Economy

കേരളത്തിലെ സ്ഥിതി ഉത്തരേന്ത്യയെക്കാള്‍ കടുക്കുന്നു; ലോക്ഡൗണ്‍ ശുപാര്‍ശ

സംസ്ഥാനത്ത് കോവിഡ് ലോക്ഡൗണ്‍ ശുപാര്‍ശയില്‍ അന്തിമ തീരുമാനം ഉടന്‍.

Dhanam News Desk

കേരളത്തില്‍ രോഗവ്യാപനം രൂക്ഷമാകുന്നു. 28460 ആണ് ഇന്നലെ വരെയുള്ള ഉയര്‍ന്ന നിരക്ക്. ചികിത്സയിലുള്ളവര്‍ 2.18 ലക്ഷം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ശതമാനമായാണ് ഉയര്‍ന്നിട്ടുള്ളത്. ദിവസേനയുള്ള രോഗികളുടെ എണ്ണം 38000ത്തില്‍ കൂടുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന വ്യാപന നിരക്ക് എറണാകുളത്താണ്. നിരക്ക് ഇനിയുമുയരുമെന്നാണ് റിപ്പോര്‍ട്ട്

മേയ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തി പിന്നീടു കുറയും. ആ സമയത്ത് ചികിത്സയിലുള്ളവര്‍ 4 ലക്ഷത്തോളമാകുമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എണ്ണം മേയ് അവസാനം വരെ ഉയര്‍ന്നു നില്‍ക്കാനിടയുണ്ട്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണില്‍ പ്രഖ്യാപിക്കണമെന്ന ശുപാര്‍ശയില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. ലോക്ഡൗണ്‍ ആവശ്യമില്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ മതിയെന്നുമുള്ള തീരുമാനത്തിലായിരുന്നു ഇടതു മുന്നണിയും സര്‍ക്കാരും. പ്രതിപക്ഷവും ഇതിനോടു യോജിക്കുന്നുണ്ട്. സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

ഇന്നലെ രാത്രി ചേര്‍ന്ന കോവിഡ് വിദഗ്ധസമിതിയുടെ യോഗത്തില്‍ രണ്ട് ആഴ്ച ലോക്ഡൗണ്‍ വേണമെന്ന നിര്‍ദേശം ഉണ്ടായി. കൊറോണ വൈറസിന്റെ യുകെ വകഭേദം വേഗത്തില്‍ പടരുകയാണിപ്പോള്‍. മഹാരാഷ്ടയില്‍ നിന്നുള്ള ഇരട്ട വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് കേരളത്തില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ ചെറുക്കുന്നതിനാണ് രണ്ടാഴ്ചയെങ്കിലും സമ്പര്‍ക്കം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

ലോക്ഡൗണ്‍ വേണ്ടെന്നു ശക്തമായ എതിര്‍പ്പ് ഉയര്‍ന്നാല്‍ എറണാകുളം ജില്ലയില്‍ ഇന്നലെ മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാനമാകെ ബാധകമാക്കും. സര്‍വകക്ഷി യോഗത്തിലെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചു വൈകിട്ട് 5.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്ഡൗണ്‍ സംബന്ധിച്ച് അന്തിമ പ്രഖ്യാപനം അറിയിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT