ആഗോള വ്യാപാര രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിന് വിള്ളല്‍ വീഴുന്നുവോ? പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന കടുത്ത സംരക്ഷണ നയങ്ങളും (Protectionism) താരിഫ് വര്‍ധനയും അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളെപ്പോലും ഇന്ത്യയുടെ പാളയത്തിലേക്ക് എത്തിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ (EU) ഇന്ത്യയുമായി ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) ഒപ്പിട്ടതിന് പിന്നാലെ, ഇപ്പോള്‍ കാനഡയും ഇന്ത്യയുമായി തന്ത്രപരമായ സാമ്പത്തിക ബന്ധം പുതുക്കാന്‍ സജീവമായി രംഗത്തെത്തിയിരിക്കുന്നു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തില്‍ അടുത്തിടെയുണ്ടായ വിള്ളലുകള്‍ മറികടന്ന് സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനാണ് കാനഡയുടെ നീക്കം. ട്രംപ് ഭരണകൂടം കനേഡിയന്‍ ഇറക്കുമതികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനു പകരം വന്ന പുതിയ ഭരണകൂടത്തെ ഇന്ത്യയുമായി അടുപ്പിക്കുന്നത്.
കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ച് ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുറേനിയം വിതരണം, ആണവ സഹകരണം, ഊര്‍ജ്ജം, നിര്‍ണ്ണായക ധാതുക്കള്‍ (Critical minerals), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നൂതന സാങ്കേതികവിദ്യകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകളില്‍ ഈ സന്ദര്‍ശനവേളയില്‍ ഒപ്പുവെക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ഊര്‍ജ്ജ പരിവര്‍ത്തന ലക്ഷ്യങ്ങളെ (energy transition goals) പിന്തുണയ്ക്കുന്നതിനും സിവിലിയന്‍ ആണവോര്‍ജ്ജ മേഖലയിലെ ദീര്‍ഘകാല സഹകരണം ഉറപ്പാക്കുന്നതിനുമായി 10 വര്‍ഷത്തേക്ക് 2.8 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ യുറേനിയം വിതരണ കരാര്‍ ഈ സന്ദര്‍ശനത്തിലെ പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരിക്കാന്‍ സാധ്യതയുണ്ട്.
ഗോവയില്‍ നടക്കുന്ന ഇന്ത്യ എനര്‍ജി വീക്കിനിടെ കനേഡിയന്‍ എനര്‍ജി മിനിസ്റ്റര്‍ ടിം ഹോഡ്സണും ഇന്ത്യയുടെ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച നിര്‍ണായകമായി.
ക്രൂഡ് ഓയില്‍, എല്‍.എന്‍.ജി, എല്‍.പി.ജി എന്നിവയുടെ കയറ്റുമതിയില്‍ ഇന്ത്യയുമായി വലിയ സഹകരണത്തിന് കാനഡ തയ്യാറെടുക്കുന്നതായാണ് സൂചനകള്‍.
കാനഡയുടെ ഊര്‍ജ്ജ കയറ്റുമതിയുടെ 98 ശതമാനവും നിലവില്‍ അമേരിക്കയിലേക്കാണ്. ട്രംപിന്റെ അപ്രതീക്ഷിത നയങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ വിപണി ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്.
സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനായി ചരക്ക്-സേവന വ്യാപാരം, നിക്ഷേപം തുടങ്ങിയവയില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരു സര്‍ക്കാരുകളും ധാരണയിലെത്തിയിട്ടുണ്ട്.
അമേരിക്കന്‍ താരിഫുകളെ നേരിടാന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നു എന്നതിന്റെ സൂചനയായാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ബ്രിട്ടന്‍, ന്യൂസിലന്‍ഡ്, ഒമാന്‍, ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള വ്യാപാര കരാറുകള്‍ ഇന്ത്യയെ ആഗോള വിപണിയിലെ ഒഴിച്ചുകൂടാനാവാത്ത ശക്തിയാക്കി മാറ്റിയിരിക്കുന്നു.
അമേരിക്കയെ മാത്രം ആശ്രയിച്ചു നിന്നിരുന്ന സഖ്യകക്ഷികള്‍ ഇന്ത്യയുമായി കൈകോര്‍ക്കുന്നത് ഇന്ത്യന്‍ വിപണിയില്‍ വന്‍ നിക്ഷേപ സാധ്യതകളാണ് തുറന്നിടുന്നത്.
Canada moves closer to India with major energy and economic deals amid rising U.S. protectionism.
Read DhanamOnline in English
Subscribe to Dhanam Magazine