canva, Linkedin / Nithin Gadkari
Economy

പൊല്ലാപ്പാകുമോ ഇ-20 പെട്രോള്‍? മൈലേജ് കുറയും, എഞ്ചിന്‍ കേടുവന്നാല്‍ ഇന്‍ഷുറന്‍സ് കിട്ടില്ലെന്നും ആശങ്ക

ഇ20 പെട്രോള്‍ ഉപയോഗം വണ്ടിക്ക് ദോഷം ചെയ്യുന്നതിന്റെ ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വെല്ലുവിളിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ആശങ്കകള്‍ ഒഴിയുന്നില്ല

Dhanam News Desk

ഇ-20 പെട്രോള്‍ എല്ലാ വാഹനങ്ങളിലും ഉപയോഗിച്ചാല്‍ മൈലേജ് കുറയുക മാത്രമല്ല, എഞ്ചിന്‍ കേടായെന്നും വരാമെന്ന ആശങ്ക ശക്തമായി. ഇങ്ങനെ വന്നാല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം നിഷേധിച്ചേക്കാമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുകയാണ്.

പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ അംശമാണ് ഇ-10, ഇ-20 എന്നിവ കൊണ്ട് സൂചിപ്പിക്കുന്നത്. ഇ-10ലെ എഥനോളിന്റെ ഇരട്ടിയാണ് ഇ-20 പെട്രോളില്‍ അടങ്ങിയിട്ടുളളത്. ഇ-10 പെട്രോള്‍ ഉപയോഗിക്കാന്‍ തക്കവിധമാണ് മിക്ക വണ്ടികളുടെയും എഞ്ചിന്‍ ക്രമീകരിച്ചിട്ടുള്ളത്. അതിലേക്ക് ഇ-20 ഒഴിച്ചാല്‍ എഞ്ചിന്‍ കേടായെന്നു വരാം. വിദഗ്ധര്‍ പറയുന്നത് അങ്ങനെയാണ്.

ഒരേ വില, പല ആശങ്കകള്‍

എഥനോള്‍ അംശം കൂടുന്നത് പരിസ്ഥിതിക്ക് നല്ലതാണ്. കര്‍ഷകര്‍ക്ക് സഹായകരം. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാം. സര്‍ക്കാറിന്റെ ചെലവു മാത്രമല്ല, പുക പുറന്തളളുന്നതും കുറയും. ഉപയോക്താക്കള്‍ പെട്രോളിന് നല്‍കേണ്ട വിലയില്‍ പക്ഷേ മാറ്റമില്ല. എന്നിരിക്കേ, എഞ്ചിന്‍ കേടാകുമെന്നു കൂടി വന്നാലോ?

തെറ്റായ ഇന്ധനം ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന കേടുപാടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന് ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. പറ്റിയ ഇന്ധനം നിറക്കുന്നതില്‍ ഉടമ അലംഭാവം കാട്ടിയെന്നാണ് ഇന്‍ഷുറന്‍സ് നിഷേധിക്കുന്നതിന്റെ കാരണമായി പറയുക.

ഇ-20 പെട്രോള്‍ ഇപ്പോള്‍ എല്ലായിടത്തും നല്‍കുന്നില്ല. ദേശീയ തലത്തില്‍ ചില പമ്പുകളില്‍ മാത്രമാണ് നല്‍കുന്നത്. അടുത്ത വര്‍ഷമാകുമ്പോഴേക്ക് ദേശവ്യാപകമായി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പെട്രോളിനേക്കാള്‍ 30 ശതമാനം കുറവാണ് ശുദ്ധമായ എഥനോളിന്റെ ഊര്‍ജ ഉല്‍പാദന ശേഷി. എന്നുവെച്ചാല്‍, എഞ്ചിന് ഈ ഇന്ധനം വഴി കിട്ടുന്ന ഊര്‍ജം പെട്രോളിനേക്കാള്‍ കുറവായിരിക്കും.

അപകടം വരുന്ന വഴി

എഥനോള്‍ വായുവില്‍ നിന്ന് ജലാംശം വലിച്ചെടുക്കുന്നുണ്ട്. പെട്രോള്‍ ടാങ്കുകളില്‍ ഈ എഥനോള്‍ അടിയിലാണ് കൂടുതലായി അടിയുക. ലോഹഭാഗങ്ങള്‍ തുരുമ്പെടുക്കാന്‍ കാരണമാകും. ഇത് പെട്രോള്‍ ടാങ്കിനും എഞ്ചിനും പ്രശ്‌നമുണ്ടാക്കാം. റബര്‍ ഭാഗങ്ങള്‍, ഗാസ്‌കറ്റ്, സീല്‍, ഇന്ധന കുഴലുകള്‍ എന്നിവയെ ബാധിക്കാം. എഥനോള്‍ ചെല്ലുമ്പോള്‍ റബര്‍ മയമുള്ളതാകും. വീര്‍ത്തു വരാം. വിള്ളല്‍ ഉണ്ടാകാം. ഇ-20 പെട്രോളിന് 10 ശതമാനം മൈലേജ് കുറവാണെന്നും ചില സര്‍വേകള്‍ പറയുന്നു.

ഇ-20 നിറക്കാന്‍ പാകത്തില്‍ പുതിയ വണ്ടികള്‍ ഇറക്കുന്നത് ചില മുന്‍കരുതലുകളോടെയാണ്. എഥനോള്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ ബാധിക്കാതിരിക്കാന്‍ ടാങ്കിനും പൈപ്പുകള്‍ക്കും മറ്റും പ്രത്യേക കോട്ടിംഗ് നല്‍കുന്നു. അപ്പോഴും റബര്‍ ഗാസ്‌കറ്റുകള്‍ ഇടക്കിടെ മാറേണ്ടി വരാം.

വായു-ഇന്ധന സമ്മിശ്രണത്തില്‍ വേറിട്ട രീതിയും എഥനോള്‍ കലര്‍ന്ന പെട്രോളിന് വേണ്ടതുണ്ട്. അതിനു സംവിധാനമില്ലാത്ത എഞ്ചിനില്‍ എഥനോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉദാഹരണത്തിന് കൂടുതല്‍ വായുവും കുറഞ്ഞ ഇന്ധനവും ചെന്നാല്‍ എഞ്ചിന്‍ ചൂടാകും. ഗാസ്‌കറ്റിന് കേടുപറ്റാം.

ഇ-20ക്ക് പറ്റിയതല്ല മിക്ക വാഹനങ്ങളും

2023ന് മുമ്പ് ഇന്ത്യയില്‍ വിറ്റ മിക്ക കാറുകളും ഇ-10 പെട്രോളിനു വേണ്ടി തയാറാക്കിയതാണ്. മാരുതി സുസൂകി സ്വിഫ്റ്റ്, ഹ്യുണ്ടായ് ഐ-20 തുടങ്ങിയവ ഉദാഹരണം. 2024 ഹോണ്ട സിറ്റി, 2023 ടയോട്ട ഹൈറൈഡര്‍ തുടങ്ങിയ ഇ-20 നിറയ്ക്കാവുന്ന പുതിയ മോഡലുകളാണ്.

5 ശതമാനം എഥനോള്‍ കലര്‍ത്തി 2006ല്‍ തുടങ്ങിയതാണ് ഇന്ത്യയുടെ പുതിയ രീതി. ഇന്ധന മേന്മയാണ് അവകാശപ്പെട്ടത്. എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യക്ക്, ഇറക്കുമതി കുറക്കാന്‍ സഹായകമായ വഴി എന്ന നിലയില്‍ കൂടുതല്‍ എഥനോള്‍ ചേര്‍ക്കുന്ന രീതി വരുകയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT