Econopolitics

പാക് ബന്ധം അറുത്തുമുറിച്ച് അഫ്ഗാന്‍, അതിര്‍ത്തി കടന്ന് അവശ്യസാധനങ്ങള്‍ എത്തില്ല; വില കുതിക്കും!

അഫ്ഗാനിസ്ഥാന് മോശം മരുന്നുകള്‍ നല്കി പാക്കിസ്ഥാന്‍ വഞ്ചിച്ചുവെന്ന ആരോപണവും താലിബാന്‍ ഭരണകൂടം ഉന്നയിച്ചിട്ടുണ്ട്.

Dhanam News Desk

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇരുരാജ്യങ്ങളും ഖത്തറിലും തുര്‍ക്കിയിലുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനുമായുള്ള എല്ലാവിധ വ്യാപാര ബന്ധങ്ങളും നിര്‍ത്തിവയ്ക്കുന്നതായി അഫ്ഗാന്‍ പ്രഖ്യാപിച്ചത്.

പാക്കിസ്ഥാനിലേക്കുള്ള അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുകയാണെന്നും മറ്റ് വ്യാപാര റൂട്ടുകള്‍ കണ്ടെത്തണമെന്നും അഫ്ഗാനിസ്ഥാന്‍ ഉപപ്രധാനമന്ത്രി മുല്ലാ അബ്ദുല്‍ ഗാനി വ്യാപാരസമൂഹത്തെ അറിയിച്ചിട്ടുണ്ട്. അഫ്ഗാന്റെ നീക്കം പാക്കിസ്ഥാന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അവശ്യവസ്തുക്കളുടെ വില ഉയരുന്നതിലേക്ക് ഇത് നയിക്കും.

അഫ്ഗാനിസ്ഥാന് മോശം മരുന്നുകള്‍ നല്കി പാക്കിസ്ഥാന്‍ വഞ്ചിച്ചുവെന്ന ആരോപണവും താലിബാന്‍ ഭരണകൂടം ഉന്നയിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള മരുന്ന് ഇറക്കുമതി മൂന്നു മാസത്തിനകം പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് കമ്പനികളോട് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അവശ്യവസ്തുക്കള്‍ക്കും മറ്റുമായി പാക്കിസ്ഥാനെ കൂടുതല്‍ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യത്തിലൂന്നിയാണ് താലിബാന്റെ നീക്കങ്ങളെന്ന് വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്ലാന്‍ ബിയില്‍ താലിബാന്‍

മുമ്പ് കടല്‍ മാര്‍ഗമുള്ള വ്യാപാരത്തിന് പാക്കിസ്ഥാന്‍ തുറമുഖങ്ങളെയായിരുന്നു അഫ്ഗാന്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍, ഇന്ത്യ മുന്‍കൈയെടുത്ത് ചബഹാര്‍ തുറമുഖം വികസിപ്പിച്ചതോടെ അഫ്ഗാന് കാര്യങ്ങള്‍ എളുപ്പമായി. ഇന്ത്യയുമായി കൂടുതല്‍ അടുത്തും ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ഉഷ്മളമാക്കിയും പാക് ആശ്രിതത്വം കുറയ്ക്കാമെന്ന് താലിബാന്‍ കരുതുന്നു.

രണ്ടാം താലിബാന്‍ ഭരണകൂടം കടുത്ത യാഥാസ്ഥിതിക നിലപാടുകളിലൂന്നിയല്ല മുന്നോട്ടു പോകുന്നത്. അന്താരാഷ്ട്ര തലത്തില്‍ മുന്‍ ഭരണകൂടത്തേക്കാള്‍ എതിര്‍പ്പ് കുറയാനും ഇത് കാരണമായിട്ടുണ്ട്. കൂടുതല്‍ സമവായത്തിന്റെ പാതയിലൂടെ മുന്നേറാനാണ് ഇപ്പോഴത്തെ ഭരണകൂടം ശ്രമിക്കുന്നത്.

പാക്കിസ്ഥാന്‍ അതിര്‍ത്തി അടച്ചതുമൂലം 1,800 കോടി രൂപയുടെ നഷ്ടം തങ്ങള്‍ക്കുണ്ടായെന്ന് അഫ്ഗാന്‍ വ്യാപാരികള്‍ ആരോപിച്ചിരുന്നു. പ്രതിവര്‍ഷം 13,300 കോടി രൂപയുടെ സാധനങ്ങള്‍ അഫ്ഗാനില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കയറ്റിയയച്ചിരുന്നു. ചബഹാര്‍ തുറമുഖം വഴി ഇന്ത്യയിലേക്ക് അഫ്ഗാനില്‍ നിന്ന് കൂടുതല്‍ ഉത്പന്നങ്ങള്‍ വരാനുള്ള സാധ്യതയും തെളിഞ്ഞു കാണുന്നു.

മേഖലയില്‍ ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ശത്രുപക്ഷത്തേക്ക് നീക്കേണ്ടി വന്നത് പാക്കിസ്ഥാനെ സംബന്ധിച്ച് വെല്ലുവിളിയാണ്. യുഎസുമായി കൂടുതല്‍ അടുത്തതോടെ ചൈന പാക്കിസ്ഥാനെ അത്രയ്ക്കങ്ങ് വകവയ്ക്കുന്നില്ല. പാക്കിസ്ഥാനില്‍ വിവിധ അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ കോടികളാണ് ബീജിംഗ് നിക്ഷേപിച്ചിരിക്കുന്നത്. പല പദ്ധതികളും മുടങ്ങി കിടക്കുകയാണ്.

പാക്കിസ്ഥാന്‍ സാമ്പത്തികമായി തകര്‍ന്നു നില്ക്കുന്നതിനാല്‍ പദ്ധതികളില്‍ നിന്ന് പിന്മാറുമെന്ന് ചൈനയും ഖത്തറും അടുത്തിടെ മുന്നറിയിപ്പ് നല്കിയിരുന്നു. ബംഗ്ലാദേശുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സാധിച്ചത് മാത്രമാണ് പാക്കിസ്ഥാനെ സംബന്ധിച്ച് ആശ്വസിക്കാവുന്ന കാര്യം.

Afghanistan ends trade ties with Pakistan amid tensions, raising concerns over essential goods prices

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT