canva
Economy

റേറ്റിംഗ് കൂട്ടല്‍, നികുതി കുറയ്ക്കല്‍ നേട്ടങ്ങള്‍ എന്തൊക്കെ?

വില്‍പ്പനയില്‍ മൂന്നാം പാദം മുതല്‍ കുതിപ്പ് പ്രതീക്ഷിക്കാം

T C Mathew


സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് (എസ്ആന്‍ഡ്പി) ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ട്രിപ്പിള്‍ ബി നെഗറ്റീവില്‍ നിന്ന് ട്രിപ്പിള്‍ ബിയിലേക്ക് ഉയര്‍ത്തി. 18 വര്‍ഷത്തിന് ശേഷം ഈ റേറ്റിംഗിലേക്ക് കയറുന്നതിലൂടെ ഇന്ത്യ എത്തുന്നത് ഇന്തോനേഷ്യയുടെയും മെക്സിക്കോയുടെയും ഗ്രീസിന്റെയും ഒപ്പമാണ്. ട്രിപ്പിള്‍ ബി പ്ലസ് ഉള്ള ഇറ്റലിക്കും ഫിലിപ്പീന്‍സിനും തായ്ലന്‍ഡിനും എ മൈനസ് ഉള്ള മലേഷ്യക്കും താഴെ. ഇതോടെ നിക്ഷേപ യോഗ്യതയുടെ പട്ടികയില്‍ താഴെ നിന്ന് രണ്ടാം സ്ഥാനത്തായി ഇന്ത്യ.

പ്രതിസന്ധികള്‍ മറികടന്ന് ഉയര്‍ന്ന വളര്‍ച്ച നേടിയതും ഉയര്‍ന്ന കമ്മി ഉണ്ടായിട്ടും കടം- ജിഡിപി അനുപാതം ഗണ്യമായി കുറച്ചതും ചൂണ്ടിക്കാണിച്ചാണ് ഉയര്‍ത്തല്‍. കോവിഡ് പ്രതിസന്ധിക്ക് ശേഷം 2021-22 മുതല്‍ 2023-24 വരെ ശരാശരി 8.8 ശതമാനം വളര്‍ച്ച ഇന്ത്യ നേടി. ഇത് ഏഷ്യ-പസഫിക്ക് മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

2024-25 മുതല്‍ 2026-27 വരെ ശരാശരി 6.8 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുമുണ്ട്. കോവിഡ് കാലത്ത് ജിഡിപിയുടെ 88 ശതമാനം വരെ ഉയര്‍ന്ന കടം-ജിഡിപി അനുപാതം കഴിഞ്ഞ ധനകാര്യ വര്‍ഷം 83 ശതമാനമായി കുറച്ചു. 2029 മാര്‍ച്ച് ആകുമ്പോള്‍ ഈ അനുപാതം 78 ശതമാനമായി കുറയും. ഇതെല്ലാം റേറ്റിംഗ് ഉയര്‍ത്തുന്നതിന് സഹായകമായി.

തീരുവ സാരമില്ല

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചുമത്തുന്ന വലിയ തീരുവ അത്ര കനത്ത ആഘാതമായി ഏജന്‍സി കാണുന്നില്ല. ഇന്ത്യയുടെ സമ്പദ്ഘടനയില്‍ കയറ്റുമതിയുടെ പങ്ക് അത്ര വലുതല്ല. അമേരിക്കയിലേക്കുള്ള2024ലെ ഇന്ത്യന്‍ കയറ്റുമതി ജിഡിപിയുടെ 2.44 ശതമാനമേ ഉള്ളൂ. അതില്‍ 40 ശതമാനം നടക്കില്ല എന്നു വന്നാല്‍ ഒരു ശതമാനത്തില്‍ താഴെ കുറവേ ജിഡിപിയില്‍ വരൂ. മറ്റ് വിപണികള്‍ കണ്ടെത്തിയും ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചും ഈ കുറവിന്റെ ഗണ്യമായ ഭാഗം നികത്താനാവും.

മൂന്ന് നേട്ടങ്ങള്‍

ഇങ്ങനെ അനുകൂല ഘടകങ്ങള്‍ ഉള്ളത് കണക്കാക്കിയാണ് എസ്ആന്‍ഡ്പി ഇന്ത്യയുടെ വായ്പാ യോഗ്യത ഉയര്‍ത്തിയത്. ഇത് മൂന്നു നേട്ടങ്ങളിലേക്ക് നയിക്കും. ഒന്ന്: വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിക്കും. കൂടുതല്‍ നിക്ഷേപം ഇന്ത്യന്‍ വ്യവസായങ്ങളിലേക്കും ഓഹരികളിലേക്കും വരും. രണ്ട്: ഇന്ത്യന്‍ കമ്പനികളുടെ വിദേശ വായ്പകള്‍ക്ക് പലിശ കുറയും. കമ്പനികളുടെ ലാഭക്ഷമതവര്‍ധിക്കും. മൂന്ന്: രൂപയുടെ കരുത്ത് കൂടും. വിനിമയ നിരക്ക് മെച്ചപ്പെടും.

നികുതി കുറയ്ക്കല്‍ ഉത്തേജനമാകും

റേറ്റിംഗ് ഉയര്‍ത്തലിന് പിന്നാലെ രാജ്യത്ത് ജിഎസ്ടി പരിഷ്‌കാരം കൂടിപ്രഖ്യാപിച്ചത് വരുന്ന പാദങ്ങളില്‍ കമ്പനികളുടെ വില്‍പ്പനയും ലാഭവും ഉയരാന്‍ വഴിതെളിക്കും. വിലകള്‍ ഗണ്യമായി കുറയുന്ന രീതിയില്‍ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന സമഗ്രനികുതി പരിഷ്‌കാരം ദീപാവലിക്ക് മുമ്പേ നടപ്പാക്കും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്.

നിത്യോപയോഗ സാധനങ്ങള്‍ക്ക് മുതല്‍ കാറിനും സിമന്റിനും വരെ വില കുറയ്ക്കുന്ന നീക്കമാണ് കേന്ദ്രത്തിന്റേത്.

സിഗരറ്റ്, പാന്‍മസാല, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, കോളകള്‍, സ്വര്‍ണം എന്നിവയൊഴികെ എല്ലാ ഇനം ഉല്‍പ്പന്നങ്ങള്‍ക്കും വില ഗണ്യമായി കുറയും. ഹോട്ടല്‍ മുറിക്കും ഭക്ഷണത്തിനും നികുതി കുറയുന്നത് ടൂറിസത്തെ സഹായിക്കും. ഭക്ഷ്യവസ്തുക്കള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, വസ്ത്രം, പാദരക്ഷകള്‍, വളം, കീടനാശിനി, എസി, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് വില ഗണ്യമായി കുറയും. ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ക്ക് പ്രീമിയത്തിന്റെ നികുതിയും കുറയും. വില കുറയുന്നതു വില്‍പ്പന കൂട്ടും. അത് മൂലധന നിക്ഷേപത്തിന് വ്യവസായികളെ പ്രേരിപ്പിക്കും.

കൂടിയ വില്‍പ്പന, നികുതി നിരക്ക് കുറയ്ക്കല്‍ മൂലമുള്ള നികുതിനഷ്ടം നികത്തും എന്നാണ് വിലയിരുത്തല്‍. വര്‍ഷം ഒന്നരലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിര്‍ദിഷ്ട ജിഎസ്ടി പരിഷ്‌കാരം മൂലം ഉണ്ടാവുക. സെപ്റ്റംബറില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം നികുതി കുറയ്ക്കലിന് ഔപചാരിക തീരുമാനം എടുക്കും. നികുതി കുറയ്ക്കല്‍ കാത്ത് ഉപയോക്താക്കള്‍ ഓഗസ്റ്റിലും സെപ്റ്റംബറിലും വാങ്ങല്‍ കുറയ്ക്കുന്ന പക്ഷം കമ്പനികളുടെ രണ്ടാം പാദം മോശമാകാം. എങ്കിലും മൂന്നാം പാദം മുതല്‍ വില്‍പ്പനയില്‍ കുതിപ്പ് പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ കമ്പനികളുടെ ഒന്നാം

