Economy

കീശ കാലിയായാലും വിട്ടുവീഴ്ചയില്ല! 'ഇഎംഐ' കെണിയില്‍ ഇലക്ട്രോണിക്‌സ് വാങ്ങിക്കൂട്ടി ഇന്ത്യക്കാര്‍; ലോണ്‍ കുടിശിക ₹1.19 ലക്ഷം കോടിയില്‍!

നിലവില്‍ വിപണിയില്‍ വിറ്റഴിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ 67 ശതമാനത്തിനും എന്‍.ബി.എഫ്.സി വായ്പകളുടെ പിന്‍ബലമുണ്ട്

Dhanam News Desk

രാജ്യത്ത് ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിലക്കയറ്റം ദൃശ്യമാണെങ്കിലും വില്പനയില്‍ കാര്യമായ കുറവില്ലെന്ന് കണക്കുകള്‍. ആവശ്യമുള്ള ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഉപയോക്താക്കള്‍ വായ്പയെ കൂടുതല്‍ ആശ്രയിക്കുന്നതാണ് കാരണം. രാജ്യത്തെ വായ്പ കുടിശിക ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിയെന്ന് മുന്‍നിര ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ഇക്വിഫാക്‌സ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഉത്പന്നങ്ങളുടെ കുത്തനെയുള്ള വിലവര്‍ധന നേരിടാന്‍ ഭൂരിഭാഗം ഉപഭോക്താക്കളും വായ്പകളെ ആശ്രയിച്ചതാണ് ഈ വന്‍ മുന്നേറ്റത്തിന് കാരണമായത്. 2026 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണ്‍ മേഖലയിലെ ആകെ വായ്പാ കുടിശക 1.19 ലക്ഷം കോടി രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. മാര്‍ച്ചില്‍ ഇത് 1.09 ലക്ഷം കോടി രൂപയായിരുന്നു.

ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ വായ്പകളെയും ഇഎംഐ സ്‌കീമുകളെയും മാത്രം ആശ്രയിക്കേണ്ടി വരുന്നത് കുടുംബങ്ങളുടെ സമ്പാദ്യശീലത്തെ ബാധിക്കും. ക്രെഡിറ്റ് കാര്‍ഡുകളും വായ്പകളും ലഭിക്കുന്നത് കൂടുതല്‍ എളുപ്പമായതോടെ പല കുടുംബങ്ങളും കടക്കെണിയിലാണെന്ന് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിപണി പിടിച്ചടക്കി എന്‍.ബി.എഫ്.സികള്‍

ചെറുകിട നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സാന്നിധ്യം ശക്തമാക്കി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ് (എന്‍ബിഎഫ്‌സി) വായ്പ സംസ്‌കാരത്തിന്റെ രീതി മാറ്റിയെഴുതുന്നത്. മുമ്പ് മുന്‍കൂര്‍ പണം നല്കി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള വായ്പകളെയാണ് ആശ്രയിക്കുന്നത്.

ഈ വര്‍ഷം മെയ് മാസത്തെ കണക്കനുസരിച്ച് എന്‍.ബി.എഫ്.സികള്‍ വിതരണം ചെയ്ത കണ്‍സ്യൂമര്‍ ലോണുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനത്തിന്റെ വന്‍ വളര്‍ച്ചയാണുണ്ടായത്. നിലവില്‍ വിപണിയില്‍ വിറ്റഴിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ 67 ശതമാനത്തിനും എന്‍.ബി.എഫ്.സി വായ്പകളുടെ പിന്‍ബലമുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ എന്‍.ബി.എഫ്.സിയായ ബജാജ് ഫിനാന്‍സ് ജൂണ്‍ പാദത്തില്‍ മാത്രം 1.64 കോടി പുതിയ ലോണുകളാണ് അനുവദിച്ചത്. മുന്‍വര്‍ഷത്തെക്കാള്‍ വായ്പകളുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധന.

ഇഎംഐ തവണ നീട്ടി

മാസത്തവണകള്‍ (EMI) ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ കമ്പനികള്‍ വായ്പാ കാലാവധി നീട്ടിയിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വായ്പകള്‍ 12 മാസത്തില്‍ നിന്ന് 15 തവണകളായി. ടിവി, എസി, ലാപ്‌ടോപ്പ് വായ്പകള്‍ 18 മാസത്തില്‍ നിന്ന് 24 മാസമായും ദീര്‍ഘിപ്പിച്ചു. വായ്പകള്‍ വാരിക്കോരി നല്കുമ്പോഴും എന്‍ബിഎഫ്‌സികള്‍ വായ്പ നല്കുന്നതില്‍ നിയന്ത്രണം കടുപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തിരിച്ചടവുകളില്‍ മുടക്കം വരുത്തുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് കാരണം.

കഴിഞ്ഞ ആറ് മാസത്തിനിടെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ്, ടെലിവിഷന്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയ്ക്ക് 12 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് കമ്പനികള്‍ വില വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള സപ്ലൈ ചെയിനെ ഗുരുതരമായി ബാധിച്ചതാണ് ഇതിന് പ്രധാന കാരണം. മെമ്മറി ചിപ്പുകളുടെ വിലവര്‍ധനവും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും മൂന്നുണ്ടായ അധികച്ചെലവ് കമ്പനികള്‍ ഉപയോക്താക്കളിലേക്ക് കൈമാറിയതാണ് വിലക്കയറ്റത്തിന് കാരണമായത്.

India's consumer durable loan outstanding has reached a record ₹1.19 lakh crore as more buyers depend on EMI financing for electronics and smartphones

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT