Image courtesy: Canva, x.com/ChiefAdviserGoB
Econopolitics

പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നീക്കം? ചൈനയുമായി ചേരണമെന്ന് യൂനുസിന്റെ സഹായി

പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബംഗ്ലാദേശ് സന്ദർശനം ഇന്ത്യ-പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാറ്റിവെക്കുകയാണ് ഉണ്ടായത്

Dhanam News Desk

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ബന്ധം കഴിഞ്ഞ കുറച്ചു മാസങ്ങളായി മോശമായ അവസ്ഥയിലാണ്. ബംഗ്ലാദേശിലെ ഏറ്റവും വലിയ വ്യവസായം വസ്ത്ര നിര്‍മ്മാണമാണ്. ചൈന കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ വർഷം 3,800 കോടി ഡോളറിന്റെ വസ്ത്രങ്ങളാണ് ബംഗ്ലാദേശ് കയറ്റുമതി ചെയ്തത്.

ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയാണ് അഭയം നല്‍കിയിരിക്കുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണമാണ് നിലവില്‍ ബംഗ്ലാദേശിലുളളത്.

അസ്വാരസ്യം

ഇന്ത്യയിൽ നിന്നുള്ള പരുത്തി നൂലിന്റെ ഇറക്കുമതിയില്‍ കഴിഞ്ഞ മാസമാണ് ബംഗ്ലാദേശ് നിയന്ത്രണം കൊണ്ടുവന്നത്. ഇന്ത്യയുമായി അകലുന്ന ബംഗ്ലാദേശ് ഇപ്പോള്‍ ചൈനയുമായും പാകിസ്ഥാനുമായും കൂടുതല്‍ അടക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നിലവിലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശിന്റെ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകുകയാണ്.

തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും മറ്റു രാജ്യങ്ങളിലേക്ക് ചരക്കുകൾ കയറ്റുമതി ചെയ്യാൻ ബംഗ്ലാദേശിന് നല്‍കിയിരിക്കുന്ന ട്രാൻസ്ഷിപ്പ്മെന്റ് സൗകര്യം ഇന്ത്യ നിർത്തിയിരുന്നു. യൂനുസിന്റെ ചൈന സന്ദർശന വേളയില്‍ നടത്തിയ പരാമർശങ്ങൾ ഇന്ത്യയെ പ്രകോപിപ്പിച്ചതായാണ് കരുതുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണമാക്കി മാറ്റാമെന്നാണ് യൂനുസ് നിർദ്ദേശിച്ചത്.

വിവാദ പ്രസ്താവന

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂനുസിന്റെ അടുത്ത സഹായിയായ മേജർ ജനറൽ (റിട്ട.) എ.എൽ.എം. ഫസ്ലുർ റഹ്മാന്റെ പ്രസ്താവനയാണ് വിവാദമാകുന്നത്. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചൈനയുമായി സഹകരിച്ച് ബംഗ്ലാദേശ് കൈവശപ്പെടുത്തണമെന്നാണ് ഫസ്ലുർ റഹ്മാന്‍ സമൂഹ മാധ്യമത്തില്‍ പറഞ്ഞത്. അതേസമയം ഫസ്ലുർ റഹ്മാന്റേത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നാണ് യൂനുസിന്റെ ഓഫീസ് പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം പ്രതികരിച്ചത്.

പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അംന ബലോച്ച് കഴിഞ്ഞ മാസം ധാക്ക സന്ദർശിച്ചിരുന്നു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബംഗ്ലാദേശ് സന്ദർശനം ഇന്ത്യ-പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാറ്റിവെക്കുകയാണ് ഉണ്ടായത്. പാകിസ്ഥാനുമായും ചൈനയുമായും ബംഗ്ലാദേശിന്റെ അടുപ്പം ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വളരുന്നത് പുതിയ സംഘര്‍ഷ സാഹചര്യത്തില്‍ ഇന്ത്യക്ക് തലവേദനയാകുമെന്നാണ് കരുതുന്നത്.

Bangladesh's growing ties with China and Pakistan amid India tensions raise strategic concerns.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT