Economy

ഇ-വേ പെര്‍മിറ്റുകളില്‍ വര്‍ധന തുടരുന്നു; ഉല്‍പാദന മേഖലയില്‍ ഉണര്‍വ്; ചരക്ക് നീക്കം കൂടി

മെയ് മാസത്തില്‍ ഓട്ടോമൊബൈല്‍ രംഗത്ത് വില്‍പ്പന അഞ്ച് ശതമാനം വര്‍ധിച്ചു

Dhanam News Desk

രാജ്യത്ത് മെയ് മാസത്തില്‍ ഇ-വേ പെര്‍മിറ്റുകളില്‍ വര്‍ധന. നികുതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 12.77 കോടി ഇ-വേ പെര്‍മിറ്റുകളാണ് ചരക്കു വാഹനങ്ങള്‍ എടുത്തത്. മാര്‍ച്ച് മാസത്തിലെ 12.45 കോടിയുടെ റെക്കോര്‍ഡിന് അടുത്ത് നില്‍ക്കുന്നതാണ് മെയ് മാസത്തിലെ കണക്കുകള്‍. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനമാണ് വര്‍ധന.

ആഗോള പ്രതിസന്ധി ആശങ്കയല്ല

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ നികുതി കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഇന്ത്യയില്‍ ചരക്കു നീക്കം വര്‍ധിച്ചിട്ടുള്ളത്. ഇന്ത്യക്ക് നിലവില്‍ 10 ശതമാനത്തിന്റെ നികുതി വര്‍ധനയാണ് അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ളത്. 26 ശതമാനത്തിന്റെ അധിക നികുതി ഏര്‍പ്പെടുത്തുന്നത് അടുത്ത മാസം വരെ നീട്ടിവെച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിക്കുന്നുവെന്നാണ് സൂചനകള്‍. രാജ്യത്ത് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പി.എം.ഐ) ഉയരുന്നതും ഉല്‍പ്പാദന മേഖല സജീവമാണെന്നതിന്റെ തെളിവാണെന്നാണ് എച്ച്.എസ്.ബി.സിയുടെ പഠനം ചൂണ്ടിക്കാട്ടുന്നത്. മെയ് മാസത്തിലെ ഇന്‍ഡക്‌സ് 57.6 എന്ന മെച്ചപ്പെട്ട നിലയിലാണ്. രാജ്യത്തെ വ്യവസായ മേഖലകളിലെ 400 പാനലിസ്റ്റുകളെ ഉള്‍പ്പെടുത്തിയുള്ള സര്‍വെയാണിത്.

നികുതി വെട്ടിപ്പ് കുറയുന്നു

രാജ്യത്ത് നികുതി വെട്ടിപ്പ് കുറയുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഇ-വേ പെര്‍മിറ്റുകളില്‍ ഉണ്ടാകുന്ന വര്‍ധനയെന്ന് നികുതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കയറ്റുമതിക്കൊപ്പം ആഭ്യന്തര വിപണിയിലും ഉണര്‍വുണ്ടാകുന്നത് ചരക്ക് നീക്കം കൂടാന്‍ കാരണമാണ്. കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരുകളുടെ ചെലവഴിക്കലില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് നിര്‍മാണ മേഖല ഉള്‍പ്പടെ നിരവധി മേഖലകളെ സജീവമാക്കി. മെയ് മാസത്തില്‍ ഓട്ടോ മൊബൈല്‍ രംഗത്ത് വില്‍പ്പന അഞ്ച് ശതമാനം വര്‍ധിച്ചു. ടൂ വീലറുകള്‍, ത്രീ വീലറുകള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പനയാണ് കൂടിയത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കഴിഞ്ഞ ദിവസം 50 പോയിന്റ് കുറവ് വരുത്തിയത് വ്യാപാരമേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കുമെന്ന പ്രതീക്ഷ വളര്‍ത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT