Artificial Intelligence jobs  canva
Economy

സ്വര്‍ണത്തെപ്പോലെ മൂല്യമുള്ള നിക്ഷേപമായി എ.ഐ! വമ്പന്മാരുടെ കയ്യിലുള്ളത് ₹133 ലക്ഷം കോടിയുടെ കമ്പനികള്‍, കുമിള പോലെ പൊട്ടുമോ എ.ഐ?

എ.ഐ ബബിള്‍ അഥവാ കുമിളയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നത് 2015-16 കാലഘട്ടത്തിലാണ്

Dhanam News Desk

എ.ഐ മേഖലയിലെ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ആഗോള ടെക് കമ്പനികളുടെ ഓഹരികള്‍ കുതിച്ചത് ആകാശത്തോളം. കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്‍വിഡിയ (Nvidia) അടക്കമുള്ള കമ്പനികളുടെ വിപണി മൂല്യം വര്‍ധിച്ചത് അനിയന്ത്രിതമായാണ്. സെമിക്കണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മിക്കുന്ന എന്‍വിഡിയയുടെ വിപണി മൂല്യം 5 ലക്ഷം കോടി ഡോളര്‍ (ഏകദേശം 44 ലക്ഷം കോടി രൂപ) കടന്ന് മുന്നേറിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കമ്പനിയാണ് എന്‍വിഡിയ. ഇതോടെ സ്വര്‍ണം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള നിക്ഷേപമായി മാറാനും എ.ഐക്ക് കഴിഞ്ഞു. നിലവില്‍ 28 ലക്ഷം കോടി ഡോളറാണ് സ്വര്‍ണനിക്ഷേപങ്ങളുടെ മൂല്യം.

എ.ഐ കമ്പനികളുടെ കുതിപ്പ് എന്‍വിഡിയയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും വിപണിയിലെ കണക്കുകള്‍ പറയുന്നു. ഒക്‌ടോബര്‍ അവസാനത്തോടെ മൈക്രോസോഫ്റ്റും ആപ്പിളും നാല് ലക്ഷം കോടി ഡോളര്‍ വിപണിമൂല്യമെന്ന നേട്ടം കൈവരിച്ചു. എന്‍വിഡിയ ഈ നേട്ടം സ്വന്തമാക്കിയത് കഴിഞ്ഞ ജൂലൈയിലാണ്. സെമിക്കണ്ടക്ടര്‍ നിര്‍മാതാക്കളായ ബ്രോഡ്‌കോമും ടി.സി.എം.സിയും യഥാക്രമം 1.82 ലക്ഷം കോടി ഡോളറിന്റെയും 1.28 ലക്ഷം കോടി ഡോളറിന്റെയും വിപണമൂല്യത്തിലെത്തിയതും അടുത്ത കാലത്താണ്. ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് 3.32 ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യത്തിലുമെത്തി.

കിട്ടിയത് 100% റിട്ടേണ്‍

ഈ കമ്പനികളില്‍ നിന്ന് ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ രംഗത്തിറങ്ങിയതാണ് ഈ ഉയര്‍ച്ചക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്ശരിവെക്കുന്ന കണക്കുകളാണ് എന്‍വിഡിയയുടെ കാര്യത്തിലുള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടെ എന്‍വിഡിയ നിക്ഷേപകര്‍ക്ക് ലഭിച്ചത് 100 ശതമാനം റിട്ടേണ്‍ ആണെന്ന് കണക്കുകള്‍ പറയുന്നു. അടുത്ത കുറച്ച് കാലത്തേക്കെങ്കിലും എ.ഐ ചിപ്പുകള്‍ക്കും ക്ലൗഡ് സംവിധാനങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ് ഉയര്‍ന്ന് തന്നെ നില്‍ക്കും. ഇതിലൂടെ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. 2030 എത്തുമ്പോള്‍ ആഗോള ജി.ഡി.പിയിലേക്ക് 15 ലക്ഷം കോടി ഡോളര്‍ സംഭാവന ചെയ്യാന്‍ എ.ഐ കമ്പനികള്‍ക്കാകുമെന്നും വിദഗ്ധര്‍ പറയുന്നു.

കുമിള പോലെ പൊട്ടുമോ?

എന്നാല്‍ എ.ഐ കമ്പനികളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നത് നല്ല പ്രവണതയല്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നവരും ഏറെയാണ്. ഇത്തരം കമ്പനികളുടെ മൂല്യം കണക്കാക്കുന്നതില്‍ ചില പോരായ്മകളുണ്ടെന്നാണ് ഇവരുടെ വാദം. എ.ഐ ലേബലുണ്ടെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തന മോഡലോ ലാഭ സാധ്യതകളോ പരിഗണിക്കാതെ ഉയര്‍ന്ന മൂല്യം കണക്കാക്കുന്നതാണ് പ്രശ്‌നം. നിര്‍മിത ബുദ്ധിക്ക് സാധ്യമായതിനേക്കാള്‍ കൂടുതലാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. എ.ഐ കമ്പനികളിലെ നിക്ഷേപത്തില്‍ മുന്നിലെത്താനുള്ള ഓട്ടത്തിനിടയില്‍ അതിലെ പോരായ്മകളൊന്നും ഇവര്‍ പരിശോധിക്കുന്നില്ലെന്നും മുതിര്‍ന്ന സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എ.ഐ ബബിളിലാണോ

എ.ഐ ബബിള്‍ അഥവാ കുമിളയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നത് 2015-16 കാലഘട്ടത്തിലാണ്. എന്നാല്‍ അടുത്ത കാലത്ത് ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്, നിക്ഷേപക സ്ഥാപനമായ ബ്രിഡ്ജ്‌വാട്ടര്‍ അസോസിയേറ്റ്‌സിന്റെ സ്ഥാപകനായ റേ ഡാലിയോ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളാണ് എ.ഐ ബബിളിനെക്കുറിച്ചുള്ള ചര്‍ച്ച കൊഴുപ്പിച്ചത്. 90കളിലുണ്ടായ ഡോട്ട് കോം ക്രാഷിന് സമാനമായ സൂചനകളാണ് ഇപ്പോഴുള്ളതെന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യു.എസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞത് ഇതിന് വിപരീതമായ കാര്യമാണ്. വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന മേഖലയാണ് എ.ഐയെന്നും ആശങ്കക്ക് അടിസ്ഥാനമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകളുടെ സാരം. എന്‍വിഡിയ സി.ഇ.ഒ ജെന്‍സന്‍ ഹുവാംഗും ഇത്തരം ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്. എ.ഐ മേഖലയില്‍ കുമിളയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഈ സാഹചര്യത്തില്‍ എ.ഐ മേഖലയിലെ നിക്ഷേപങ്ങള്‍ കരുതലോടെ വേണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. കമ്പനികളുടെ പ്രവര്‍ത്തന മോഡല്‍, ലാഭസാധ്യത, റിസ്‌ക്ക്, ഫണ്ടമെന്റല്‍സ് എന്നിവ കൃത്യമായി പഠിച്ച് വേണം നിക്ഷേപങ്ങള്‍ നടത്താനെന്നും ഇവര്‍ ഉപദേശിക്കുന്നു.

AI firms now rival gold in value, with Nvidia and other tech giants driving a ₹133 trillion boom — but experts caution of a potential bubble.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT