Economy

'ഇറാഷണല്‍ എക്‌സ്യൂബറന്‍സ്' മുതല്‍ 'ക്രെഡിറ്റ് സുനാമി' വരെ; വാക്കുകള്‍ കൊണ്ട് വിപണിയെ നിയന്ത്രിച്ച അലന്‍ ഗ്രീന്‍സ്പാന്‍ 'ദി മാസ്‌ട്രോ' വിടവാങ്ങുമ്പോള്‍

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ മുന്‍ ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍ നൂറാം വയസില്‍ വിടവാങ്ങി. ലോക സാമ്പത്തിക രംഗത്തെ ശ്രദ്ധാകേന്ദ്രമായിരുന്ന വ്യക്തിത്വത്തെക്കുറിച്ച്

Dr.Santhosh Mathew

ലോക സാമ്പത്തിക ചരിത്രത്തില്‍ ചില മനുഷ്യര്‍ക്ക് പദവിയേക്കാള്‍ വലുതാണ് അവര്‍ ചെലുത്തിയ സ്വാധീനം. അത്തരത്തിലൊരാളായിരുന്നു അലന്‍ ഗ്രീന്‍സ്പാന്‍. നൂറാം വയസില്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ ഒരു മനുഷ്യന്റെ മരണം മാത്രമല്ല സംഭവിച്ചത്. ലോക ധനവിപണികളുടെ ഒരു യുഗത്തിനാണ് തിരശീല വീണത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ വന്നുപോയി സര്‍ക്കാരുകള്‍ മാറി, ഓഹരി വിപണികള്‍ ഉയര്‍ന്നു, തകര്‍ന്നു. മൂന്നു പതിറ്റാണ്ടോളം ലോകം കാത്തിരുന്നത് ഒരാളുടെ വാക്കുകളായിരുന്നു: ആ മനുഷ്യനായിരുന്നു അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ മുന്‍ ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍.

അമേരിക്കയിലെ ഏറ്റവും ശക്തമായ കസേര വൈറ്റ് ഹൗസിലേതല്ല, ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റേതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. നാല് അമേരിക്കന്‍ പ്രസിഡന്റുമാരുടെ കാലത്ത് അഞ്ച് തവണ ഫെഡ് ചെയര്‍മാനായി നിയമിതനായ ഗ്രീന്‍സ്പാന്‍ 1987 മുതല്‍ 2006 വരെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ നയിച്ചു.

ആ കാലഘട്ടം അമേരിക്കയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തിക വളര്‍ച്ചകളിലൊന്നായി ചരിത്രത്തില്‍ ഇടംപിടിച്ചു. പണപ്പെരുപ്പം നിയന്ത്രണത്തിലായിരുന്നു. തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. സാങ്കേതിക വിദ്യ ലോകത്തെ മാറ്റിമറിച്ചു. സമ്പത്ത് സൃഷ്ടിയുടെ പുതിയ അധ്യായങ്ങള്‍ തുറന്നു.

സാമ്പത്തിക ശില്പി

ഗ്രീന്‍സ്പാന്‍ പലിശനിരക്കുകള്‍ നിശ്ചയിച്ച ഒരു ബാങ്കര്‍ മാത്രമായിരുന്നില്ല. ധനവിപണിയുടെ മനഃശാസ്ത്രം മനസിലാക്കിയ അപൂര്‍വ സാമ്പത്തിക ശില്പിയായിരുന്നു. വാള്‍സ്ട്രീറ്റിലെ ഓരോ അസാധാരണ ചലനവും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു. നല്ല ധനനയം എങ്ങനെ നിക്ഷേപം വര്‍ധിപ്പിക്കുമെന്നും, ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുമെന്നും, തൊഴില്‍ സൃഷ്ടിക്കുമെന്നും, രാജ്യങ്ങളെ സമ്പന്നമാക്കുമെന്നും അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു.

അദ്ദേഹത്തിന്റെ നേതൃത്വകാലത്താണ് ചൈന ലോകത്തിന്റെ ഫാക്ടറിയായി ഉയര്‍ന്നത്. ദക്ഷിണകൊറിയ വ്യവസായശക്തിയായി വളര്‍ന്നു. ഇന്ത്യ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പാതയില്‍ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായിത്തീര്‍ന്നു. അമേരിക്കയുടെ വളര്‍ച്ചയെ പൂരകമാക്കി ഏഷ്യ ഉയര്‍ന്നുവന്ന കാലമായിരുന്നു അത്.

ചെയര്‍മാനായി ചുമതലയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തിന് വലിയ പരീക്ഷണം നേരിടേണ്ടി വന്നു. 1987ലെ 'ബ്ലാക്ക് മണ്‍ഡേ' അഥവാ കറുത്ത തിങ്കള്‍ ഓഹരി വിപണി തകര്‍ച്ച ലോകത്തെ നടുക്കി. നിക്ഷേപകര്‍ ഭീതിയിലായി. ഗ്രീന്‍സ്പാന്‍ ഒരു ഉറപ്പു മാത്രം നല്‍കി. ധനവിപണിയെ സംരക്ഷിക്കാന്‍ ആവശ്യമായ പണം ഫെഡറല്‍ റിസര്‍വ് ലഭ്യമാക്കുമെന്ന്. ആ പ്രഖ്യാപനം വിപണിക്ക് ആത്മവിശ്വാസം നല്‍കി. സാമ്പത്തിക പരിഭ്രാന്തി വലിയ മാന്ദ്യമായി മാറാതെ തടയാന്‍ അദ്ദേഹത്തിന് സാധിച്ചു. അന്നാണ് ലോകം അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയത്.

അലന്‍ ഗ്രീന്‍സ്പാനെ ചരിത്രം ഏറ്റവും കൂടുതല്‍ ഓര്‍ക്കുക ഒരു വാചകത്തിലൂടെയായിരിക്കും. 'Irrational Exuberance' യുക്തിരഹിതമായ ആവേശം. 1996ല്‍ അദ്ദേഹം ഈ രണ്ട് വാക്കുകള്‍ ഉച്ചരിച്ചപ്പോള്‍ ലോകം അമ്പരന്നു. ഇന്റര്‍നെറ്റ് വിപ്ലവത്തിന്റെ ആവേശത്തില്‍ കടലാസ് കമ്പനികള്‍ക്ക് പോലും ബില്യണ്‍ ഡോളര്‍ മൂല്യം കല്‍പ്പിക്കപ്പെട്ടിരുന്ന കാലം. നാസ്ഡാക്കില്‍ ഡോട്ട്‌കോം ഓഹരികള്‍ കുതിച്ചുയര്‍ന്നു. എല്ലാവരും പണം സമ്പാദിക്കുമെന്ന അന്ധവിശ്വാസം വിപണിയെ പിടിച്ചുകുലുക്കി. ആ കുമിളയെ ഒരു കേന്ദ്രബാങ്കര്‍ എങ്ങനെ നേരിടും? പലിശനിരക്ക് മാത്രം കൂട്ടിയാല്‍ മതിയോ?

ഗ്രീന്‍സ്പാന്റെ മറുപടി ഒരു പ്രസംഗമല്ലായിരുന്നു. വെറും രണ്ട് വാക്കുകള്‍. 'ഇറാഷണല്‍ എക്‌സ്യൂബറന്‍സ്.'ആ രണ്ട് വാക്കുകള്‍ ലോക ഓഹരി വിപണിയെ ചിന്തിപ്പിച്ചു. നിക്ഷേപകരെ ജാഗ്രതപ്പെടുത്തി. അനിയന്ത്രിതമായ ഊഹക്കച്ചവടത്തിന് മുന്നറിയിപ്പായി അത് സാമ്പത്തിക ചരിത്രത്തില്‍ പതിഞ്ഞു. ഒരു കേന്ദ്രബാങ്കറുടെ വാക്കുകള്‍ പോലും വിപണിയുടെ ദിശ മാറ്റാമെന്ന് അദ്ദേഹം തെളിയിച്ചു.

അദ്ദേഹത്തിന്റെ സംസാരശൈലിയും ചരിത്രമായി. ഓരോ വാക്കും ഓരോ ഇടവേളയും ലോകം വിശകലനം ചെയ്തു. ആ ശൈലിയെ ലോകം വിളിച്ചത് 'ഫെഡ്‌സ്പീക്ക്' എന്നാണ്. എന്താണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചതെന്ന് കണ്ടെത്താന്‍ സാമ്പത്തിക വിദഗ്ധരും മാധ്യമപ്രവര്‍ത്തകരും മണിക്കൂറുകള്‍ ചെലവഴിച്ചു. അങ്ങനെയാണ് ഗ്രീന്‍സ്പാന്‍ 'ദി മാസ്‌ട്രോ' എന്ന വിശേഷണം നേടിയത്. 2006ല്‍ അദ്ദേഹം വിരമിച്ചു. രണ്ട് വര്‍ഷം പിന്നിടും മുമ്പ് ലോകം മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച കണ്ടു.

വായ്പാ സുനാമി

വിലകുറഞ്ഞ വായ്പകളും നിയന്ത്രണമില്ലാത്ത സബ്‌പ്രൈം ഭവനവായ്പകളും ചേര്‍ന്ന് ആഗോള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. പ്രതിസന്ധിക്ക് ശേഷം അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഹാജരായ ഗ്രീന്‍സ്പാന്‍ തന്റെ ചില സാമ്പത്തിക വിലയിരുത്തലുകളില്‍ പിഴവുണ്ടായെന്ന് തുറന്നു സമ്മതിച്ചു. ആ ദുരന്തത്തെ അദ്ദേഹം വിശേഷിപ്പിച്ചത് മറ്റൊരു ചരിത്രപ്രസിദ്ധമായ പ്രയോഗത്തിലൂടെയായിരുന്നു. Once-in-a-century Credit Tsunami. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന വായ്പാ സുനാമി. ആ ഒരു പ്രയോഗം തന്നെ 2008 സാമ്പത്തിക പ്രതിസന്ധിയുടെ വലിപ്പം ലോകത്തിന് മുന്നില്‍ വരച്ചു കാട്ടി.

ഗ്രീന്‍സ്പാനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ദീര്‍ഘകാലം കുറഞ്ഞ പലിശനിരക്ക് നിലനിര്‍ത്തിയതു കൊണ്ടാണ് അമിത വായ്പകളും സാമ്പത്തിക കുമിളകളും രൂപപ്പെട്ടതെന്ന് പലരും ആരോപിച്ചു. മറുവശത്ത് അദ്ദേഹത്തെ പിന്തുണച്ചവര്‍ പറയുന്നത് വേറെയാണ്. സാമ്പത്തിക വളര്‍ച്ചയ്ക്കുവേണ്ടിയാണ് അദ്ദേഹം ധനനയം ലഘൂകരിച്ചത്. യോഗ്യതയില്ലാത്തവര്‍ക്ക് നിയന്ത്രണമില്ലാതെ വായ്പ നല്‍കണമെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നില്ല. അത്യാഗ്രഹം ബാങ്കുകളുടേതായിരുന്നു.