പാദ പ്രവര്‍ത്തന ഫലം ഒട്ടും തൃപ്തികരമല്ലാതെ വന്ന ഒരവസരത്തിലാണ് ഈ നടപടികള്‍. ഒന്നാം പാദത്തിലെ 3031 കമ്പനികളുടെ വിറ്റുവരവ് ആറും അറ്റാദായം 9.4 ഉം ശതമാനമാണ് വളര്‍ന്നത്. ഈ ഒറ്റയക്ക വളര്‍ച്ചയില്‍ നിന്ന് ഇരട്ടയക്ക വളര്‍ച്ചയിലേക്ക് വരും പാദങ്ങളില്‍ വളരാന്‍ നികുതി കുറയ്ക്കല്‍ വലിയ പങ്ക് വഹിക്കും. രാജ്യത്തിന്റെ റേറ്റിംഗിന് പിന്നാലെ ഏഴ് ബാങ്കുകളുടെയും മൂന്ന് ധനകാര്യ കമ്പനികളുടെയും റേറ്റിംഗ് എസ്ആന്‍ഡ്പി ഉയര്‍ത്തി. എസ്ബിഐ,എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റാ ക്യാപിറ്റല്‍, എല്‍ആന്‍ഡ്ടി ഫിനാന്‍സ് എന്നിവ ബിബിബി/സ്റ്റേബിള്‍/എ2 വിലേക്ക് ഉയര്‍ത്തപ്പെട്ടു.

തീരുവ യുദ്ധത്തിന്റെ ആഘാതത്തിനിടെ രാജ്യത്തിന് ഇരട്ട ദീപാവലിയാണ് റേറ്റിംഗ് കൂട്ടലും നികുതി കുറയ്ക്കലും വഴി വരുന്നത്. 

ബാങ്കുകളും ധനകാര്യ കമ്പനികളും മുന്നേറും

ഇന്ത്യന്‍ കമ്പനികളുടെ ഒന്നാം പാദ പ്രവര്‍ത്തന ഫലം ഒട്ടും തൃപ്തികരമല്ലാതെ വന്ന ഒരവസരത്തിലാണ് ഈ നടപടികള്‍. ഒന്നാം പാദത്തിലെ 3031 കമ്പനികളുടെ വിറ്റുവരവ് ആറും അറ്റാദായം 9.4 ഉം ശതമാനമാണ് വളര്‍ന്നത്. ഈ ഒറ്റയക്ക വളര്‍ച്ചയില്‍ നിന്ന് ഇരട്ടയക്ക വളര്‍ച്ചയിലേക്ക് വരും പാദങ്ങളില്‍ വളരാന്‍ നികുതി കുറയ്ക്കല്‍ വലിയ പങ്ക് വഹിക്കും. രാജ്യത്തിന്റെ റേറ്റിംഗിന് പിന്നാലെ ഏഴ് ബാങ്കുകളുടെയും മൂന്ന് ധനകാര്യ കമ്പനികളുടെയും റേറ്റിംഗ് എസ്ആന്‍ഡ്പി ഉയര്‍ത്തി. എസ്ബിഐ,എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റാ ക്യാപിറ്റല്‍, എല്‍ആന്‍ഡ്ടി ഫിനാന്‍സ് എന്നിവ ബിബിബി/സ്റ്റേബിള്‍/എ2 വിലേക്ക് ഉയര്‍ത്തപ്പെട്ടു.

തീരുവ യുദ്ധത്തിന്റെ ആഘാതത്തിനിടെ രാജ്യത്തിന് ഇരട്ട ദീപാവലിയാണ് റേറ്റിംഗ് കൂട്ടലും നികുതി കുറയ്ക്കലും വഴി വരുന്നത്. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT