈനയുടെ കഥ?

ഷാജിയുടെ ചൂരല്‍ക്കൊട്ടയും മേരിയുടെ കയര്‍ തറിയും ബിനുവിന്റെ കാരാമയിലെ അലമാരയും ഒരു കഥ നമ്മോട് പറയുന്നുണ്ട്. നമ്മുടെ മുന്‍നിര വ്യവസായങ്ങള്‍ അത്രമേല്‍ ദുര്‍ബലാവസ്ഥയിലാണ്. എന്നാല്‍ നമ്മുടെ ശൃംഖലകള്‍ ശക്തമാണ്. കേരളത്തിന്റെ ഹാര്‍ബറുകള്‍, ഗ്രാമങ്ങളിലെ തറികള്‍, ഗള്‍ഫ് പണംവരവിന്റെ ഇടനാഴികള്‍ - അതെല്ലാം ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചുള്ള ജാഗ്രതാ സൂചനകളാണ്. താരിഫ് പോര് നിശബ്ദം പരമാധികാര യുദ്ധമായി മാറുന്നതിനു മുമ്പ് ഇക്കാര്യം അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണേണ്ട സമയമാണ്.

കേരളത്തെ സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു കൊട്ടയോ, വിനോദ സഞ്ചാരത്തിന്റെ പറുദീസയോ ആയി ലോകം കാണുന്നുണ്ടാകാം. എന്നാല്‍ ഇന്ന്, അപകടത്തിന്റെ ആദ്യ മുന്നറിയിപ്പു നല്‍കുന്ന 'ഖനി മൈന'യാണത്. പണ്ടൊക്കെ തൊഴിലാളികള്‍ ഖനിയിലിറങ്ങുമ്പോള്‍, കൂട്ടിലടച്ച മൈനപ്പക്ഷിയും അവരുടെ കൈയിലുണ്ടാകും. ആത്മരക്ഷക്കുള്ള മുന്‍കരുതലാണത്. കൊല്ലുന്ന വാതകങ്ങള്‍ ഖനിയില്‍ നിന്ന് വമിച്ചാല്‍, അതിന്റെ തീവ്രത തൊഴിലാളികളെ ശ്വാസംമുട്ടിക്കുന്നതിനു മുമ്പേ ചത്തുവീഴുക, ആ മൈനപ്പക്ഷിയായിരിക്കുമല്ലോ. അവഗണിക്കാന്‍ സാധിക്കുന്ന വിപത്തല്ല മുന്നിലെന്ന് തിരിച്ചറിയാന്‍ മൈനയുടെ ദുരന്തം നോക്കിയിരിക്കേണ്ടവരാണോ നമ്മള്‍?

.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT