Economy

ഇന്ത്യയുടെ ധനക്കമ്മി പ്രശ്നം തന്നെ: ഗീത ഗോപിനാഥ്

Dhanam News Desk

ഇന്ത്യയുടെ ഉയർന്ന ധനക്കമ്മി ഗൗരവമായി കാണേണ്ട ഒരു പ്രശ്നം തന്നെയാണെന്ന് അന്താഷ്ട്ര നാണയനിധി (ഐഎംഫ്)യുടെ ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്.

ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കവെയാണ് ഗീത ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആകെ ധനക്കമ്മി കണക്കാക്കിയാൽ ഇത് ഉയർന്ന നിലയിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിൽ ഇതിന്റെ നിലയിൽ യാതൊരു കുറവും ഉണ്ടായിട്ടില്ലെന്നും അവർ ഓർമിപ്പിച്ചു.

അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകതന്നെ വേണം. ധനക്കമ്മി കുറക്കാനുള്ള കാര്യത്തിൽ സർക്കാർ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ഗീത അഭിപ്രായപ്പെട്ടു.

വരുന്ന ബജറ്റിൽ കർഷകർക്കായി വൻ കടാശ്വാസ പദ്ധതികളും മറ്റും സർക്കാർ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് വർഷത്തിൽ കർഷകരുടെയും മധ്യവർഗ്ഗത്തിന്റെയും വോട്ടുകൾ ലക്ഷ്യമിട്ട് സർക്കാർ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചാൽ സമ്പദ് വ്യവസ്ഥയിൽ അത് കടുത്ത സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

മുഖ്യമന്തി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി കുറച്ചുകാലം സേവനമനുഷ്ഠിച്ച കണ്ണൂർ-സ്വദേശിയായ ഗീത, ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ്.

ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT