ലോകത്തിന്റെ വിവിധയിടങ്ങളിൽ തലപൊക്കിയ ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏകപക്ഷീയ തീരുവ നയങ്ങളും കാരണം കഴിഞ്ഞ ഒരു വർഷമായി ആഗോള സാമ്പത്തികരംഗം കലങ്ങിമറിയുകയായിരുന്നു. ഇന്ത്യയുടെ വ്യാപാര, വാണിജ്യ മേഖലയിലും ഏറെ വെല്ലുവിളികൾ നേരിട്ട കാലയളവാണിത്. എന്നാൽ മുന്നിലുണ്ടായിരുന്ന പ്രതിസന്ധികളെ ഓരോന്നായി തരണം ചെയ്തു ഇന്ത്യ നിശബ്ദമായി മുന്നേറുന്ന കാഴ്ചയാണ് യുഎസുമായുള്ള വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ ഇപ്പോൾ തെളിഞ്ഞുവരുന്നത്.
കഴിഞ്ഞ ഏഴ് മാസത്തിനിടെ 5 വമ്പൻ ഉഭയകക്ഷി വ്യാപാര കരാറുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. അരഡസനോളം വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നു. എന്തായാലും വടക്കേ അമേരിക്ക, യൂറോപ്പ്, ഗൾഫ്, പസിഫിക് എന്നിങ്ങനെ ഭൂഗോളത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള രാജ്യങ്ങളിൽ നിന്നും തുടർച്ചയായി നേടിയെടുത്ത വ്യാപാര കരാറുകളിലൂടെ 2030-ൽ ചരക്ക് കയറ്റുമതിയിൽ (Merchandise exports) നിന്നും ഒരു ട്രില്യൺ ഡോളർ (ഏകദേശം 90,50,000 കോടി രൂപ) നേടിയെടുക്കണമെന്ന സ്വപ്നം സഫലമാകുമോ? വികസിത രാജ്യങ്ങളെ ഇന്ത്യയുമായി അടുപ്പിക്കുന്നത് ചൈന+1 നയതന്ത്രമാണോ? വിശദമായി നോക്കാം.
തീരുവ യുദ്ധങ്ങളെ തുടർന്ന് ആഗോള സമ്പദ്ഘടന പ്രക്ഷുബ്ധമായി തുടരുന്നതിനിടയിലാണ്, സുഗമമായി വിദേശ വിപണികളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്ന ഉഭയകക്ഷി വ്യാപാര കരാറുകൾ ഇന്ത്യ അതിവേഗത്തിൽ സ്വന്തമാക്കുന്നത്. അവ ചുവടെ ചേർക്കുന്നു.
1. ഇന്ത്യ - യുഎസ് ഉഭയകക്ഷി വ്യാപാര കരാർ: 2026 ഫെബ്രുവരി 2-നാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. 50,000 കോടി ഡോളറിന്റെ (ഏകദേശം 45,25,000 കോടി രൂപ) വ്യാപാരമാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള യുഎസ് ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്നും 18 ശതമാനത്തിലേക്ക് താഴ്ത്തി; ചില യുഎസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിലേക്കുള്ള തീരുവ പൂർണമായും ഒഴിവാക്കി. ചില സെക്ടറുകളെ കരാറിന്റെ ഭാഗമാക്കിയിട്ടില്ല. റഷ്യയ്ക്ക് പകരം വെനസ്വേലയിൽ നിന്നും ഇന്ത്യ കൂടുതൽ ക്രൂഡോയിൽ വാങ്ങിയേക്കും.
2. ഇന്ത്യ - ഇ.യു സ്വതന്ത്ര വ്യാപാര കരാർ: 2026 ജനുവരിയിലാണ് 27 രാജ്യങ്ങൾ അംഗങ്ങളായുള്ള യൂറോപ്യൻ യൂണിയനുമായുള്ള (ഇ.യു) സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യ ഒപ്പിട്ടത്. എല്ലാ കരാറുകളുടേയും മാതാവ് എന്നായിരുന്നു ഇരുകൂട്ടരുടേയും വിശേഷണം. 2032-ഓടെ 25,000 കോടി ഡോളർ (ഏകദേശം 22,62,500 കോടി രൂപ) വ്യാപാരമാണ് ലക്ഷ്യം. ഘട്ടംഘട്ടമായി യൂറോപ്യൻ വിപണിയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി മൂല്യത്തിന്റെ 99.5 ശതമാനത്തിനും ഇറക്കുമതി തീരുവ ഇല്ലാതാകും. ഇന്ത്യയുടെ ടെക്സ്റ്റൈൽ, സീഫുഡ്സ്, ജ്വല്ലറി, റീട്ടെയിൽ സെക്ടറുകൾക്ക് നേട്ടമേകും. ആൾക്കഹോൾ, ഓട്ടോമൊബീൽ എന്നിവ യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്ക് സുഗമമായി വരും.
3. ഇന്ത്യ - യു.കെ (ബ്രിട്ടൺ) സമഗ്ര സാമ്പത്തിക വ്യാപാര കരാർ: 2025 ജൂലൈയിൽ ഒപ്പിട്ടു. ഇന്ത്യ ആദ്യമായി നേടിയ വമ്പൻ വ്യാപാര കരാറായിരുന്നു ഇത്. 2030-ഓടെ 10,000 കോടി ഡോളർ (ഏകദേശം 9,05,000 കോടി രൂപ) വ്യാപാരമാണ് ലക്ഷ്യം. ബ്രിട്ടണിലേക്കുള്ള 99 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകും. ടെക്സ്റ്റൈൽ, സീഫുഡ്സ്, ലെഥർ പോലെയുള്ള സെക്ടറിലെ ഇന്ത്യൻ കമ്പനികൾക്ക് ഗുണകരം.
4. ഇന്ത്യ - ഒമാൻ സമഗ്ര സാമ്പത്തിക സഹകരണം: 2025 ഡിസംബറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തി. 2030-ഓടെ 2,500 കോടി ഡോളർ (ഏകദേശം 2,26,250 കോടി രൂപ) വ്യാപാരമാണ് ലക്ഷ്യം. ഇന്ത്യയുടെ ഒമാനിലേക്കുള്ള 98 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകും. ജ്വല്ലറി, ടെക്സ്റ്റൈൽസ്, ഫാർമ, എനജിനീയറിങ് സെക്ടറുകളിലെ ഇന്ത്യൻ കമ്പനികൾക്ക് നേട്ടം.
5. ഇന്ത്യ - ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ: 2025 ഡിസംബറിൽ ഒപ്പിട്ടു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 കോടി ഡോളർ വ്യാപാരമാണ് (ഏകദേശം 45,250 കോടി രൂപ) ലക്ഷ്യം. ഇന്ത്യയിൽ 2,000 കോടി ഡോളർ (ഏകദേശം 1,81,000 കോടി രൂപ) നിക്ഷേപവും വാഗ്ദാനമുണ്ട്. ന്യൂസിലാൻഡിലേക്കുള്ള എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും തീരുവ ഇളവ് ലഭിക്കും. ടെക്സ്റ്റൈൽ, ഫാർമ സെക്ടറിന് നേട്ടം.
നിലവിൽ ഇന്ത്യയുമായി വ്യാപാര ചർച്ച പുരോഗമിക്കുന്ന രാജ്യങ്ങൾ: പെറു, ചിലി, ഇസ്രായേൽ, റഷ്യയുടെ നേതൃത്വത്തിലുള്ള യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ (EAEU).
നിലവിൽ ധാരണയിലെത്തിയതും ചർച്ചകൾ പുരോഗമിക്കുന്നതും ഉൾപ്പെടെയുള്ള വ്യാപാര കരാറുകളുടെ ഗുണഫലം പ്രതീക്ഷിച്ചതുപോലെ കൈവരിക്കാൻ സാധിച്ചാൽ അടുത്ത 5-7 വർഷംകൊണ്ട് ചരക്ക് കയറ്റുമതിയിൽ നിന്നും ഇന്ത്യ ലക്ഷ്യമിടുന്ന ഒരു ട്രില്യൺ (1,00,000 കോടി) ഡോളർ എത്തിപ്പിടിക്കാൻ സാധിക്കാമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) ഇന്ത്യയുടെ ചരക്ക് കയറ്റുമതി റെക്കോഡ് നിലവാരമായ 43,770 കോടി ഡോളറിലേക്ക് എത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷമിത് 52,500 - 53,500 കോടി ഡോളറാകുമെന്നാണ് നിഗമനം. വമ്പൻ വ്യാപാര കരാറുകൾ യാഥാർത്ഥ്യമായ പശ്ചാത്തലത്തിൽ കയറ്റുമതിക്ക് ഗതിവേഗം ലഭിച്ചാൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടന എന്ന് ആകുമെന്നേ ഇനി നോക്കേണ്ടതുള്ളൂ.
വിതരണ ശൃംഖലയിൽ ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നതിന്റെ അപകടം കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ വെളിവാക്കപ്പെട്ട സത്യമാണ്. ഇതോടെ ഉത്പന്നങ്ങൾക്കായി ചൈനയെ മാത്രം ആശ്രയിക്കുന്നതിലെ റിസ്ക് ലോകരാജ്യങ്ങൾ തിരിച്ചറിഞ്ഞു. ചൈന+1 വ്യാപാരനയം യൂറോപ്പ് ഉൾപ്പെടെയുള്ള വികസിത സമ്പദ്ഘടനകളിൽ അലയടിച്ചു.
ഇതിനോടൊപ്പം ജിയോപൊളിറ്റിക്കൽ കാലാവസ്ഥ പ്രക്ഷുബ്ധമാകുന്നതും വിശ്വസിക്കാവുന്ന പങ്കാളി എന്ന നിലയിൽ ഇന്ത്യയെ ആകർഷകമാക്കി. ഇവയോടൊപ്പം ലോകത്ത് അതിവേഗം വളരുന്ന വൻകിട സമ്പദ്ഘടനയെന്ന നേട്ടവും വലിയ ആഭ്യന്തര വിപണിയും ഇന്ത്യയ്ക്ക് വ്യാപാര കരാറുകൾ സ്വന്തമാക്കുന്നതിന് വഴിയൊരുക്കുവെന്നാണ് പൊതുവായ വിലയിരുത്തൽ.
Read DhanamOnline in English
Subscribe to Dhanam Magazine