പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്ത് രാഷ്ട്രമാണ് ചൈന. പാക്കിസ്ഥാന് സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ ചൈനയുടെ ഭാഗത്തു നിന്ന് എല്ലാക്കാലവും ഉണ്ടായിട്ടുണ്ട്. പാക് മണ്ണിലെ നിരവധി അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ കോടിക്കണക്കിന് നിക്ഷേപമാണ് ബീജിംഗ് നടത്തുന്നത്. എന്നാലിപ്പോഴിതാ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ ചുവടുമാറ്റം.
പാക്കിസ്ഥാന്റെ റെയില്‍വേ നെറ്റ്‌വര്‍ക്കിനെ ആധുനീകവല്‍ക്കരിക്കാനുള്ള പ്രൊജക്ടില്‍ നിന്ന് ചൈന പിന്മാറിയെന്ന വാര്‍ത്തയാണ് വരുന്നത്. കറാച്ചി-റെഹ്രി സെക്ഷന്റെ നവീകരണവുമായി ബന്ധപ്പെട്ട രണ്ടു ബില്യണ്‍ ഡോളര്‍ പദ്ധതിയില്‍ നിന്നാണ് ചൈന യു ടേണ്‍ അടിച്ചത്. ചൈന-പാക്കിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍പ്പെടുത്തി ഈ പ്രാജക്ട് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം.
കടത്തില്‍ മുങ്ങിയ പാക്കിസ്ഥാന്റെ സാമ്പത്തികസ്ഥിതി തന്നെയാണ് ചൈനയെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ശതകോടികള്‍ പാക്കിസ്ഥാനില്‍ നിക്ഷേപിച്ചാല്‍ തിരിച്ചടവ് കൃത്യമായി ലഭിക്കില്ലെന്ന ആശങ്ക ചൈനയ്ക്കുണ്ട്. ഇതാകും പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ചൈനീസ് പിന്മാറ്റത്തോടെ വായ്പയ്ക്കായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിനെ (എഡിബി) സമീപിക്കാന്‍ ഒരുങ്ങുകയാണ് പാക്കിസ്ഥാന്.
ഇന്ത്യയെ വരിഞ്ഞുമുറുക്കുകയെന്ന ലക്ഷ്യവുമായി അയല്‍രാജ്യങ്ങളില്‍ വലിയ തോതില്‍ ചൈന മുതല്‍മുടക്കിയിരുന്നു. ഇതിന്റെ നേട്ടം ഏറ്റവും കൂടുതല്‍ ലഭിച്ചത് പാക്കിസ്ഥാനാണ്. പാക് മണ്ണിലെ അനവധി പദ്ധതികള്‍ക്ക് സാമ്പത്തികസഹായം നല്കിയിരിക്കുന്നത് ചൈനയാണ്. ബലൂചിസ്ഥാന്‍ മേഖലയില്‍ കൂടിയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടെ ചൈനയ്ക്ക് കൈപൊള്ളിയ അവസ്ഥയാണ്.
സ്വന്തം രാജ്യത്ത് സാമ്പത്തികസ്ഥിതി അത്ര മെച്ചമല്ലാത്തതും പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ ചൈനയെ പ്രേരിപ്പിക്കുന്നുണ്ട്. കയറ്റുമതി മേഖല തളര്‍ന്നതിനാല്‍ ചൈന സാമ്പത്തികമായി അത്ര സുഖകരമായ അവസ്ഥയിലല്ല. യു.എസ് താരിഫിനെതിരേ റഷ്യയ്ക്കും ഇന്ത്യയ്ക്കുമൊപ്പം ഒന്നിച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ പാക് മണ്ണിലെ നിക്ഷേപത്തില്‍ നിന്നുള്ള പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine