ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോര്‍ട്സിന്റെ കീഴിലേക്ക് ഒമാനിലെ സലാല തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം എത്തുമോ? ഒമാനില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന നീക്കങ്ങള്‍ ഈ അഭ്യൂഹങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒമാനിലെ പ്രമുഖ വാണിജ്യ തുറമുഖമായ സലാല പോര്‍ട്സിന്റെ നടത്തിപ്പ് കരാര്‍ നിലവിലെ കമ്പനിക്ക് നീട്ടിനല്‍കേണ്ടതില്ലെന്ന് ഒമാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് ആദ്യത്തെ പ്രധാന സംഭവവികാസം.
ആഗോള ഷിപ്പിംഗ് ഭീമനായ മെഴ്സ്ക് (Maersk) ഗ്രൂപ്പിന് ഓഹരി പങ്കാളിത്തമുള്ള സലാല പോര്‍ട്ട് സര്‍വീസസ് കമ്പനിയുടെ (SAOG) കരാറാണ് 2028 നവംബര്‍ ഒന്നിന് അവസാനിക്കുന്നത്. കരാര്‍ പുതുക്കില്ലെന്ന തീരുമാനം അന്തിമമാണെന്ന് ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത വന്നതിനു പിന്നാലെ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (APSEZ) ഒമാനില്‍ പുതിയ കമ്പനി രൂപീകരിച്ചു. ഇതും കൂട്ടിച്ചേര്‍ത്ത് തുറമുഖ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒമാന്‍ സര്‍ക്കാരുമായി അദാനി പോര്‍ട്സ് കരാറിലെത്താനുള്ള സാധ്യത വര്‍ധിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിഴിഞ്ഞം പോര്‍ട്സ് അടക്കമുളളവയുടെ നടത്തിപ്പ് ചുമതലയുള്ള അദാനി പോര്‍ട്സ് ഒക്ടോബര്‍ 21നാണ് ഒമാനില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഗേറ്റ്വേ ടെര്‍മിനല്‍ (Indian Ocean Gateway Terminal) എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ചത്. ഒക്ടോബര്‍ 22ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോളതലത്തില്‍ തുറമുഖ, ലോജിസ്റ്റിക്സ് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കമ്പനിയുടെ രൂപീകരണമെന്ന് അദാനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സലാല തുറമുഖം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സൂചനകളൊന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്കിയ അറിയിപ്പിലില്ല.
സലാല തുറമുഖത്തിന്റെ നിലവിലെ നടത്തിപ്പുകാരായ സലാല പോര്‍ട്ട് സര്‍വീസസ് കമ്പനിയുടെ കരാര്‍ 2028 നവംബര്‍ ഒന്നിന് അവസാനിക്കും. മസ്കറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്കിയ അറിയിപ്പിലാണ് സലാല പോര്‍ട്ട് സര്‍വീസസ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 1998 മുതല്‍ 30 വര്‍ഷത്തെ കരാറിലാണ് കമ്പനി തുറമുഖം നടത്തുന്നത്.
സലാല തുറമുഖം ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയ്ക്കിടയിലെ പ്രധാന ചരക്കുനീക്ക കേന്ദ്രങ്ങളിലൊന്നാണ്. കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് മേഖലയിലും തുറമുഖത്തിന് നിര്‍ണായക സ്ഥാനമുണ്ട്. ആറ് ബെര്‍ത്തുകളുള്ള തുറമുഖത്തിന് പ്രതിവര്‍ഷം 60 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. 2025ല്‍ ഏകദേശം 43 ലക്ഷം കണ്ടെയ്നറുകളാണ് ഇവിടെ കൈകാര്യം ചെയ്തത്.
ചെങ്കടല്‍, കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയിലേക്കുള്ള ചരക്കുനീക്കത്തില്‍ സലാലയ്ക്ക് തന്ത്രപ്രധാന സ്ഥാനമാണുള്ളത്. സലാലയുടെ നടത്തിപ്പ് ലഭിച്ചാല്‍ അന്താരാഷ്ട്ര ചരക്കുനീക്ക മേഖലയില്‍ അദാനി പോര്‍ട്സിന്റെ സ്വാധീനം കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും.
ഇസ്രയേല്‍, ശ്രീലങ്കയിലെ കൊളംബോ, ടാന്‍സാനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇതിനകം അദാനി പോര്‍ട്സിന് സാന്നിധ്യമുണ്ട്. സലാല തുറമുഖവുമായി ബന്ധപ്പെട്ട് കരാര്‍ യാഥാര്‍ഥ്യമായാല്‍ പശ്ചിമേഷ്യയിലെ സമുദ്രവ്യാപാര മേഖലയിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ മറ്റൊരു സുപ്രധാന ചുവടുവയ്പായിരിക്കും അത്.
Read DhanamOnline in English
Subscribe to Dhanam Magazine