ലാഭത്തിനുവേണ്ടിയുള്ള മത്സരമാണ് വായ്പാ സുനാമിക്ക് വഴിയൊരുക്കിയത്. ഗ്രീന്‍സ്പാന് ശേഷം അതേ ഉയരത്തിലുള്ള ഒരു ഫെഡ് ചെയര്‍മാനെ അമേരിക്ക കണ്ടിട്ടില്ലെന്നാണ് പല സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തല്‍. ഇന്ന് അമേരിക്ക പണപ്പെരുപ്പം, കുതിച്ചുയരുന്ന ദേശീയ കടം, രാഷ്ട്രീയ സമ്മര്‍ദ്ദം, ധനകമ്മി തുടങ്ങിയ വലിയ വെല്ലുവിളികളെ നേരിടുകയാണ്. ഈ പ്രതിസന്ധികളെ കൈകാര്യം ചെയ്യാന്‍ ഗ്രീന്‍സ്പാന്റെ അനുഭവസമ്പത്തും ദീര്‍ഘവീക്ഷണവും ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം സാമ്പത്തിക ലോകത്ത് പലപ്പോഴും ഉയരാറുണ്ട്.

വിവാദങ്ങളും കൂട്ടിന്

അലന്‍ ഗ്രീന്‍സ്പാന്റെ ഭരണ കാലം വിവാദരഹിതമല്ല. ചിലര്‍ അദ്ദേഹത്തെ അമേരിക്കയുടെ സാമ്പത്തിക സുവര്‍ണകാലത്തിന്റെ ശില്പി എന്ന് വിശേഷിപ്പിക്കും. ചിലര്‍ 2008 പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിനുമേല്‍ ചുമത്തും. ഒന്നുറപ്പ്: ആധുനിക ലോക സമ്പദ്‌വ്യവസ്ഥയെ ഇത്ര ആഴത്തില്‍ സ്വാധീനിച്ച കേന്ദ്രബാങ്കര്‍മാര്‍ വിരളമാണ്. അലന്‍ ഗ്രീന്‍സ്പാന് ശേഷം ആ നിലവാരത്തിലുള്ള ഒരു ഫെഡ് ചെയര്‍മാന്‍ ഉണ്ടായില്ല. അതിന്റെ ദുരന്തം അനുഭവിക്കുന്നത് അമേരിക്കന്‍ ജനത ആണ്.

അമേരിക്കയിലെ വിലക്കയറ്റവും 39 ട്രില്യണ്‍ ഡോളര്‍ കടത്തെയും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആര്‍ക്കുമറിയില്ല. സ്വതന്ത്ര പദവിയുള്ള ഫെഡ് ചെയര്‍മാന്‍ ട്രംപ് പ്രസിഡന്റിന്റെ വാല്യക്കാരന്‍ എന്ന നിലയിലുമെത്തി. അമേരിക്കയില്‍ വീണ്ടുമൊരു അലന്‍ ഗ്രീന്‍സ്പാന്‍ ജന്മമെടുക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

ചരിത്രം അലന്‍ ഗ്രീന്‍സ്പാനെ ഒരു ഫെഡ് ചെയര്‍മാനായി മാത്രം ഓര്‍ക്കില്ല. ലോകത്തെ ഏറ്റവും ശക്തമായ ധനനയ ശില്പികളിലൊരാളായി, വാക്കുകള്‍ കൊണ്ട് വിപണിയെ നിയന്ത്രിച്ച സാമ്പത്തിക മഹര്‍ഷിയായി, 'ഇറാഷണല്‍ എക്‌സ്യൂബറന്‍സ്' എന്ന ഒരൊറ്റ പ്രയോഗത്തിലൂടെ ഊഹക്കച്ചവടത്തിന്റെ ഭീഷണി ലോകത്തെ പഠിപ്പിച്ച മനുഷ്യനായി ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തും. അദ്ദേഹം വിടപറഞ്ഞു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്നും ജീവിക്കുന്നു. അലന്‍ ഗ്രീന്‍സ്പാന്‍ മരിച്ചിട്ടില്ല. അദ്ദേഹം ചരിത്രമായി മാറിയിരിക്കുന്നു.

ഡോ. സന്തോഷ് മാത്യു

(പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്റ് സോഷ്യല്‍ സയന്‍സസിലെ സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് പ്രഫസറാണ് ലേഖകന്‍)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT