Economy

9 വർഷത്തോളം ചൈന പുറത്തുവിട്ടത് ഊതിവീർപ്പിച്ച ജിഡിപി കണക്കുകൾ

Dhanam News Desk

2008 മുതൽ 2016 വരെയുള്ള കാലയളവിൽ ചൈന ഔദ്യോഗികമായി പുറത്തുവിട്ട ജിഡിപി നിരക്കുകൾ ഊതിവീർപ്പിച്ച കണക്കുകളെന്ന് പഠനം. ഹോങ്കോങ്ങിലെ ചൈനീസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.

യഥാർത്ഥ വളർച്ചാ നിരക്കിനേക്കാളും ശരാശരി 1.7 പെർസെന്റേജ് പോയിന്റ് അധികമായിരുന്നു ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്ത ജിഡിപി നിരക്കുകൾ.

ചൈനയിൽ ഓരോ പ്രാദേശിക സർക്കാരുകൾക്കും വളർച്ചാ, നിക്ഷേപ ടാർജറ്റുകൾ ഉണ്ട്. ഈ ടാർജറ്റുകൾ നേടിയാൽ അവിടത്തെ ഉദ്യോഗസ്ഥർക്ക് പാരിതോഷികവും പ്രമോഷനും ഉണ്ട്. ടാർജറ്റ് നേടി എന്ന് തെളിയിക്കാൻ അവർ ഓരോ വർഷവും കണക്കുകൾ പെരുപ്പിച്ചു കാണിക്കാറുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ചിലപ്പോൾ ദേശീയ വളർച്ചാ നിരക്കിനേക്കാൾ 10 ശതമാനം വരെ കൂടുതലായിരിക്കും ചില പ്രാദേശിക ഉദ്യോഗസ്ഥർ റിപ്പോർട്ടു ചെയ്യുന്ന വളർച്ചാ നിരക്കുകൾ.

ഇതേക്കുറിച്ച് നന്നായി അറിയാവുന്ന ചൈനയുടെ നാഷണൽ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഈ പ്രാദേശിക കണക്കുകൾ അതിനനുസരിച്ച് ക്രമീകരിക്കാറുണ്ട്. എന്നാൽ 2008 മുതൽ കണക്കുകൾ നേരെയാക്കുന്ന പരിപാടി എന്തുകൊണ്ടോ സ്റ്റാറ്റിസ്റ്റിക്സ് ബ്യുറോ നിർത്തിവെച്ചു.

ഇതോടെ ഔദ്യോഗിക റിപ്പോർട്ടുകളിൽ ശരിയായ വളർച്ചാ നിരക്കിനേക്കാൾ ഉയർന്ന ജിഡിപി നിരക്ക് ചൈന രേഖപ്പെടുത്താൻ തുടങ്ങി. അതുകൊണ്ടുതന്നെയാണ് പുതുക്കിയ ജിഡിപി നിരക്കനുസരിച്ച് ചൈനയുടെ ഇക്കണോമിക് സ്ലോ ഡൗൺ വിചാരിച്ചതിനേക്കാൾ കൂടുതലാണെന്ന് തെളിഞ്ഞതും, റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചൈനീസ് ഗവൺമെന്റ് ഈയിടെ നേരിട്ട് കണക്കുകൾ ശേഖരിക്കാൻ ആരംഭിച്ചു. 2019 മുതൽ കൂടുതൽ കൃത്യതയോടെയായിരിക്കും ജിഡിപി കണക്കുകൾ പ്രസിദ്ധീകരിക്കുകയെന്ന് സ്റ്റാറ്റിസ്റ്റിക്സ് ബ്യുറോ അറിയിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT