Economy

ബാങ്ക് ഓഹരികള്‍ വീണ്ടും വീണു, ഇന്ത്യന്‍ ഓഹരി വിപണി താഴേയ്ക്ക് തന്നെ

Dhanam News Desk

ആഗോളതലത്തില്‍ കൊറോണ രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നതും നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതും വിപണിക്ക് ആഘാതമായി. സെന്‍സെക്‌സ് 600 പോയ്ന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 8000 എന്ന നിലയില്‍ കഷ്ടിച്ച് പിടിച്ചു നിന്നു.

ഇന്നലെ ഓഹരി വിപണി അടച്ചപ്പോള്‍ സെന്‍സെക്‌സ് 674 പോയന്റ് താഴ്ന്ന് 27590 പോയ്ന്റ് രേഖപ്പെടുത്തി. 170 പോയന്റ് താഴ്ന്ന നിഫ്റ്റി 8083 എന്ന നിലയിലാണ്.

പ്രധാന ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദ്ദം നേരിടുന്നത് തുടരുകയാണ്. സൂചികകളില്‍ 30-40 ശതമാനവും ധനകാര്യ സ്ഥാപനങ്ങളാണ്. പ്രമുഖ സ്ഥാപനങ്ങളുടെ വിലയിലുണ്ടാകുന്ന ഇടിവ് കടുത്ത വിറ്റഴിക്കലിലാകും കലാശിക്കുക.

പ്രതിദിന വ്യാപാരത്തില്‍ മിക്ക ബാങ്ക് ഓഹരികളും കനത്ത നഷ്ടമാണ് ബിഎസ്ഇയില്‍ ഇന്നലെ നേരിട്ടത്. മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ബാങ്കിംഗ് മേഖലയെ സംബന്ധിച്ച ഔട്ട്‌ലുക്കില്‍ സ്ഥിരതയുള്ളത് എന്നതില്‍ നിന്നും നെഗറ്റീവ് എന്ന് വിലയിരുത്തല്‍ ഉണ്ടായതിനെ തുടര്‍ന്നാണിത്.

ബാങ്ക് ഓഹരികള്‍ക്ക് പിന്നാലെ മറ്റു ധനകാര്യ സേവന, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ഓട്ടോ മേഖലകളും വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു.

എസ് & പി ബിഎസ്ഇ മിഡ് കാപ് സൂചിക 1.1 ശതമാനം ഇടിഞ്ഞപ്പോള്‍ എസ് & പി ബിഎസ്ഇ സ്‌മോള്‍ കാപ് സൂചികയില്‍ 1.03 ശതമാനം മാത്രമാണ് ഇടിവുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

നിഫ്റ്റിയില്‍ ഗെയ്ല്‍ ഇന്ത്യ, ഐറ്റിസി, സിപ്ല, സണ്‍ ഫാര്‍മ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേസമയം ടൈറ്റന്‍ കമ്പനി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയ്ക്ക് കനത്ത ആഘാതം നേരിട്ടു.

എസ് & പി ബിഎസ്ഇ ബാങ്കിംഗ് സൂചിക 5.3 ശതമാനും മറ്റുധനകാര്യ സൂചികയില്‍ 4.3 ശതമാനവും ഓട്ടോ സൂചികയില്‍ 2.9 ശതമാനവും ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഹെല്‍ത്ത് കെയര്‍ സൂചികയില്‍ 3.5 ശതമാനം ഉയര്‍ച്ചയുണ്ടായി. ഓയ്ല്‍ ആന്‍ഡ് ഗ്യാസ് സൂചികയില്‍ 2.03 ശതമാനവും എഫ്എംസിജി സൂചികയില്‍ 0.84 ശതമാനവും ഉയര്‍ച്ചയും രേഖപ്പെടുത്തി.

മൊത്തം വിറ്റഴിക്കപ്പെട്ട ഓഹരികളുടെ എണ്ണത്തില്‍ ഐറ്റിസി, സിപ്ല, അപ്പോളോ ഹോസ്പിറ്റല്‍സ്, ലുപിന്‍, ടോറന്റ് ഫാര്‍മ തുടങ്ങിയ ഓഹരികള്‍ 100 ശതമാനം കടന്നു. ടോറന്റ് ഫാര്‍മ, ഐജിഎല്‍, എച്ച്പിസിഎല്‍, എംആര്‍എഫ് എന്നിവയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയപ്പോള്‍ ജെഎസ്പിഎല്‍, കുമ്മിന്‍സ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, പിവിആര്‍ എന്നിവയുടെ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചു.

ശ്രീ സിമന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, ഐസിആര്‍എ, പി വിപി ആര്‍, സുപ്രീം ഇന്‍ഡസ്ട്രീസ് തുടങ്ങി 200 ലേറെ കമ്പനികളുടെ ഓഹരികളുടെ വില 52 ആഴ്ചയിലെ താഴ്ന്ന നിലയിലായി.

നിഫ്റ്റിയില്‍ ബാങ്കിംഗ് മേഖലയില്‍ 1000 പോയന്റിനടുത്ത് താഴ്ന്നു. ആര്‍ബിഎല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബന്ധന്‍ ബാങ്ക് എന്നിവയാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയത്. സണ്‍റൈസ് ഫുഡിനെ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തകള്‍ ഐറ്റിസിക്ക് ഗുണമായി. 7 ശതമാനം വര്‍ധനയാണ് ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്. ഔറംഗാബാദിലെ യൂണിറ്റിന് യുഎസ് എഫ്ഡിഎയുടെ എസ്റ്റാബ്ലിഷ്‌മെന്റ് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ലുപിന്റെ ഓഹരി വിലയില്‍ 14 ശതമാനത്തിലേറെ ഉയര്‍ച്ചയുണ്ടായി. ജിഎസ്‌കെയുടെ അഡ്‌വെയര്‍ ഡിസ്‌കസ് എന്ന മെഡിസിന്റെ ജനറിക് വേര്‍ഷന്‍ കണ്ടെത്തുന്നതിനുള്ള ക്ലിനിക്കല്‍ പഠനം മൂന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന പ്രഖ്യാപനം സിപ്ലയ്ക്കും നേട്ടമായി. എട്ടു ശതമാനം വര്‍ധനയാണ് ഇന്നലെ ഓഹരി വിലയില്‍ ഉണ്ടായത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT