Image : Canva and Dhanam file 
Economy

കൈപിടിച്ച് കോള്‍ ഇന്ത്യയും ഒ.എന്‍.ജി.സിയും; പ്രതീക്ഷകളെ കടത്തിവെട്ടി കേന്ദ്രത്തിന്റെ ലാഭവിഹിത നേട്ടം

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കേന്ദ്രം നേടുന്ന ലാഭവിഹിതത്തില്‍ 26% വളര്‍ച്ച

Dhanam News Desk

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതമായി (CPSEs Dividend Receipts) കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) നേടിയത് 62,929.27 കോടി രൂപ. ഇന്നലെ (March 31) അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടി രൂപയുടെ ലാഭവിഹിതം ലഭിക്കുമെന്നാണ് കേന്ദ്രം ആദ്യം പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍, ഈ ലക്ഷ്യത്തെ ബഹുദൂരം കടത്തിവെട്ടിയ നേട്ടമാണ് കേന്ദ്രം സ്വന്തമാക്കിയതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിന്റെ (DIPAM/ദിപം) കണക്കുകള്‍ വ്യക്തമാക്കി. 2022-23ല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് കേന്ദ്രത്തിന് നല്‍കിയ ലാഭവിഹിതം 59,952.84 കോടി രൂപയായിരുന്നു.

പ്രകടനം മികച്ചതാക്കി പൊതുമേഖലാ സ്ഥാപനങ്ങള്‍

കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടത് ലാഭവിഹിതത്തില്‍ കേന്ദ്രത്തിന് 'ലോട്ടറി' ആവുകയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മികച്ച പ്രകടനം കേന്ദ്രത്തിന് മാത്രമല്ല നേട്ടമാകുന്നത്. ഇവയുടെ ഓഹരികള്‍ കൈവശമുള്ള റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (Institutional Shareholders) ലാഭവിഹിതം ലഭിക്കും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയിലെ കേന്ദ്രസര്‍ക്കാരിന്റെ മൊത്തം ഓഹരി നിക്ഷേപ പങ്കാളിത്തമൂല്യം 2021 ജനുവരിയില്‍ 9.5 ലക്ഷം കോടി രൂപയായിരുന്നത് നിലവില്‍ 38 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കമ്പനികളുടെ മൊത്തം വിപണിമൂല്യമാകട്ടെ (Market Capitalisation) 15 ലക്ഷം കോടി രൂപയായിരുന്നത് 58 ലക്ഷം കോടി രൂപയിലുമെത്തി.

കരുത്തായി ഈ കമ്പനികള്‍

കഴിഞ്ഞമാസം ഒ.എന്‍.ജി.സിയില്‍ നിന്ന് 2,964 കോടി രൂപയും കോള്‍ ഇന്ത്യയില്‍ നിന്ന് 2,043 കോടി രൂപയും ലാഭവിഹിതം ലഭിച്ചത് കേന്ദ്രത്തിന് വലിയ നേട്ടമായി.

പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ 2,149 കോടി രൂപയും എന്‍.എം.ഡി.സി 1,024 കോടി രൂപയും ലാഭവിഹിതം നല്‍കി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (HAL) നിന്ന് 1,054 കോടി രൂപയും ഗെയിലില്‍ നിന്ന് 1,863 കോടി രൂപയും ലാഭവിഹിതം കേന്ദ്രത്തിന് ലഭിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT