Econopolitics

10 ലക്ഷം പേരുടെ ജോലി ഫെബ്രുവരി 1 മുതല്‍ നഷ്ടപ്പെടും! ബംഗ്ലാദേശ് സര്‍ക്കാരിന് തലവേദനയായി മില്ലുകാരുടെ നീക്കം

യൂനുസ് സര്‍ക്കാര്‍ ഇറക്കുമതി നികുതി കുറച്ചതാണ് ഇന്ത്യ, ചൈന നൂലുകള്‍ കളംപിടിക്കാന്‍ കാരണമെന്നാണ് മില്ലുടമകളുടെ ആരോപണം.

Dhanam News Desk

ഏഷ്യയില്‍ വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് തകര്‍ന്നു തരിപ്പണമാകുന്ന അവസ്ഥയിലേക്കാണ് ബംഗ്ലാദേശിന്റെ പോക്ക്. ഷെയ്ഖ് ഹസീനയെ താഴെയിറക്കി മതവാദികളുടെ വക്താവ് മുഹമ്മദ് യൂനുസിനെ അധികാരത്തിലെത്തിച്ചതോടെ പല മേഖലകളിലും ബംഗ്ലാദേശ് താഴേക്കാണ്.

വിദേശനാണ്യത്തിന്റെ 85 ശതമാനത്തിലധികവും ബംഗ്ലാദേശിന് സമ്മാനിച്ചിരുന്നത് ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രീയായിരുന്നു. എന്നാല്‍ രാജ്യത്ത് കലാപം രൂക്ഷമായതോടെ കയറ്റുമതി താളംതെറ്റി. അസംസ്‌കൃത വസ്തുക്കളുടെയും വൈദ്യുതിയുടെയും ലഭ്യത കുറഞ്ഞതും വസ്ത്ര നിര്‍മാണ യൂണിറ്റുകളെ ബാധിച്ചു.

ഇപ്പോഴിതാ യൂനുസ് സര്‍ക്കാരിന് തലവേദന വര്‍ധിപ്പിച്ച് രാജ്യത്തെ ടെക്‌സ്റ്റൈല്‍ മില്ലുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ അടച്ചിടുമെന്നാണ് മില്ലുടമകള്‍ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ നൂല്‍ ഇറക്കുമതി ചെയ്യുന്നത് മൂലം ബംഗ്ലാദേശിലെ പ്രാദേശിക സ്പിന്നിംഗ് മില്ലുകള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

ഇറക്കുമതി ചെയ്യുന്ന നൂലുകള്‍ക്ക് ബംഗ്ലാദേശിലെ മില്ലുകള്‍ നിര്‍മിക്കുന്ന നൂലുകളേക്കാള്‍ വിലകുറവും ഗുണമേന്മ കൂടുതലുമാണ്. സ്വഭാവികമായും ധാക്കയിലെയും ചിറ്റഗോംഗിലെയും സ്പിന്നിംഗ് മില്ലുകളിലെ നൂലുകള്‍ക്ക് ഡിമാന്‍ഡ് ഇല്ലാതായി. ഇതാണ് പെട്ടെന്നുള്ള സമരത്തിലേക്ക് പോകാന്‍ മില്ലുടമകളെ പ്രേരിപ്പിച്ചത്. യൂനുസ് സര്‍ക്കാര്‍ ഇറക്കുമതി നികുതി കുറച്ചതാണ് ഇന്ത്യ, ചൈന നൂലുകള്‍ കളംപിടിക്കാന്‍ കാരണമെന്നാണ് മില്ലുടമകളുടെ ആരോപണം.

തൊഴില്‍നഷ്ടം ലക്ഷങ്ങള്‍

മില്ലുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത് ബംഗ്ലാദേശിന്റെ ടെക്‌സ്റ്റൈല്‍ മേഖലയെ തകര്‍ക്കും. ഇപ്പോള്‍ തന്നെ ഫാക്ടറികള്‍ 50 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി ഒന്നുമുതലുള്ള അടച്ചിടല്‍ യാഥാര്‍ത്ഥ്യമായാല്‍ 10 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്ക്. നേരിട്ട് പണിയെടുക്കുന്നവരുടെ സംഖ്യയാണ് ഇത്. ഈ തൊഴില്‍മേഖല മൂലം പരോക്ഷമായി വരുമാനം ലഭിക്കുന്നവരുടെ സംഖ്യ ഇത്രത്തോളം വരും.

ഹസീന സര്‍ക്കാര്‍ താഴെയിറക്കപ്പെട്ട ശേഷം ബംഗ്ലാദേശില്‍ തൊഴിലില്ലായ്മ കുതിച്ചുയരുകയാണ്. വൈദ്യുതി മുടക്കം സ്ഥിരമായതോടെ ഫാക്ടറികളുടെ പ്രവര്‍ത്തനം പലപ്പോഴും തടസപ്പെട്ടിട്ടുണ്ട്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായത് വിദേശ ഓര്‍ഡറുകള്‍ പലതും നഷ്ടമാകാന്‍ കാരണമായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT