Economy

അസറ്റ് മോണിറ്റൈസേഷന്‍: ലക്ഷ്യം മറികടന്ന് കേന്ദ്രം

88,000 കോടി രൂപ ലക്ഷ്യമിട്ട കഴിഞ്ഞ സാമ്പത്തിക വര്‍ഷം 96,000 കോടി രൂപയാണ് സമാഹരിച്ചത്

Dhanam News Desk

പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി ഉപയോഗപ്പെടുത്തി പണമുണ്ടാക്കുന്ന (അസറ്റ് മോണിറ്റൈസേഷന്‍) പദ്ധതിയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം മറികടന്ന് കേന്ദ്രസര്‍ക്കാര്‍. 88,000 കോടി രൂപ ലക്ഷ്യമിട്ട കഴിഞ്ഞ സാമ്പത്തിക വര്‍ഷം 96,000 കോടി രൂപയാണ് കേന്ദ്രത്തിന് സമാഹരിക്കാനായത്. നടപ്പ് സാമ്പത്തിക വര്‍ഷം 1.62 ട്രില്യണ്‍ രൂപയാണ് അസറ്റ് മോണിറ്റൈസേഷനിലൂടെ കേന്ദ്രം സമാഹരിക്കുക.

കല്‍ക്കരി, റോഡ്, മിനറല്‍സ്, ഊര്‍ജ്ജം, റെയില്‍വെ എന്നീ മേഖലകളിലെ അസറ്റ് മോണിറ്റൈസേഷനിലൂടെയാണ് കേന്ദ്രം ലക്ഷ്യം മറികടന്നത്. ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചത് കല്‍ക്കരി മേഖലയില്‍ നിന്നാണ്. കല്‍ക്കരി ഖനികളിലെ 22 ബ്ലോക്കുകള്‍  ലേലത്തില്‍ നല്‍കിയതിലൂടെ 40,000 കോടി രൂപയാണ് ലഭിച്ചത്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് , ട്രോള്‍ ഓപറേറ്റ് ട്രാന്‍സ്ഫര്‍ തുടങ്ങിയവയിലൂടെ 23000 കോടി രൂപയാണ് ഗതാഗത മന്ത്രാലയം സമാഹരിച്ചത്.

മുപ്പത്തിയൊന്നോളം മിനറല്‍ ബ്ലോക്കുകള്‍ ലേലം ചെയ്തതിലൂടെ 18700 കോടി രൂപ ലഭിച്ചു. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിലൂടെയും നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനിലൂടെയും 9,500 കോടി രൂപയാണ് ഊര്‍ജ്ജ മന്ത്രാലയം നേടിയത്. 18,700 കോടി രൂപ കണ്ടെത്താന്‍ പദ്ധതിയിട്ട റെയില്‍വെയ്ക്ക് ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. ഏകദേശം 900 കോടി രൂപയാണ് റെയില്‍വെ മന്ത്രാലയം സമാഹരിച്ചത്.

സാമ്പത്തിക ഏകീകരണത്തിന്റെ ഭാഗമായി 2012ല്‍ വിജയ് കേല്‍ക്കര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ആദ്യമായി അസറ്റ് മോണിറ്റൈസേഷന്‍ എന്ന ആശയം നിര്‍ദ്ദേശിക്കുന്നത്. 2021 ഓഗസ്റ്റ് 23ന് ആണ് കേന്ദ്രം 6 ലക്ഷം കോടി രൂപയുടെ അസ്റ്റ് മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പ്രഖ്യാപിക്കുന്നത് . റോഡ്, റെയില്‍വെ, വ്യോമയാനം, ഊര്‍ജ്ജം, എണ്ണ, വാതകം, സംഭരണം തുടങ്ങിയ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി ഉപയോഗപ്പെടുത്തി 2022-25 കാലയളിവിലാണ് 6 ലക്ഷം കോടി രൂപ സമാഹരിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT